10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 12 മിനിറ്റ്; വേഗത്തില്‍ മുന്നിലോടി ദുബായ്, ഇഴഞ്ഞ് നീങ്ങി ലണ്ടന്‍

ഗതാഗത മേഖലയില്‍ ആഗോളതലത്തില്‍ വീണ്ടും മുന്‍നിരയിലെത്തി ദുബായ്. അന്താരാഷ്ട്രതലത്തില്‍ ഗതാഗത മേഖലയിലെ നേട്ടങ്ങള്‍ വിലിയിരുത്തുന്ന ടോംടോമിന്റെ വാര്‍ഷികറിപ്പോര്‍ട്ടിലാണ് ഈ നേട്ടം. 56 രാജ്യങ്ങളിലെ 390 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ദുബായ് മുന്നിലെത്തിയത്. ഏറ്റവും തിരക്കേറിയ ദുബായ് റോഡുകളില്‍ 10 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ 12 മിനിറ്റ് മാത്രം മതി. 10 കിലോമീറ്ററിന് പ്രധാന നഗരങ്ങളിലെ ശരാശരി വേഗം 21 മിനിറ്റായിരിക്കെയാണ് ദുബായിയുടെ ഈ നേട്ടം.
ലോസ് ആഞ്ജലിസ്, മോണ്ട്രിയല്, സിഡ്നി, ബര്‍ലിന്‍, റോം, മിലാന് എന്നിവര്‍ക്കൊപ്പമാണ് ദുബായിയുടെ റാങ്ക്. മികച്ച ഗതാഗതത്തില്‍ നെതര്‍ലന്‍ഡ്സിലെ അല്‍മേറെയാണ് മുന്നില്‍. ഇവിടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ എട്ട് മിനിറ്റ് മതി. ഇക്കാര്യത്തില്‍ ഏറ്റവും പിന്നില്‍ ലണ്ടന്‍ നഗരമാണ്. ഇവിടെ 10 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 36 മിനിറ്റ് വേണം. നഗരപ്രദേശങ്ങളില്‍ മണിക്കൂറില്‍ ശരാശരി 59 കി.മീ. വേഗത്തില്‍ സഞ്ചരിച്ചാല്‍ ദുബായില്‍ 10 കിലോമീറ്റര്‍ താണ്ടാന്‍ ഒമ്പത് മിനിറ്റ് മതിയാകുമെന്നും പഠനത്തില്‍ പറയുന്നു.
ഗതാഗതം സുഗമമാക്കുന്നതിനായി നിര്‍മിച്ച മേല്‍പ്പാലങ്ങളും വീതികൂടിയ റോഡുകളും സര്‍വീസ് റോഡുകളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഗതാഗതമേഖലയില്‍ ദുബായിക്ക് ഉയര്‍ന്ന റാങ്ക് സമ്മാനിച്ചതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) ഡയറക്ടര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 12 വരി റോഡ് അടക്കം 18,475 കിലോമീറ്ററാണ് നിലവിലെ റോഡുകളുടെ നീളം.
90 കി.മീ. നീളുന്ന മെട്രോയും 11 കി.മീ സഞ്ചരിക്കുന്ന ട്രാമും ഗതാഗതത്തെ കൂടുതല്‍ സുഗമമാക്കി. ദുബായ് റോഡുകളില്‍ 884 അടിപ്പാതകളും മേല്‍പ്പാലങ്ങളുമുണ്ട്. കാല്‍നട യാത്രക്കാര്‍ക്കുള്ള പാലങ്ങളും അടിപ്പാതകളും 122 എണ്ണമായി വര്‍ധിച്ചു. സൈക്കിള്‍ സവാരിക്കുള്ള റോഡിന്റെ ദൂരം 543 കിലോമീറ്ററായി. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ വികസനം പൊതുഗതാഗത രംഗത്ത് കൊണ്ടുവരാന്‍ ആര്.ടി.എ. ക്ക് കഴിഞ്ഞെന്നും അല്‍ തായര്‍ വിശദീകരിച്ചു.
Content Highlights: Dubai achieve huge development in transport sector, take 12 minutes time for 10 Kilometer travel