ദൃശ്യ'ത്തിലെ ആ ദൃശ്യം ഡ്യൂപ്ലിക്കേറ്റ്, ഇത് രാജീവിന്റെ സ്വന്തം വണ്ടിനമ്പർ

#സ്വന്തം ലേഖകന്‍
രാജീവ് തന്റെ വാഹനത്തിനൊപ്പം.
രാജീവ് തന്റെ വാഹനത്തിനൊപ്പം.

തൊടുപുഴ: 'ദൃശ്യം മൂന്ന്' സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജുകുട്ടി എന്ന നായകകഥാപത്രത്തിന്റെ കാറിന്റെ നമ്പർ കാരണം വലഞ്ഞ് കുഞ്ചിത്തണ്ണിയിലെ ഒരു ഏലം കർഷകൻ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വണ്ടിയുടെ നമ്പർ അനുവാദമില്ലാതെ സിനിമയിൽ ഉപയോഗിച്ചതാണ് വിനയായത്.

തന്റെ വാഹനത്തിന്റെ കെ.എൽ. 69 ഡി 2772 എന്ന നമ്പർ വ്യാജമായി സിനിമയിൽ ഉപയോഗിച്ചു എന്നുകാട്ടി, ഉടമ ഇടുക്കി കുഞ്ചിത്തണ്ണി രണ്ടുമാക്കൽ ആർ.ഡി.രാജീവ് മൂന്നാർ ഡിവൈ.എസ്.പി.ക്ക് പരാതിയും നൽകി. മോഹൻലാൽ, സംവിധായകൻ ജിത്തു ജോസഫ്, നിർമാതാവ് ആന്റണി പെരുമ്പാവൂർ എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി നൽകിയിരിക്കുന്നത്.

താൻ ദൃശ്യം സിനിമയെ അനുകരിച്ച് വണ്ടി നമ്പർ വ്യാജമായി ചമച്ചുവെന്ന് ചിലർ കളിയാക്കുന്നെന്നും രാജീവ് പറയുന്നു. ഈ വാഹന നമ്പർ വരുന്ന സിനിമയിലെ സീനുകൾ നീക്കം ചെയ്യണമെന്നും അതുവരെ സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തണം എന്നുമാണ് ആവശ്യം. സംഭവം മനോവിഷമത്തിന് ഇടയാക്കിയെന്നും പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിലുണ്ട്.

ചിലർ 'ദൃശ്യം രാജീവ്' എന്ന് കളിയാക്കുന്നുണ്ടെന്നും രാജീവ് പറഞ്ഞു. ക്രിമിനൽ കഥാപശ്ചാത്തലമുള്ള സിനിമയായതിനാൽ തനിക്കും ആ രീതിയിൽ ഗൂഢപ്രവർത്തനങ്ങളുണ്ടെന്ന രീതിയിൽ പ്രചാരണം വരുന്നെന്നും പരാതിയിലുണ്ട്.

Content Highlights: Idukki resident RD Rajeev filed a complaint against Mohanlal, Jeethu Joseph, and Antony Perumbavoor., The grievance concerns the unauthorized use of his vehicle registration number KL 69 D 2772 in the movie., The complainant claims the association with a criminal-themed film is causing him social distress and ridicule., Demands include the removal of the scenes, a public apology, and a temporary ban on the film's release until resolved.