വൻചർച്ചയായ മെഴ്‌സിഡീസിന്റെ ടണൽ സ്റ്റണ്ട് ആവർത്തിച്ച് ചൈനീസ് EV; വീഡിയോ വൈറൽ

മെഴ്സിഡസ് ബെൻസിന്റെ 2010-ലെ പ്രശസ്തമായ ടണൽ സ്റ്റണ്ട് ആവർത്തിച്ച് ചൈനീസ് ഇലക്ട്രിക് വാഹന ബ്രാൻഡായ വോയാ (Voyah). കുറഞ്ഞ വിലയിൽ അത്യാധുനിക സൗകര്യങ്ങളും മികച്ച റേഞ്ചും വാഗ്ദാനംചെയ്ത് ചൈനീസ് ഇ.വി നിർമാതാക്കൾ ലോകത്തെ പ്രമുഖ വാഹന ബ്രാൻഡുകൾക്ക് വെല്ലുവിളി ഉയർത്തുന്നതിനിടെ ടണൽ സ്റ്റണ്ടിലൂടെ വാഹന ലോകത്ത് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ് കമ്പനിയുടെ പാഷൻ എസ് വാഹനങ്ങൾ. ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ഡോങ്‌ഫെങ് മോട്ടോർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള പ്രീമിയം ബ്രാൻഡാണ് വോയാ.
പ്രത്യേകം രൂപകൽപ്പന ചെയ്ത ടണലിനുള്ളിലൂടെ തലകീഴായി വാഹനം ഓടിച്ചാണ് വോയാ പാഷൻ എസ് സാഹസിക പ്രകടനം നടത്തിയിട്ടുള്ളത്. ടണലിന്റെ ഭിത്തിയിലൂടെ ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടു. 360 ഡിഗ്രി ബാരൽ റോൾ പൂർത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
ഫോർമുല വൺ ഇതിഹാസം മൈക്കൽ ഷൂമാക്കർ 2010-ൽ മെഴ്സിഡസ് ബെൻസിന്റെ SLS AMG കാർ ഒരു ഭൂഗർഭ ടണലിന്റെ മേൽക്കൂരയിലൂടെ ഓടിച്ച് അഭ്യാസപ്രകടനം നടത്തുന്ന പരസ്യചിത്രം വാഹന ലോകത്ത് വലിയ ചർച്ചയായിരുന്നു. പരസ്യത്തിൽ കാണുന്ന അഭ്യാസ പ്രകടനം യഥാർഥമാണോ അതോ വ്യാജമാണോ എന്നതിനെക്കുറിച്ച് വർഷങ്ങളോളം ചർച്ചകൾ നടന്നിരുന്നു. അതേ വിസ്മയം ഒരു ആധുനിക ഇലക്ട്രിക് വാഹനം (EV) ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചാണ് ഡോങ്ഫെങ് ശ്രദ്ധ നേടിയിട്ടുള്ളത്.
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ കേന്ദ്രത്തിലാണ് അഭ്യാസപ്രകടം നടന്നത്. ഇതിന്റെ 'വൺ-ടേക്ക്' വീഡിയോ കമ്പനി പുറത്തുവിട്ടു. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ടണലിലേക്ക് പ്രവേശിച്ചാണ് വാഹനം ടണൽ സ്റ്റണ്ട് വിജയകരമായി പൂർത്തിയാക്കിയത്. രണ്ടാമത്തെ റാംപിൽ എത്തുന്നതുവരെ വാഹനം തലകീഴായി സുരക്ഷിതമായി സഞ്ചരിച്ചുവെന്നും വേഗം അൽപ്പമൊന്ന് കുറഞ്ഞിരുന്നുവെങ്കിൽ വാഹനം പിടിവിട്ട് താഴെ വീഴുമായിരുന്നുവെന്നും കമ്പനി പറയുന്നു.
Content Highlights: Dongfeng launched the Voyah Passion S all-electric FUV in China, priced between 229,900 and 279,900 yuan., The vehicle's marketing campaign features a gravity-defying 360-degree tunnel stunt reminiscent of a famous 2010 Mercedes-Benz commercial., Powered by Huawei's Harmony Space 5.2 and Qiankun ADS 5.0 platform with options up to 637 hp.