കത്തിക്കയറി ഇന്ധനവില; സര്‍വീസ് നിര്‍ത്തിയും വെട്ടിക്കുറച്ചും പ്രൈവറ്റ് ബസുകള്‍

#ആന്‍സ് ട്രീസ ജോസഫ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോവിഡില്‍നിന്ന് മെല്ലെ കരകയറി വരുന്നതിനിടയില്‍ ദിവസേനയുള്ള ഇന്ധനവില കുതിപ്പ് താങ്ങാനാവാതെ സര്‍വീസുകള്‍ വെട്ടിക്കുറച്ചും അവസാനിപ്പിച്ചും സ്വകാര്യ ബസുകള്‍. ഡീസലിന്റെ വില നാള്‍ക്കുനാള്‍ കൂടിയതോടെയാണ് പല ബസ് ഉടമകളും അധികച്ചെലവ് താങ്ങാന്‍ കഴിയാതെ ബസുകളെ ഷെഡ്ഡില്‍ കയറ്റുന്നത്. നിലവില്‍ എട്ട് മാസത്തിനിടെ പതിനെട്ട് രൂപയാണ് ഡീസലിന് വില വര്‍ധിച്ചത്.

ഇത് ബസുടമകള്‍ക്ക് താങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് കാലത്ത് യാത്രക്കാരുടെ നിരക്ക് പകുതിയിലധികം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായും ഉടമകള്‍ പറയുന്നു. കോവിഡ് പ്രതിസന്ധിയില്‍നിന്ന് ഇതുവരെയും ബസ് ജീവനക്കാര്‍ക്ക് മോചനം ലഭിച്ചിരുന്നില്ല. കോവിഡിനെ തുടര്‍ന്ന് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനം ദിവസേന കുറഞ്ഞുവരികയാണ്. 

ചെലവു കഴിഞ്ഞ് ജീവനക്കാര്‍ക്കുള്ള ശമ്പളം കൂടി കൊടുക്കുന്നതോടെ മിക്ക ഉടമകള്‍ക്കും തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. ഇതിനിടെ ഡീസല്‍ ചാര്‍ജ് കൂടിയതോടെ പലര്‍ക്കും മിച്ചം തുകയില്ലാതെ വരുന്ന സാഹചര്യമാണ്. ഈ അവസ്ഥയിലാണ് ബസുകളുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ ഉടമകള്‍ നിര്‍ബന്ധിതരാകുന്നത്. സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് സബ്‌സിഡി നല്‍കണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം. 

എന്നാല്‍ മാത്രമേ ഈ മേഖല ഇനിയും പിടിച്ചു നില്‍ക്കുകയുള്ളൂ എന്നാണ് ഉടമകള്‍ പറയുന്നത്. ഇത് സര്‍ക്കാരിന് നടപ്പാക്കാന്‍ സാധിക്കുമെന്നും ഉടമകള്‍ പറയുന്നു. അതേപോലെ ബസ് ചാര്‍ജ് വര്‍ധനയെന്ന ആവശ്യ പരിഗണിക്കുകയോ ഇന്‍ഷുറന്‍സ് പ്രീമിയം പകുതിയായി കുറയ്ക്കുകയോ ചെയ്യണമെന്നാണ് ഉടമകളുടെ ആവശ്യം. ഒരു സ്വകാര്യ ബസ് ഒരു ലക്ഷത്തിലധികം രൂപ നികുതി നല്‍കിയാണ് നിരത്തിലോടുന്നത്. 

ഇത്രയും നികുതിയുമടച്ച് ഡീസലുമടിച്ച് ഓടുന്ന വണ്ടിക്ക് യാത്രക്കാരെ ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് മിക്ക സ്ഥലങ്ങളിലും. കൊച്ചി, തൃശ്ശൂര്‍ ജില്ലകളിലെ ചില ബസുകള്‍ സി.എന്‍.ജി.യിലേക്ക് മാറിയിട്ടുണ്ട്, ഡീസലിനെ അപേക്ഷിച്ച് സര്‍വീസ് ലാഭമെന്ന് പറയാമെങ്കിലും ബസിന്റെ സി.എന്‍.ജി.യിലേക്ക് മാറ്റം വരുത്തല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഉടമകള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ല. 

എല്ലാ ജില്ലകളിലും ആവശ്യാനുസരണം സി.എന്‍.ജി. പമ്പുകള്‍ ആരംഭിച്ചാല്‍ കുറച്ചുപേരെങ്കിലും സി.എന്‍.ജി.യിലേക്ക് മാറും. ബസ് ചാര്‍ജ് വര്‍ധന ഈ കാലഘട്ടത്തില്‍ പ്രാവര്‍ത്തികമല്ല. അതിനാല്‍ മറ്റിതര സഹായങ്ങള്‍ സര്‍ക്കാരില്‍നിന്ന് ലഭ്യമാക്കണമെന്നാണ് ഉടമകളുടെ ആവശ്യം.

Content Highlights: Diesel Price Hike; Private Buses Stop Services

Content Highlights: