ഒരു പഠനവും നടത്താതെയാണ് പഴയ വാഹനങ്ങൾ നിരോധിച്ചത്; തുറന്നുപറഞ്ഞ് എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

ഡൽഹിയിൽ 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെ ഉപയോഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുൻപ്, അവയുടെ പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങളോ മലിനീകരണ ഗവേഷണമോ നടത്തിയിട്ടില്ലെന്ന് തുറന്നുപറഞ്ഞ് എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ (സിഎക്യുഎം). അമിത് ഗുപ്ത എന്ന പരിസ്ഥിതി പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് സിഎക്യുഎം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

ഡൽഹി-എൻസിആറിലെ ആയിരക്കണക്കിന് വാഹന ഉടമകളെ നേരിട്ട് ബാധിച്ച പഴയ വാഹനങ്ങൾക്കുള്ള നിരോധനം ഒരു സ്വതന്ത്ര തീരുമാനമല്ല. മറിച്ച്, വർധമാൻ കൗശിക് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ദേശീയ ഹരിത ട്രൈബ്യൂണലും (എൻജിടി), എം.സി. മെഹ്ത വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിൽ സുപ്രീം കോടതിയും മുൻപ് പുറപ്പെടുവിച്ച ജുഡീഷ്യൽ നിർദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ഇത് നടപ്പാക്കിയതെന്നും സിഎക്യുഎം പറയുന്നു.  

ശാസ്ത്രീയമായ ഒരു ഗവേഷണവും നടത്താത്തതിനാൽ, ഈ മറുപടി കേവലം കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങൾ നിരോധിക്കാനുള്ള തീരുമാനത്തെ കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ്. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം പഴക്കത്തെ മാത്രം ആശ്രയിച്ചല്ല, മറിച്ച് അവയുടെ പരിപാലനത്തെയും ഉപയോഗ രീതികളെയും ആശ്രയിച്ചിരിക്കുന്നുവെന്ന് പരിസ്ഥിതി പ്രവർത്തകർ മുൻപ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പുതിയ അനുഭവസിദ്ധമായ ഗവേഷണങ്ങളേക്കാൾ, ജുഡീഷ്യൽ നിർദേശങ്ങൾ പാലിക്കുക എന്നതിലാണ് ഈ നയം വേരൂന്നിയിരിക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ട് കമ്മീഷൻ തൽക്കാലം ഈ വിവരാവകാശ അപേക്ഷ തീർപ്പാക്കിയിരിക്കുകയാണ്.  

കോടതിയിൽ സിഎക്യുഎമ്മിന് തിരിച്ചടിയായേക്കും

2018-ൽ ഉത്തരവിട്ട പഴയ ഡീസൽ, പെട്രോൾ വാഹനങ്ങളുടെ നിരോധനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ അടുത്തിടെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വാഹനങ്ങളുടെ നിരോധനം അശാസ്ത്രീയവും അനുഭവപരമായ അടിസ്ഥാനമില്ലാത്തതുമായിരുന്നു എന്ന് ഇപ്പോൾ സിഎക്യുഎം പരസ്യമായി സമ്മതിച്ചതോടെ ഡൽഹി സർക്കാരിൻ്റെ കേസ് കൂടുതൽ ശക്തമാകും.

ഈ നിരോധനം ഏകപക്ഷീയവും നിയമങ്ങൾ പാലിക്കുന്ന വാഹന ഉടമകളോട് വിവേചനപരവുമാണെന്ന് ഡൽഹി സർക്കാരിന് ഇനി കോടതിയിൽ വാദിക്കാൻ കഴിയും. ഇത്തരമൊരു നയം ന്യായീകരിക്കുന്നതിന് മുൻപ് ഒരു പുതിയ ശാസ്ത്രീയ പഠനം നടത്താൻ ആവശ്യപ്പെടണമെന്ന് സുപ്രീം കോടതിയോട് അഭ്യർഥിക്കാനും സാധ്യതയുണ്ട്. ഇതേ നിരോധനം നടപ്പിലാക്കാനൊരുങ്ങിയിരുന്ന മറ്റ് സംസ്ഥാനങ്ങൾ ഇത് പുനഃപരിശോധിക്കാനും സിഎക്യുഎമ്മിന്റെ പുതിയ വെളിപ്പെടുത്തൽ കാരണമായേക്കും.

Content Highlights: RTI reveals Delhi`s 10/15-year vehicle ban lacks scientific study, based on court orders,