പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല; നിയമം സ്ഥിരപ്പെടുത്തി ഡൽഹി സർക്കാർ

#Auto Desk
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണം കുറയ്ക്കുന്നതിനുള്ള കർശന നടപടികളുമായി ഡൽഹി സർക്കാർ. ഇതിന്റെ ഭാഗമായി ഡൽഹിയിൽ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമം സ്ഥിരപ്പെടുത്തി. ഇത്തരം വാഹനങ്ങൾക്കെതിരേ കർശനമായ നടപടികളും സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ഡൽഹിയിലെ വായു നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമമെന്നാണ് റിപ്പോർട്ട്. വാഹനങ്ങൾ പുറന്തള്ളുന്ന പുക ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഈ പശ്ചാത്തലത്തിലാണ് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം നൽകില്ലെന്ന നിയമം നടപ്പാക്കുന്നത്. മുമ്പ് പല ഘട്ടങ്ങളിലായി ഇത് ഒരു നിർദേശമായി നൽകിയിരുന്നെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്നത് ഇപ്പോഴാണ്.

പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാൻ എത്തുന്ന വാഹനങ്ങളുടെ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസ് ഡിജിറ്റലായി പരിശോധിക്കാനുള്ള സംവിധാനം പമ്പുകളിൽ ഒരുക്കും. സർട്ടിഫിക്കറ്റ് ഇല്ലെങ്കിലോ, കാലാവധി കഴിഞ്ഞതാണെങ്കിലോ, വാഹന ഉടമ പുക പരിശോധന സർട്ടിഫിക്കറ്റ് പുതുക്കുന്നതുവരെ ഇന്ധനം നൽകാതിരിക്കാനുള്ള നിർദേശമാണ് സർക്കാർ തലത്തിൽ പമ്പുടമകൾക്ക് നൽകിയിരിക്കുന്നത്.

വാഹൻ ഡാറ്റാബേസിൽനിന്നുള്ള വിവരങ്ങൾ ഡിജിറ്റലായി പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനാൽ സാധാരണ നിലയിലുള്ള പരിശോധനകളുടെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. കാലപ്പഴക്കം ചെന്നതും വേണ്ടത്ര മെയിന്റനൻസ് ചെയ്യാത്തതുമായി വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഇന്ധനം നിഷേധിക്കുന്ന നടപടിയിലൂടെ പുക പരിശോധന കൃത്യമായി നടത്തി, നിലവാരം ഉറപ്പാക്കാൻ വാഹന ഉടമകൾ തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമിതമായി മലിനീകരണം ഉണ്ടാക്കുന്നതും കാലപ്പഴക്കം ചെന്നതുമായി വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ഈ നിയമം സഹായിക്കും. സ്വകാര്യ കാറുകളും ഇരുചക്ര വാഹനങ്ങളും അടക്കം എല്ലാ വാഹനങ്ങൾക്കും ഈ നിർദേശം ബാധകമാണെന്നും സർക്കാർ അറിയിച്ചു.

Content Highlights: Mandatory digital verification of PUC status at fuel pumps., Applies to all vehicles, including private cars and two-wheelers., Integrated with the Vahan database for real-time checks., Aims to curb vehicular pollution and improve Delhi's air quality., Strict enforcement for expired or missing pollution certificates.