ജീവിക്കാൻ വേണ്ടി ജീവൻ കളയണോ? അപകടകരമായ സ്‌കൂട്ടർ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് എംവിഡി

#Auto Desk
എംവിഡിയുടെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ദൃശ്യത്തില്‍ നിന്ന് | Photo: MVD Kerala
എംവിഡിയുടെ ഫെയ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ ദൃശ്യത്തില്‍ നിന്ന് | Photo: MVD Kerala

കേരളത്തിലെ നിരത്തുകൾ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രവർത്തനങ്ങൾ. കൺമുന്നിൽ കാണുന്ന നിയമലംഘനങ്ങൾക്ക് പിഴയിട്ടും, ചിലതിൽ ഉപദേശിച്ചും ബോധവത്കരണം നടത്തിയുമെല്ലാമാണ് ഈ ലക്ഷ്യത്തിലേക്കുള്ള യാത്ര പുരോഗമിക്കുന്നത്. എന്നാൽ, പിഴയിടണോ വേണ്ടയോ എന്ന് മോട്ടോർ വാഹന ഉദ്യോഗസ്ഥരെ പോലും ചിന്തിപ്പിക്കുന്ന ചില നിയമലംഘനങ്ങളും അവരുടെ കണ്ണിൽ പെടാറുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ എംവിഡി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരാൾ സ്‌കൂട്ടറിൽ പുല്ലിന്റെ വലിയ കെട്ടുമായി പോകുന്നതിന്റെ ദൃശ്യങ്ങളാണ് മോട്ടോർ വാഹന വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. തലയിൽ ഹെൽമറ്റെല്ലാം ധരിച്ചാണ് യാത്രയെങ്കിലും അദ്ദേഹം ഇരിക്കുന്നത്‌ പിന്നിലെ യാത്രക്കാരൻ ഇരിക്കേണ്ട സീറ്റിലാണ്. സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോം മുതൽ മുന്നിലെ സീറ്റിന്റെ മുകളിൽ വരെ വലിയ ഉയരത്തിലാണ് പുല്ല് കെട്ടി വെച്ചിരിക്കുന്നത്. പുല്ലിന്റെ കെട്ടിന് മുകളിലൂടെ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം സ്‌കൂട്ടറിന്റെ ഹാൻഡിലിൽ പിടിച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ തന്നെ അങ്ങേയറ്റം അപകടകരമാണെന്ന് മനസിലാകുന്ന തരത്തിലാണ് ഈ സ്‌കൂട്ടറുകാരന്റെ യാത്ര. ഒരു അത്യാവശ്യ സാഹചര്യം വന്നാൽ സ്‌കൂട്ടർ നിർത്താനോ കാൽ നിലത്ത് കുത്താനോ സാധിക്കില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ജീവിക്കാൻ വേണ്ടിയാണെന്ന് അറിയാം, പക്ഷെ അതിന് ജീവൻ കളയണോ എന്ന കുറിപ്പോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Highlights: MVD shares shocking visuals of a scooter overloaded with grass, questioning safety. See the dangerous journey and MVD`s call for responsible road use.