'മാനസാന്തരപ്പെട്ട് വിഐപികളായി' കേസില്‍പ്പെട്ട് വണ്ടികള്‍ കൂട്ടത്തോടെ സര്‍ക്കാര്‍ വാഹനങ്ങളായി

#സി.ശ്രീകാന്ത്‌
പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഇപ്പോൾ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം, ഇതേ വാഹനം എക്സൈസ് ഓഫീസിൽ മുൻപ് പിടിച്ചിട്ട നിലയിൽ.
പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഇപ്പോൾ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം, ഇതേ വാഹനം എക്സൈസ് ഓഫീസിൽ മുൻപ് പിടിച്ചിട്ട നിലയിൽ.

തിരുവനന്തപുരം: കള്ളവാറ്റും മയക്കുമരുന്നുമൊക്കെയായി വഴിവിട്ട യാത്രകള്‍ നടത്തിയിരുന്ന അവരിപ്പോള്‍ 'മാനസാന്തരപ്പെട്ട്' സര്‍ക്കാര്‍ സര്‍വീസിന്റെ അച്ചടക്കത്തില്‍. ഒരിക്കല്‍ കണ്ണുവെട്ടിച്ച് നിരത്തില്‍ പാഞ്ഞിരുന്നവര്‍, ഇന്ന് വിഐപി ബോര്‍ഡ് വെച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നില്‍ ഗമയോടെ കിടക്കുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ പല വകുപ്പുകള്‍ക്കു കൈമാറുന്നത് എക്‌സൈസ് വകുപ്പ് ഊര്‍ജിതമാക്കിയതോടെ, നൂറുകണക്കിനു വണ്ടികള്‍ക്കാണ് ശാപമോക്ഷം ലഭിക്കുന്നത്; സ്വന്തമായി വാഹനമില്ലാതെ വലയുന്ന വകുപ്പുകള്‍ക്ക് ആശ്വാസവും.

സംസ്ഥാനത്ത് എന്‍ഡിപിസി, അബ്കാരി കേസുകള്‍ വര്‍ധിച്ചതനുസരിച്ച് എക്‌സൈസ് വകുപ്പ് പിടിച്ചെടുക്കുന്ന വാഹനങ്ങളും കൂടിയതോടെയാണ് ഈ ഒഴിവാക്കല്‍നടപടി. മുന്‍പ് വര്‍ഷത്തില്‍ 200 വരെ വാഹനങ്ങള്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പിടിച്ചെടുത്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ മാസത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ വരെ മദ്യം, മയക്കുമരുന്ന് കടത്തലില്‍പ്പെട്ട് എക്‌സൈസിന്റെ കൈയിലെത്തുന്നുണ്ട്. ഇവയില്‍ എക്‌സൈസ് വകുപ്പിന് ആവശ്യമുള്ള വാഹനങ്ങള്‍ എടുത്ത ശേഷം ബാക്കിയാണ് ആവശ്യമനുസരിച്ച് പല വകുപ്പുകള്‍ക്കു കൈമാറുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ 250-ലേറെ വാഹനങ്ങളാണ് ഇത്തരത്തില്‍ വിവിധ വകുപ്പുകള്‍ക്കു ലഭിച്ചത്. വകുപ്പു മേധാവികള്‍ക്കുള്ള ആഡംബര വണ്ടികള്‍ മുതല്‍ മലയോര പഞ്ചായത്തുകള്‍ ഓടിക്കയറുന്ന ജീപ്പുകള്‍ വരെയുണ്ടിതില്‍.

ജയില്‍ വകുപ്പിനാണ് ഏറ്റവുമധികം വാഹനങ്ങള്‍ എക്‌സൈസ് കൈമാറിയിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ വിവിധ മോഡലുകളിലുള്ള 20 വണ്ടികളാണ് ജയിലിനു നല്‍കിയത്. പോലീസ് വകുപ്പിലുമുണ്ട് 'ഭൂതകാലം' ഓര്‍ക്കാനാഗ്രഹിക്കാത്ത തൊണ്ടിവണ്ടികള്‍! ഒരിക്കല്‍ പോലീസിനെ പേടിച്ചുകഴിഞ്ഞിരുന്നവര്‍, പോലീസിന്റെ ബോര്‍ഡ് വെച്ച് നല്ലവരായി പല സ്റ്റേഷന്‍മുറ്റത്തും കിടക്കുന്നുണ്ട്. ഥാര്‍ അടക്കമുള്ള ആഡംബരവാഹനങ്ങളും ഇന്നോവ, ബൊലേനോ തുടങ്ങി ഈ വര്‍ഷം രജിസ്റ്റര്‍ചെയ്ത പുത്തന്‍ വണ്ടികളുമൊക്കെയുണ്ട് പിടിച്ചെടുത്തവയില്‍. ചെറുപ്പക്കാരെയാണ് ഇത്തരം വാഹനങ്ങളില്‍ ലഹരിയുമായി പിടികൂടിയിട്ടുള്ളത്.

പാര്‍ലമെന്ററികാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ബി.യു.ബിവീഷിന്റെ ഔദ്യോഗികവാഹനം, നാടന്‍ വാറ്റുചാരായം കടത്തിയ കേസില്‍ പെട്ട സ്വിഫ്റ്റ് ഡിസയറാണ്. എക്‌സൈസ് സംഘത്തിന്റെ വണ്ടി ഇടിച്ചുതെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കേസിലെ ബൊലോറോയാണ് ഇന്ന് തിരുവനന്തപുരം എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്റെ ഔദ്യോഗികവാഹനം. വാഹനം ആവശ്യമുണ്ടെങ്കില്‍ വകുപ്പ് മേധാവി വഴി ടാക്‌സസ് സെക്രട്ടറിക്ക് അപേക്ഷ കൊടുക്കുക എന്നതാണു നടപടി. അബ്കാരി നിയമപ്രകാരമുള്ള ഡിസ്പോസല്‍ കമ്മിറ്റി ഇതു പരിഗണിക്കും. കോടതി വഴി വിട്ടുകിട്ടിയ വണ്ടികളുടെ പട്ടിക അവര്‍ക്കുമുന്നിലുണ്ടാകും. 

അഞ്ചു വര്‍ഷം വരെ ആര്‍സി കാലയളവുള്ള വണ്ടികള്‍ മാത്രമാണ് ഈ പട്ടികയില്‍ പെടുക. അതില്‍നിന്നു തിരഞ്ഞെടുക്കുന്ന വാഹനം അതത് വകുപ്പ് സ്വന്തം ചെലവില്‍ നന്നാക്കിയെടുക്കണം. അങ്ങനെ 'കുരുത്തക്കേടുകളുടെ' കാലം മറന്ന് ഈ വണ്ടികള്‍ സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ആരെയും പേടിക്കാതെ കടന്നുചെല്ലും. ചിലയിടത്ത് എസ്‌കോര്‍ട്ടുണ്ടാവും. പാര്‍ക്കിങ്ങിന് പ്രത്യേക ഇടമുള്ള ഈ വണ്ടികള്‍ സംസാരിക്കുമായിരുന്നെങ്കില്‍, മംഗലശ്ശേരി നീലകണ്ഠനെപ്പോലെ പറഞ്ഞേനേ: 'പഴയ നീലകണ്ഠനെ ഞാന്‍ മറക്കാന്‍ ശ്രമിക്കുകയാണ്. ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കണ്ട ശേഖരാ...'.

Content Highlights: Confiscated Vehicles Find New Purpose in Kerala Government Service