സിഎൻജിക്ക് ഡീസലിനോളം വില, പൈസ കൊടുത്താലും കിട്ടാനുമില്ല; CNG വാഹനങ്ങൾ എടുക്കുന്നവർ കുറയുന്നു

#Auto Desk
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഒറ്റപ്പാലം: സംസ്ഥാനത്ത് സി.എൻ.ജി. (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) ഇന്ധനമായുള്ള വാഹനങ്ങളുടെ എണ്ണം കുറയുന്നു. 2024 മുതൽ സി.എൻ.ജി. വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹൻ വിഭാഗത്തിന്റെ കണക്കുകൾ. 2024-നെ അപേക്ഷിച്ച് 3,719 വാഹനങ്ങളാണ് 2025-ൽ കുറഞ്ഞത്. 2026-ൽ ആറുമാസം പിന്നിടുമ്പോൾ 5,090 വാഹനങ്ങൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്നാണ് പരിവാഹനിലെ കണക്ക്.

അതേസമയം, 2023-ൽ വൈദ്യുതിമാത്രം ഇന്ധനമാക്കിയുള്ള 75,824 വാഹനങ്ങൾ രജിസ്റ്റർചെയ്തപ്പോൾ 2024-ൽ അത് 83,269 ആയി ഉയർന്നു. 2025-ൽ 1,06,947 വാഹനങ്ങളും രജിസ്റ്റർ ചെയ്യപ്പെട്ടു. 2026-ൽ ഇതുവരെമാത്രം രജിസ്റ്റർചെയ്തത് 70,016 വൈദ്യുത വാഹനങ്ങളാണ്. ഇതിനുപുറമേ വൈദ്യുതിയുൾപ്പെടെ ഉപയോഗിക്കാവുന്ന ഹൈബ്രിഡ് വാഹനങ്ങളും നിരത്തിലിറങ്ങി.

സംസ്ഥാനത്താകെ ഏകദേശം 2,600 പെട്രോൾ പമ്പുകളുണ്ടാകുമെന്നാണ് ഓൾ കേരളാ ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് സംഘടനയുടെ കണക്ക്. ഇതിൽ 250 പമ്പുകളിലാണ് സി.എൻ.ജി. ലഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ കണക്കുപ്രകാരം 2025 ഡിസംബർവരെ 1,389 വൈദ്യുത ചാർജിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്. ഇതിനുപുറമേ സ്വകാര്യസ്ഥാപങ്ങളിൽ സ്ഥാപിച്ച ചാർജിങ് സംവിധാനങ്ങളും സംസ്ഥാനത്തുണ്ട്.

സി.എൻ.ജി.ക്ക് 10 രൂപ കൂടി

കഴിഞ്ഞവർഷം ഒരുകിലോഗ്രാമിന് 85 രൂപയായിരുന്നു സി.എൻ.ജി.യുടെ വില. 2025 ഏപ്രിലിൽ വില 89.90 രൂപയായി ഉയർന്നു. യുദ്ധസാഹചര്യങ്ങളിൽ ഗ്യാസ്‌ക്ഷാമമുൾപ്പെടെ നേരിട്ടതോടെ ഇപ്പോൾ കിലോഗ്രാമിന് 99.50 രൂപ നൽകണം. സി.എൻ.ജി. വാഹനങ്ങളിൽ കൂടുതൽ ഇന്ധനം സൂക്ഷിക്കാനാവില്ല.

ദീർഘദൂര യാത്രകൾക്കാണ് സി.എൻ.ജി. വാഹനം പ്രശ്നമാകുന്നതെന്ന് കോങ്ങാട് സ്വദേശി ടി.എ. മണികണ്ഠൻ പറയുന്നു. 10 കിലോ ടാങ്കുള്ള കാറുകൾക്ക് 180 കിലോമീറ്ററോളമാണ് സഞ്ചരിക്കാനാവുക. എല്ലാ പമ്പിലും സി.എൻ.ജി. ലഭിക്കില്ല. പമ്പുകളിൽ ഇന്ധനംനിറയ്ക്കാൻ നീണ്ട നിരയുണ്ടാകുമെന്നതും പ്രതിസന്ധിയാണ്.

Content Highlights: Significant drop in CNG vehicle registrations in Kerala throughout 2026., Rapid growth in Electric Vehicle (EV) adoption compared to previous years., CNG prices increased to 99.50 per kg due to global market factors., Infrastructure limitations and range anxiety hinder CNG vehicle popularity., Over 1,389 EV charging stations established in Kerala by end of 2025.