ആഡംബരക്കാറിന്റെ ഫാൻസി നമ്പറിന് മുടക്കിയത് ഒൻപതുലക്ഷം

ചങ്ങനാശ്ശേരി: വാഹനത്തിന് ഫാൻസി നമ്പർ സ്വന്തമാക്കാൻ ഒൻപത് ലക്ഷം രൂപ മുടക്കി ഉടമ. ഓൺലൈൻ ലേലത്തിൽ കെ.എൽ. 33 എസ് 9000 എന്ന ഫാൻസി നമ്പരാണ് ഒൻപത് ലക്ഷം രൂപയ്ക്ക് പിടിച്ചത്.
ചങ്ങനാശ്ശേരി വെട്ടുകുഴിയിൽ മനു മാത്യുവാണ് ഉടമ. ഇദ്ദേഹം വിദേശത്ത് ജോലിചെയ്യുകയാണ്.
ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിൽ തിങ്കളാഴ്ചയായിരുന്നു ലേലം. പുതുതായി വാങ്ങിയ ടൊയോട്ട ഫോർച്യൂണർ ലെജൻഡർ എന്ന ആഡംബരവാഹനത്തിനാണ് മനു ഈ നമ്പർ സ്വന്തമാക്കിയത്. ചങ്ങനാശ്ശേരി ജോയിന്റ് ആർ.ടി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫാൻസി നമ്പർ ലേലത്തുകകളിൽ ഒന്നാണിത്.
ടൊയോട്ട ഫോർച്ച്യൂണർ ലെജൻഡർ
ടൊയോട്ട ഫോർച്യൂണറിന്റെ ഉയർന്ന വേരിയന്റായാണ് 'ലെജൻഡർ' വിപണിയിലെത്തിയത്. 2021-ലാണ് ടൊയോട്ട ഫോർച്യൂണർ ലെജൻഡർ ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയത്. പിന്നീട്, പുതിയ 4X4 മാനുവൽ ട്രാൻസ്മിഷൻ വേരിയന്റ് 2025 മാർച്ചിലും, കൂടുതൽ ഇന്ധനക്ഷമത നൽകുന്ന 48V സ്മാർട്ട് മൈൽഡ്-ഹൈബ്രിഡ് പതിപ്പ് (നിയോ ഡ്രൈവ്) 2025 ജൂണിലും കമ്പനി പുറത്തിറക്കി.
204 PS (201 bhp) പവറും മികച്ച ടോർക്കും (ഓട്ടോമാറ്റിക്കിൽ 500 Nm, മാനുവലിൽ 420 Nm) നൽകുന്ന 2.8 ലിറ്റർ (2755 cc) 4-സിലിണ്ടർ ഡീസൽ എഞ്ചിനാണ് ഇതിലുള്ളത്.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ ലഭ്യമാണ്. കൂടാതെ 2 വീൽ ഡ്രൈവ് , 4 വീൽ ഡ്രൈവ് സംവിധാനങ്ങളിലും വാഹനം ലഭ്യമാണ്. പുതിയ നിയോ ഡ്രൈവ് സിസ്റ്റത്തിൽ (48V മൈൽഡ്-ഹൈബ്രിഡ്) സ്റ്റാർട്ടർ-ജനറേറ്ററും ലിഥിയം-അയൺ ബാറ്ററിയും ഉപയോഗിച്ചിട്ടുള്ളതിനാൽ മികച്ച ഇന്ധനക്ഷമതയും കുറഞ്ഞ എഞ്ചിൻ ശബ്ദവും ലഭിക്കുന്നു.
ആസിയാൻ എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് ഇതിന് ലഭിച്ചിട്ടുണ്ട്. 7 എയർബാഗുകൾ, എബിഎസ് (ABS), ഇബിഡി (EBD), ബ്രേക്ക് അസിസ്റ്റുള്ള വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ (VSC), ഹിൽ അസിസ്റ്റ് കൺട്രോൾ, ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങിയ മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഇതിലുണ്ട്.
Content Highlights: An NRI from Changanassery spent a record-breaking ₹9 lakhs in an online RTO auction to secure the premium registration number 'KL 33 S 9000' for his newly purchased Toyota Fortuner Legender.