ലഹരിയില്‍ ഡ്രൈവിങ്ങ് പിഴയില്‍ ഒതുങ്ങില്ല; ഇന്‍ഷുറന്‍സ് പ്രീമിയവും കൂട്ടും, ഡാറ്റാബേസ് തയ്യാര്‍

#ബി. അജിത് രാജ്
Representational Image | Photo: Canva
Representational Image | Photo: Canva

തിരുവനന്തപുരം: ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഒന്നേകാല്‍ലക്ഷം പേര്‍വീതം നിരത്തിലെ ലഹരി ഉപയോഗത്തിനു പിടിക്കപ്പെട്ടിട്ടുണ്ട്. ഇവരുടെ ഡ്രൈവിങ് ലൈസന്‍സ് കുറഞ്ഞത് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

അലക്ഷ്യമായ ഡ്രൈവിങ്, ലഹരി ഉപയോഗം, അതിവേഗം, മൊബൈല്‍ഫോണ്‍ ഉപയോഗം തുടങ്ങി മോശം പ്രവണതകള്‍ ഒഴിവാക്കുന്നതിന് മോട്ടോര്‍വാഹനവകുപ്പ് നടത്തുന്ന പരിശീലനപദ്ധതിയില്‍ പങ്കെടുത്താലേ ലൈസന്‍സ് പുനഃസ്ഥാപിക്കുകയുള്ളൂ. ആളപായം ഉണ്ടാകുന്ന കേസുകളില്‍ കോടതിശിക്ഷ പുറമേയുണ്ടാകും. ആറുമാസം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. ആവര്‍ത്തിച്ചാല്‍ രണ്ടുവര്‍ഷംവരെ തടവും 15,000 രൂപ പിഴയും ലഭിക്കാം.

ഇവര്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ കടുത്ത നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടക്കുകയാണ്. ഇതിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലൈസന്‍സുകളുടെ വിശദാംശങ്ങള്‍ കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള 'സാരഥി' സോഫ്റ്റ്വേറില്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ഇവ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

വാഹനാപകടങ്ങളുടെ വിവരശേഖരണത്തിനുള്ള ഇന്റഗ്രേറ്റഡ് റോഡ് ആക്സിഡന്റ് ഡേറ്റാ ബേസില്‍ (ഐറാഡ്) അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. മുന്‍പ് അതത് സ്റ്റേഷനുകളുടെ എഫ്.ഐ.ആറില്‍മാത്രം ഒതുങ്ങിയിരുന്ന വിവരങ്ങളാണിത്.

ഒരു ലൈസന്‍സ് ഉടമ എത്ര അപകടത്തില്‍പ്പെട്ടുവെന്നും, ശിക്ഷനേരിട്ടുവെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കാനാകും. ഗതാഗതനിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്ന ഇ- ചെല്ലാന്‍ വെബ്സൈറ്റിലും ലൈസന്‍സിന്റെ വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. ലഹരി ഉപയോഗിക്കുന്ന, സ്ഥിരം അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ പട്ടികയും ഉടന്‍ തയ്യാറാകും.

Content Highlights: Central government plans to hike the Insurance premium for drunk driving offenders