ഇന്ധനവില കുറയ്ക്കാൻ കേന്ദ്രത്തിന്റെ നീക്കം; E22, E25, E27, E30 ഇന്ധനങ്ങൾക്ക് എക്‌സൈസ് തീരുവ ഇല്ല

#Auto Desk
പ്രതീകാത്മക ചിത്രം | AI Generated Image
പ്രതീകാത്മക ചിത്രം | AI Generated Image

എഥനോൾ കലർത്തിയ പെട്രോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരത്തിലുള്ള ഇന്ധനത്തിന്റെ സെൻട്രൽ എക്‌സൈസ് തീരുവ ഒഴിവാക്കി കേന്ദ്ര സർക്കാർ. പെട്രോളിൽ 22, 25, 27, 30 വരെ എഥനോൾ കലർന്നിട്ടുള്ള ഇ22, ഇ25, ഇ27, ഇ30 എന്നീ ഇന്ധനങ്ങൾക്കാണ് എക്‌സൈസ് തീരുവ ഒഴിവാക്കി നൽകിയിരിക്കുന്നത്. ഈ ഇന്ധനങ്ങളുടെ നിലവാരം ബ്യൂറോ ഓഫ് ഇന്ത്യൻ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും ഇവ പമ്പുകളിൽ എത്തിത്തുടങ്ങിയിട്ടില്ല.

നിലവിൽ ലഭ്യമായിട്ടുള്ള ഇ20 പെട്രോളിനെ അപേക്ഷിച്ച് ഇ22 മുതൽ ഇ30 വരെയുള്ള ഇന്ധനങ്ങൾക്ക് വില കുറവായിരിക്കുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. എക്‌സൈസ് തീരുവയിൽ ഇളവ് നൽകിയതോടെ ഓയിൽ മാർക്കറ്റിങ് കമ്പനികൾക്കും ഇന്ധന വിതരണക്കാർക്കും ഇത് കൂടുതൽ ലാഭകരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇ20 പെട്രോളിന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ 110 രൂപയ്ക്ക് മുകളിലാണ് നിലവിലെ വില.

പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയുള്ള ഇന്ധനം വളരെ വിജയകരമായിരുന്നുവെന്നാണ് ബ്യൂറോ ഓഫ് ഇന്ത്യൻ ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് അവകാശപ്പെടുന്നത്. കൂടുതൽ അളവിൽ എഥനോൾ കലർത്തിയുള്ള പെട്രോൾ എത്തിക്കുന്നതിലൂടെ മലിനീകരണ മുക്തമായ ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനും ഊർജസംരക്ഷണം ഉറപ്പാക്കാനും അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനും ഒപ്പം കാർഷിക മേഖലയെ ശക്തിപ്പെടുത്താനും സാധിക്കുമെന്നും ബിഐഎസ് പറയുന്നു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കേന്ദ്ര സർക്കാർ ഇ85 ഇന്ധനം അവതരിപ്പിച്ചത്. ഇതിൽ 85 ശതമാനം എഥനോളും 15 ശതമാനം മാത്രം പെട്രോളുമാണ് അടങ്ങിയിരിക്കുന്നത്. ഒരു ലിറ്റർ ഇ85 ഇന്ധനത്തിന് 82.12 രൂപയാണ് വില. അതായത് ഇ20 പെട്രോളിനെക്കാൾ 30 രൂപയോളം കുറവ്. ആദ്യ ഘട്ടത്തിൽ ഡൽഹി, മുംബൈ, പുണെ പോലെയുള്ള പ്രധാന നഗരങ്ങളിൽ ഇ85 ഇന്ധന പമ്പുകൾ സ്ഥാപിക്കുമെന്നും ഈ വർഷം അവസാനത്തോടെ ഇത്തരം 500 പമ്പുകൾ ഒരുക്കുമെന്നുമാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

നിലവിൽ ഇന്ത്യയിൽ എത്തിയിട്ടുള്ള ഇ20 പെട്രോൾ പിന്തുണയ്ക്കുന്ന വാഹനങ്ങളിൽ ഇ85 ഇന്ധനം പോലെ എഥനോൾ ഉയർന്ന അളവിൽ കലർത്തിയിട്ടുള്ള ഇന്ധനം ഉപയോഗിക്കാൻ സാധിക്കില്ല. ഇത്തരം വാഹനങ്ങൾക്ക് എൻജിൻ കാലിബറേഷൻ ഉൾപ്പെടെയുള്ള എൻജീയറിങ്ങുകളിൽ വലിയ മാറ്റം വരുത്തേണ്ടതുണ്ട്. ഇന്ധന സംവിധാനത്തിലും തുരുമ്പിനെ പ്രതിരോധിക്കാനുള്ള സംവിധാനത്തിൽവരെ വലിയ മാറ്റങ്ങൾ അനിവാര്യമാണ്.

Source

Content Highlights: Central government removed excise duty on E22, E25, E27, and E30 ethanol-blended fuels., Higher ethanol blending aims to reduce dependence on crude oil imports., E85 fuel introduced at ₹82.12, significantly cheaper than standard petrol., Engine modifications are required for vehicles to support high-ethanol fuel blends., BIS-certified fuels are expected to lower consumer fuel costs.