പണം കാര്‍ തന്നെ നല്‍കും; കാര്‍ഡും ക്യാഷും ഇല്ലെങ്കിലും പെട്രോളടിക്കാം

പ്രതീകാത്മക ചിത്രം | Photo : Prakash SINGH / AFP
പ്രതീകാത്മക ചിത്രം | Photo : Prakash SINGH / AFP

ഇന്ധനം നിറയ്ക്കുമ്പോള്‍ കാര്‍ സ്വയം പണം നല്‍കുന്ന സംവിധാനമെത്തുന്നു. ഡിജിറ്റല്‍ പേമെന്റിന്റെ പുതിയ സാധ്യതകളാണ് അണിയറയില്‍ ഇതിനായി ഒരുങ്ങുന്നത്. കാര്‍ഡും മൊബൈല്‍ഫോണും കൈവശമില്ലെങ്കിലും 'പേ ബൈ കാര്‍' എന്ന സാങ്കേതികവിദ്യയുപയോഗിച്ച് പെട്രോള്‍ പമ്പില്‍ പണം നല്‍കാനാകും. 

ആമസോണും മാസ്റ്റര്‍കാര്‍ഡും ചേര്‍ന്ന് രൂപംനല്‍കിയ 'ടോണ്‍ ടാഗ് 'എന്ന കമ്പനി ഇതിനുള്ള പരീക്ഷണത്തിലേക്കു കടക്കുകയാണ്. യു.പി.ഐ. അടിസ്ഥാനമാക്കിയാണ് ഇതിനുള്ള സാങ്കേതികവിദ്യ തയ്യാറാക്കുന്നത്. ഇത് കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചായിരിക്കും ഇടപാട് സാധ്യമാക്കുക.

ഭാരത് പെട്രോളിയവുമായി ചേര്‍ന്ന് എം.ജി. ഹെക്ടര്‍ ഇതിന്റെ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരുന്നു. പെട്രോള്‍പമ്പിലെത്തിയാല്‍ കാറിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഇന്ധനം നിറയ്ക്കാനുള്ള ഉപകരണത്തിന്റെ നമ്പര്‍ കാണിക്കും. 

ഫ്യുവല്‍ സ്റ്റേഷനിലെ സ്റ്റാഫിനെ സൗണ്ട് ബോക്‌സ് വഴി കാറിന്റെ സാന്നിധ്യം അറിയിക്കും. എത്രരൂപയുടെ ഇന്ധനമാണ് നിറയ്‌ക്കേണ്ടതെന്ന് കാര്‍ ഓടിക്കുന്നയാള്‍ക്ക് സ്‌ക്രീനില്‍ അടിച്ചുനല്‍കാം. ഇക്കാര്യം സൗണ്ട് ബോക്‌സിലൂടെ പമ്പിലും അറിയിക്കും. കാറിന്റെ ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാനും ഈ സംവിധാനം ഉപയോഗിക്കാനാകും.

Content Highlights: car can pay petrol cash by digital form, car itself can pay the fuel cash without cash or card