ഡിസൈൻ കോപ്പിയടി കേസ്: BYD-യുടെ Ti7 SUV വിൽപ്പനയ്ക്ക് യൂറോപ്യൻ യൂണിയനിൽ താത്കാലിക വിലക്ക്

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
1. ബിവൈഡിയുടെ Ti7 SUV 2. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍.
1. ബിവൈഡിയുടെ Ti7 SUV 2. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഡിഫന്‍ഡര്‍.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡിയുടെ Ti7 SUV വിൽക്കുന്നതിന് താത്കാലിക വിലക്കേർപ്പെടുത്തി ഡച്ച് കോടതി. ടാറ്റാ ഉടമസ്ഥതയിലുള്ള ജഗ്വാർ ലാൻഡ് റോവറിന്റെ (JLR) ഡിഫെൻഡർ വാഹനത്തിന്റെ ഡിസൈൻ ബിവൈഡി കോപ്പിയടിച്ചുവെന്ന കേസിലാണ് നടപടി. ജാഗ്വാർ ലാൻഡ് റോവർ 2018-ൽ രജിസ്റ്റർ ചെയ്ത ഡിസൈനുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഡച്ച് കോടതി കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

നിയമലംഘനം പ്രകടമെന്ന് കോടതി

ഹെഡ് ലൈറ്റുകൾ, ഗ്രിൽ, ബമ്പർ ലേഔട്ട്, ബോണറ്റ്, വിൻഡോകൾ, വീൽ ആർച്ചുകൾ തുടങ്ങിയവയിൽ വ്യത്യാസങ്ങളുണ്ടെങ്കിലും BYD Ti7 ഡിഫെൻഡറിന് സമാനമായ രൂപഭാവം പിന്തുടരുന്നുവെന്ന് ഹേഗ് ഡിസ്ട്രിക്റ്റ് കോടതി വിധിച്ചു. നിയമലംഘന ആരോപണം തള്ളിക്കളയാൻ ആ വ്യത്യാസങ്ങൾ പര്യാപ്തമല്ലെന്നും ജഡ്ജി കണ്ടെത്തി.

നിലവിലെ തലമുറ ഡിഫെൻഡർ 2019-ൽ പുറത്തിറക്കുന്നതിന് മുമ്പുതന്നെ 2018-ൽ ചെയ്ത രജിസ്റ്റർ ചെയ്ത EU ഡിസൈനെ കേന്ദ്രീകരിച്ചാണ് കേസ്. BYD തങ്ങളുടെ ഡിസൈൻ കോപ്പിയടിച്ചു എന്ന്തിനെക്കാൾ ശക്തമായ വാദമുഖമായി JLR ഉന്നയിച്ചത്് ആ മുൻകാല രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളാണ്.

വിലക്ക് എന്തിനൊക്കെ?

യൂറോപ്യൻ യൂണിയനിൽ എവിടെയും Ti7 ഇറക്കുമതി ചെയ്യുന്നതിനോ നിർമ്മിക്കുന്നതിനോ വിൽപ്പനയ്ക്ക് വെക്കുന്നതിനോ വിൽക്കുന്നതിനോ സൂക്ഷിക്കുന്നതിനോ വിതരണം ചെയ്യുന്നതിനോ അല്ലെങ്കിൽ മറ്റേതെങ്കിലും രീതിയിൽ വാണിജ്യ നീക്കങ്ങൾ നടത്തുന്നതിനോ കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വിധി ഒരാഴ്ചയ്ക്കകം പ്രാബല്യത്തിൽ വരും. BYD-യുടെ യൂറോപ്യൻ സബ്സിഡിയറികൾക്ക് ആവശ്യമായ സമയം നൽകുന്നതിനാണ് ഒരാഴ്ചത്തെ സാവകാശം അനുവദിച്ചിട്ടുള്ളത്.

ഉത്തരവ് പാലിക്കാത്തപക്ഷം കടുത്ത പിഴ

കോടതി ഉത്തരവ് പാലിക്കാത്തപക്ഷം കടുത്ത പിഴയും JLR-ന് BYD നൽകേണ്ടിവരും. പ്രതിദിനം 100,000 യൂറോ (ഒരു കോടിയിലധികം ഇന്ത്യൻ രൂപ) അല്ലെങ്കിൽ ഓരോ ലംഘനത്തിനും 25,000 യൂറോ (25 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) എന്ന കണക്കിൽ പരമാവധി 10 മില്യൺ (ഒരു കോടി) യൂറോ വരെ ബിവൈഡിക്ക് പിഴ നൽകേണ്ടിവന്നേക്കാം.

ബിവൈഡിക്ക് വിനയായത് എന്ത്?

കഴിഞ്ഞ വർഷം ചൈനയിൽ BYD പുറത്തിറക്കിയ പ്ലഗ്-ഇൻ ഹൈബ്രിഡ് SUV -യാണ് Ti7. ഇത് അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ നടത്തിയ നീക്കമാണ് ബിവൈഡിക്ക് വിനയായത്. ഡിഫെൻഡറിന്റെ നിരവധി ഡിസൈൻ സവിശേഷതകൾ Ti7-ൽ പ്രതിഫലിക്കുന്നതായി കോടതി കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ കോടതിയുടേത് ഇടക്കാല ഉത്തരവ് മാത്രമാണ്. തർക്കത്തിലെ അന്തിമ തീരുമാനമല്ല. കേസുമായി ബന്ധപ്പെട്ട പ്രധാന നിയമ നടപടികൾ ആരംഭിക്കാൻ ജെഎൽആറിന് ആറ് മാസത്തെ സമയമുണ്ട്. നിയമ നടപടികൾ ഈ സമയപരിധിക്കുള്ളി ആരംഭിച്ചില്ലെങ്കിൽ നിരോധനം നിലനിൽക്കില്ല. ജനുവരിയിൽ കസ്റ്റമർ ഡെലിവറി നിശ്ചയിച്ചിട്ടുള്ള BYDയുടെ യുകെ ലോഞ്ചിനെ ഇടക്കാല ഉത്തരവ് ബാധിക്കുകയുമില്ല.

Content Highlights: A Dutch court barred BYD from selling the Ti7 SUV in the European Union., The ruling states the plug-in hybrid infringes Jaguar Land Rover's registered EU design for the Defender., The preliminary injunction does not affect BYD's planned UK launch., Non-compliance penalties reach up to 100,000 euros per day, capped at 10 million euros.