റോഡില്‍ ശ്വാസം മുട്ടിക്കുന്ന വാഹനങ്ങള്‍; പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് പരിശോധിക്കുന്നു

പ്രതീകാത്മക ചിത്രം | Photo: ANI
പ്രതീകാത്മക ചിത്രം | Photo: ANI

മുംബൈ: ഡീസല്‍, പെട്രോള്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനുള്ള സാധ്യത പരിശോധിക്കാന്‍ ഒരു പാനല്‍ രൂപവത്കരിക്കാന്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. മുംബൈയിലെ റോഡുകള്‍ ശ്വാസംമുട്ടിക്കുന്ന വാഹനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. നഗരത്തിലെ വായുവിന്റെ ഗുണനിലവാരം മോശമാകുന്നതിന് ഇത് പ്രധാനകാരണമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മുംബൈയിലെ റോഡുകളില്‍നിന്ന് ഡീസല്‍, പെട്രോള്‍ അധിഷ്ഠിതവാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കാനും സി.എന്‍.ജി. അല്ലെങ്കില്‍ വൈദ്യുതിയില്‍ മാത്രമോടുന്ന വാഹനങ്ങള്‍ക്ക് അനുമതിനല്‍കാനും കഴിയുമോ എന്ന് പരിശോധിക്കാന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ വിദഗ്ധരുടെ ഒരു സമിതി രൂപവത്കരിക്കാന്‍ ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിനോടുനിര്‍ദേശിച്ചു.

നഗരത്തിലെ വായു ഗുണനിലവാരസൂചിക സംബന്ധിച്ച് 2023-ല്‍ ഹൈക്കോടതി സ്വന്തമായേറ്റെടുത്ത പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സമിതി മൂന്നുമാസത്തിനുള്ളില്‍ പഠനംനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് അറിയിച്ചു. കടുത്തനടപടികളില്ലാതെ മുംബൈയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഭാവിയില്‍ മുംബൈയില്‍ ഇലക്ട്രിക്, സി.എന്‍.ജി. വാഹനങ്ങള്‍മാത്രം അനുവദിക്കാനുള്ള സാധ്യതയും കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി പരിശോധിച്ചിരുന്നു. തീവ്രമായ വായുമലിനീകരണപ്രശ്നം കൈകാര്യംചെയ്യാന്‍ എന്ത് സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് ചോദിച്ച കോടതി, ഇത് ശരിയായി കൈകാര്യംചെയ്തില്ലെങ്കില്‍, നഗരത്തിലുടനീളം മൂടല്‍മഞ്ഞ് പരക്കുകയും ദൃശ്യസാധ്യത കുറയുകയോ ഇല്ലാതിരിക്കുകയോ ചെയ്യുന്നത് തുടരുമെന്ന് അഭിപ്രായപ്പെട്ടു.

ഡീസല്‍ വാഹനങ്ങള്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്നതിലൂടെ ഭാവിയില്‍ നഗരത്തില്‍ ഇലക്ട്രിക് അല്ലെങ്കില്‍ സി.എന്‍.ജി. അധിഷ്ഠിത മോട്ടോര്‍വാഹനങ്ങള്‍ മാത്രം അനുവദിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് അഭിഭാഷകരോടും അധികാരികളോടും ഹൈക്കോടതി ചോദിച്ചിരുന്നു. വായുമലിനീകരണത്തിന്റെ ഭയപ്പെടുത്തുന്ന സാഹചര്യം ബോധ്യപ്പെടുത്തിയുള്ള പൊതുതാത്പര്യ ഹര്‍ജികളും മറ്റുഹര്‍ജികളും പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 

Content Highlights: Bombay High Court considers phasing out petrol and diesel vehicles in Mumbai to combat air pollution