ബ്ലാക് സ്പോട്ടുകൾ സുരക്ഷിതമാക്കണം; ഇനിയും ലഭിക്കാതെ റോഡ് സുരക്ഷാഅതോറിറ്റിയുടെ 3.15 കോടി രൂപ

കൊച്ചി: അപകടങ്ങൾ ഏറെയുണ്ടാകുന്ന ഇടങ്ങളായി കണ്ടെത്തിയ ‘ബ്ലാക് സ്പോട്ടുകൾ’ സുരക്ഷിതമാക്കാൻ സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ 3.15 കോടി രൂപ എവിടെ ? തുക അനുവദിച്ചെന്ന അറിയിപ്പ് നേരത്തേ ലഭിച്ചെങ്കിലും ഫണ്ട് ഇതുവരെ ജില്ലയ്ക്ക് കിട്ടിയില്ല. റോഡപകടങ്ങൾ പതിവായുണ്ടാകുന്ന 39 റോഡുകളെ ബ്ലാക് സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഇവിടങ്ങളിൽ ഉടൻ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കണമെന്ന് സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിക്ക് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാസങ്ങൾക്കു മുൻപ് ഇതിനാവശ്യമായ 3.15 കോടി രൂപ അനുവദിച്ചെന്ന അറിയിപ്പ് ലഭിച്ചു.
'ബ്ലാക് സ്പോട്ട്' പട്ടികയിൽ പെട്ട റോഡുകളിൽ സുരക്ഷാക്രമീകരണം ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയപ്പോഴാണ് അതോറിറ്റിയുടെ കൈയിൽ ഫണ്ടില്ലെന്ന് അറിയിപ്പ് വന്നത്. ഇതോടെ സുരക്ഷയൊരുക്കാൻ ഇറങ്ങിയ വാഹന വകുപ്പും വെട്ടിലായി.
ആദ്യം അനുവദിച്ച തുക എവിടെപ്പോയെന്ന ചോദ്യമാണ് ഉയരുന്നത്. അപകടങ്ങൾ ഒഴിവാക്കാൻ അടിയന്തര റോഡ് അറ്റകുറ്റപ്പണി, ക്യാമറകൾ, ഹമ്പുകൾ, ഡിവൈഡറുകൾ, മുന്നറിയിപ്പു ബോർഡുകൾ തുടങ്ങിയവ സ്ഥാപിക്കുക, സീബ്രാ വരകൾ ക്രമീകരിക്കുക, റോഡിലെ തടസ്സങ്ങൾ നീക്കുക തുടങ്ങിയ കാര്യങ്ങളാണ് മോട്ടോർ വാഹന വകുപ്പ് നടപ്പാക്കാൻ ലക്ഷ്യമിട്ടത്. കൂടാതെ തെരുവുവിളക്കില്ലാത്ത പ്രദേശങ്ങളിൽ വിളക്കുകൾ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നുവെങ്കിലും അതും പ്രഖ്യാപനത്തിൽ ഒതുങ്ങി.
നാറ്റ്പാക്കും മോട്ടോർ വാഹന വകുപ്പും ചേർന്ന് ജില്ലയുടെ വിവിധ റോഡുകളിൽ പഠനം നടത്തിയാണ് ബ്ലാക് സ്പോട്ട് കണ്ടെത്തിയത്. അതുപോലെ സീപോർട്ട്-എയർപോർട്ട് റോഡിലും മുന്നറിയിപ്പ് സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യത്തിലും നടപടിയില്ല. ഈ റോഡിലെ വാഹനാ പകടങ്ങളെക്കുറിച്ച് പോലീസും മോട്ടോർ വാഹന വകുപ്പും പഠിച്ച് സമർപ്പിച്ച പരിഹാര മാർഗങ്ങൾ ഇതുവരെയും നടപ്പാക്കിയിട്ടില്ല. ജില്ലാ ഭരണകൂടത്തിനു നൽകിയ റിപ്പോർട്ട് മൂന്നര വർഷമായി ഫയലിൽ ഉറങ്ങുകയാണ്.
അശാസ്ത്രീയമായ റോഡ് ഘടനയും അമിതവേഗവും കാരണം ചെറുതും വലുതുമായി നിരവധി വാഹനാ പകടങ്ങളാണ് സീപോർട്ട്-എയർപോർട്ട് റോഡിലുണ്ടായിട്ടുള്ളത്. ഇതിൽ 15-ഓളം പേരുടെ ജീവനും നഷ്ടപ്പെട്ടു.
ഒരിക്കൽ സ്‌കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സീപോർട്ട്-എയർപോർട്ട് റോഡിൽ ചിൽഡ്രൻസ് ഹോമിനു സമീപം ഉണ്ടായ അപകടത്തിൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥയായ യുവതിക്ക് ജീവൻ നഷ്ടമായി. ഈ അപകടത്തെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി സീപോർട്ട് റോഡിൽ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. അശാസ്ത്രീയമായ റോഡിന്റെ ഘടനയാണ് അപകടങ്ങൾക്കു കാരണമെന്നു കണ്ടെത്തിയ സംയുക്ത പരിശോധനാ സംഘം സീപോർട്ട്-എയർപോർട്ട് റോഡ് അപകടരഹിതമാക്കാനുള്ള ഏഴ് നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് ജില്ലാ കളക്ടർക്ക് നൽകിയത്.
Content Highlights: Black spots all over the road