ഇന്ത്യയിലെ ഈ നഗരത്തിൽ ഒറ്റ ദിവസം രജിസ്റ്റർ ചെയ്തത് 13,000 ഇലക്ട്രിക് വാഹനങ്ങൾ; കാരണം ഇതാണ്

ഇന്ത്യയുടെ ഇലക്ട്രിക് വാഹന തലസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന നഗരമാണ് ബെംഗളൂരു. ഇലക്ട്രിക് വാഹനങ്ങൾക്ക് അനുകൂലമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും ഇവി നയങ്ങളിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഒരുപടി മുന്നിലുമാണ്. ബെംഗളൂരു നഗരത്തിന് ഇവി ക്യാപിറ്റൽ എന്ന വിശേഷണം ഇണങ്ങുമെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്ന സംഭവമാണ് മാർച്ച് 31-ന് ഈ മഹാനഗരത്തിൽ ഉണ്ടായിരിക്കുന്നത്.
ഒരു ദിവസം മാത്രം 13,000 ഇലക്ട്രിക് വാഹനങ്ങളാണ് ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതായത് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷനിൽ ഒരു ദിവസം കൊണ്ട് ഉണ്ടായത് 400 ശതമാനത്തിന്റെ വർധനവാണ്. ഈ ദിവസം ഇത്രയധികം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ ഒരു പ്രധാന കാരണമുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന നികുതി ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ നിർത്തുകയാണെന്ന പ്രഖ്യാപനമാണ് കാരണങ്ങളിലൊന്ന്.
13,000 വാഹനങ്ങൾ മാർച്ച് 31-ന് രജിസ്റ്റർ ചെയ്തിന് കാരണം നികുതി ഇളവ് അവസാനിക്കുന്നത് ആണെങ്കിൽ, ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ആളുകൾ തിരിയുന്നതിന് ചില ആനുകാലിക സംഭവങ്ങൾ കാരണമാകുന്നുണ്ട്. ഇന്ധനത്തിന്റെ ലഭ്യതയിൽ കുറവുണ്ടായേക്കുമെന്നുള്ള അഭ്യൂഹങ്ങളും പ്രീമിയം ഉൾപ്പെടെയുള്ള പെട്രോളുകളുടെ വില വീണ്ടും ഉയർത്തിയും ഇലക്ട്രിക്കിലേക്ക് ആളുകൾ തിരിയുന്നതിന് മറ്റൊരു കാരണമായി വിലയിരുത്തുന്നുണ്ട്.
ബെംഗളൂരുവിൽ ഉടനീളമുള്ള 11 ആർടി ഓഫീസുകളിലായാണ് മാർച്ച് 31-ന് 13,000 ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. രജിസ്‌ട്രേഷൻ നേടിയതിൽ എല്ലാ വിഭാഗത്തിലേയും ഇലക്ട്രിക് വാഹനങ്ങൾ ഉണ്ടെങ്കിലും മുന്നിൽ ഇരുചക്ര വാഹനങ്ങളായിരുന്നുവെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ ഒരു ദിവസം രജിസ്റ്റർ ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നമ്പറാണിതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2026 ജനുവരി മാസത്തിലെ കണക്ക് അനുസരിച്ച് ബെംഗളൂരുവിൽ ശരാശരി 267 ഇലക്ട്രിക് വാഹനങ്ങളാണ് ഒരു ദിവസം രജിസ്‌ട്രേഷൻ നേടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മാർച്ച് 31-ലെ രജിസ്‌ട്രേഷനിലൂടെ 400 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കാക്കുന്നത്. മുമ്പ് ഇലക്ട്രിക് വാഹനങ്ങൾക്കും റോഡ് നികുതിയിൽ 100 ശതമാനം ഇളവ് നൽകിയിരുന്നുവെങ്കിൽ പുതിയ നിർദേശം അനുസരിച്ച് ഇലക്ട്രിക് കാറുകൾക്ക് റോഡ് നികുതി അടയ്ക്കണം.
Content Highlights: Bengaluru recorded an unprecedented 13,000 EV registrations in a single day., The surge was primarily driven by the expiration of Karnataka's road tax exemptions., EV registrations saw a 400% increase compared to the 2026 daily average of 267 vehicles., Rising fuel prices and supply concerns are accelerating EV adoption across India., Two-wheelers dominated the record-breaking registration figures.