ഇലക്ട്രിക്ക് വാഹനങ്ങൾ സജീവമാകുന്നതോടെ ഇന്ധന ഇറക്കുമതി കുറയും, ഈ സ്ഥാനം ബാറ്ററി സെല്ലുകൾക്കാകും

#Auto Desk
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ | Photo: PTI
ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ചെയര്‍മാന്‍ സജ്ജന്‍ ജിന്‍ഡാല്‍ | Photo: PTI

ഇന്ത്യയിലെ ഗതാഗത മേഖല ഇന്റേണൽ കംബസ്റ്റിയൻ എൻജിൻ (ICE) വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് പൂർണമായും മാറുന്നതോടെ ബാറ്ററി സെല്ലുകൾ പുതിയ ഇന്ധനമായി മാറുമെന്നാണ് ജെഎസ്ഡബ്ല്യു ചെയർമാൻ സജ്ജൻ ജിൻഡാൽ. വൈദ്യുതി വാഹനങ്ങൾ കാര്യക്ഷമമാകുന്നതോടെ രാജ്യത്തിന്റെ ഊർജ സുരക്ഷ കൂടുതൽ കാര്യക്ഷമമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഗതാഗത മേഖലയുടെ പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നുണ്ട്. വൈദ്യുതി വാഹനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ ഇന്ധനങ്ങൾക്കായി വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സാധിക്കും. എന്നാൽ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി സെല്ലുകൾ ഉൾപ്പെടെയുള്ള മറ്റ് അസംസ്‌കൃത വസ്തുക്കൾക്കായി വീണ്ടും മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും സജ്ജൻ ജിൻഡാൽ പറയുന്നു.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി സെല്ലുകളുടെ ഉത്പാദനം വളരെ അനിവാര്യമാണ്. അത് നമുക്ക് തന്നെ വികസിപ്പിക്കാൻ സാധിക്കുമെന്നാണ് ജിൻഡാൽ അവകാശപ്പെടുന്നത്. ജെഎസ്ഡബ്ല്യു ഗ്രൂപ്പിലെ ഒരു വിഭാഗം ബാറ്ററി സെൽ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ്. എന്നാൽ, നിലവിലെ സെൽ സാങ്കേതികവിദ്യയ്ക്ക് ഒരു ബദൽ സംവിധാനം ഒരുക്കാൻ സമയമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലിഥിയം അയേൺ, സോഡിയം അയേൺ തുടങ്ങി വിവിധതരം ബാറ്ററി കെമിസ്ട്രികളെ കുറിച്ച് ജെഎസ്ഡബ്ല്യു ഗ്രൂപ്പ് പഠനം നടത്തുന്നുണ്ട്. ഈ മേഖലയിലെ സാങ്കേതികവിദ്യയിലും ഉത്പാദനത്തിലും ചൈന വലിയ മുന്നേറ്റമാണ് കൈവരിച്ചിരിക്കുന്നത്. സെൽ നിർമാണത്തിന്റെ സാങ്കേതികവിദ്യകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുന്നതിൽ വലിയ പരിമിതികളും നേരിടുന്നുണ്ടെന്നാണ് ജിൻഡാൽ പറയുന്നത്.

ബാറ്ററി സെൽ സാങ്കേതികവിദ്യയിൽ വലിയ രഹസ്യ സ്വഭാവമാണ് ചൈന പുലർത്തുന്നത്. ബാറ്ററി സെല്ലുകൾ എത്ര വേണമെങ്കിലും നൽകാൻ അവർ സന്നദ്ധരാണ്. എന്നാൽ, ഇത് വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ അവർ കൈമാറാൻ ഒരുക്കമല്ല. എന്നാൽ, ഇതിനൊരു പരിഹാരം കാണാൻ ഞങ്ങൾ ഉറച്ച തീരുമാനം എടുത്തിരിക്കുകയാണെന്നാണ് സജ്ജൻ ജിൻഡാൽ ഉറപ്പുനൽകുന്നത്.

Content Highlights: India's transition to EVs will reduce crude oil imports., Battery cells will become the new fuel for the transportation sector., JSW Group is researching lithium-ion and sodium-ion battery chemistries., China dominates battery cell manufacturing technology and maintains strict secrecy.