BS7: സുരക്ഷ കൂടും മലിനീകരണം കുറയും, കൂടുതൽ സമയം വേണമെന്ന് വാഹന നിർമാതാക്കൾ

മുംബൈ: മലിനീകരണവും റോഡപകടങ്ങളും കുറയ്ക്കാൻ ലക്ഷ്യമിട്ട് ബി.എസ്.-7 മാനദണ്ഡങ്ങൾ പൂർണമായി നടപ്പാക്കുന്നതിനു കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി വാഹനനിർമാതാക്കൾ.
ബ്രേക്ക്, ടയർ എന്നിവയുമായി ബന്ധപ്പെട്ട മലിനീകരണ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിന് 2035 വരെ സമയം വേണമെന്ന് വാഹനനിർമാതാക്കളുടെ കൂട്ടായ്മയായ സിയാം കേന്ദ്ര ഗതാഗതമന്ത്രാലയത്തോട് അഭ്യർഥിച്ചു. ഘടകനിർമാണ കമ്പനികൾക്ക് അനുബന്ധ സൗകര്യങ്ങൾ സജ്ജമാക്കുന്നതിന് സമയം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ഒക്ടോബർ 13-നാണ് രാജ്യത്ത് ബി.എസ്.-7 മാനദണ്ഡങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കരട് വിജ്ഞാപനം പുറത്തിറക്കിയത്. കാറുകളിൽ 2031 ഏപ്രിൽമുതൽ ഇതു നടപ്പാക്കാനാണ് തീരുമാനം.
മലിനീകരണവും അപകടങ്ങളും കുറയ്ക്കാനായി ഒട്ടേറെ നിർദേശങ്ങളാണ് കരടിലുൾപ്പെടുത്തിട്ടുള്ളത്. യൂറോ-7 മാനദണ്ഡങ്ങൾക്കു സമാനമാണ് നിർദേശങ്ങൾ. നിലവിലെ നിർദേശപ്രകാരം, വാഹനം ബ്രേക്ക് ചെയ്യുമ്പോഴുണ്ടാകുന്ന മലിനവസ്തുക്കളുടെ അളവ് വൈദ്യുതവാഹനങ്ങൾക്ക് കിലോമീറ്ററിന് മൂന്ന് മില്ലിഗ്രാമായി കുറയ്ക്കണം. മറ്റുവാഹനങ്ങൾക്കിത് കിലോമീറ്ററിന് ഏഴു മില്ലിഗ്രാംവരെയാകാം. അതേസമയം, യൂറോപ്പിലെ നേരേയുള്ള റോഡുകളുമായി താരതമ്യം ചെയ്ത് ഇന്ത്യൻ റോഡുകളിൽ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്നും വാഹന നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു.
റോഡപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാറുകളിൽ, പ്രത്യേകിച്ച് ടാക്സികളിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (എ.ഡി. എ.എസ്.) നിർബന്ധമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2030 ഒക്ടോബർമുതൽ പുറത്തിറങ്ങുന്ന കാറുകളിൽ നൂതനമായ അടിയന്തര ബ്രേക്കിങ് സംവിധാനം (എ.ഇ.ബി.എസ്.) നടപ്പാക്കണം. 2030-ന് മുൻപിറങ്ങി, നിർമാണം തുടർന്നുപോകുന്ന മോഡലുകൾക്ക് ഇതു നടപ്പാക്കാൻ 2032 വരെ സമയം ലഭിക്കും. ട്രക്കുകളിലും ബസുകളിലും 2027 ജനുവരി മുതൽ പുതിയ മോഡലുകളിൽ എ.ഇ.ബി.എസ്. ഉൾപ്പെടുത്തണം.
ഇതിനകം ചില വാഹനങ്ങളിൽ ഇത്തരം എ.ഡി.എ.എസ്. ഉൾപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. നൂറിലധികം ഇലക്ട്രോണിക്സ് സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുള്ളതാണ് എ.ഡി.എ.എസ്. സംവിധാനം. ഇത് അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്തുകയും സുരക്ഷ വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി അടിയന്തര ഘട്ടങ്ങളിൽ ഡ്രൈവർക്ക് മുന്നറിയിപ്പുനൽകുകയോ ഓട്ടമാറ്റിക് രീതിയിൽ ബ്രേക്ക് ചെയ്യുകയോ കൂട്ടിയിടി ഒഴിവാക്കുന്ന രീതിയിൽ വാഹനം തിരിച്ചുവിടുകയോ ചെയ്യാനാകും.
വാഹനങ്ങളിലെ കാഴ്ചമറയുന്ന ഇടങ്ങളിലെ വിവരങ്ങൾ (ബ്ലൈൻഡ് സ്പോട്ട്), ഡ്രൈവർ ഉറങ്ങിപ്പോയാൽ തിരിച്ചറിഞ്ഞുള്ള മുന്നറിയിപ്പ്, വരിതെറ്റിപ്പോയാലുള്ള മുന്നറിയിപ്പ് എന്നിങ്ങനെ ഡ്രൈവർക്ക് അടിയന്തരസന്ദേശങ്ങൾ നൽകുന്ന സംവിധാനങ്ങൾ വാണിജ്യ വാഹനങ്ങളിൽ നടപ്പാക്കേണ്ടതുണ്ട്. കൂടുതൽ സമയം വാഹനമോടിക്കുന്ന വാണിജ്യ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഈ സാങ്കേതികവിദ്യകൾ ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Automakers through SIAM requested extension until 2035 to fully implement BS-7 brake and tyre emission norms., Draft notification proposes BS-7 implementation for cars starting April 2031., Advanced Driver Assistance Systems (ADAS) and AEBS to be mandatory in new cars, trucks, and buses between 2027 and 2032., New safety and pollution regulations aim to significantly reduce road accidents and vehicular pollution in India.