സിംഗൂരിൽ അശോക് ലെയ്ലാൻഡ് ട്രക്ക് നിർമാണശാല വന്നേക്കും, നീക്കം പ്രക്ഷോഭം നടന്ന് 18 വർഷങ്ങൾക്കുശേഷം

പശ്ചിമ ബംഗാളിലെ സിംഗൂരിൽ അശോക് ലെയ്ലാൻഡ് ട്രക്ക് നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചേക്കും. ടാറ്റ നാനോ കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാനിരുന്ന അതേ സ്ഥലത്താവും ലെയ്ലാൻഡ് പ്ലാന്റ് വരികയെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ശക്തമായ പ്രക്ഷോഭത്തെത്തുടർന്ന് 2008-ൽ ടാറ്റ മോട്ടോഴ്സ് സിംഗൂരിൽ നിന്ന് നാനോ കാർ പദ്ധതി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റിയിരുന്നു. 18 വർഷങ്ങൾക്ക് ശേഷമാണ് ലെയ്ലാൻഡ് പ്ലാന്റ് അതേസ്ഥലത്ത് വരുമെന്ന വിവരങ്ങൾ പുറത്തുവരുന്നത്.
പശ്ചിമ ബംഗാളിലെ സിംഗൂരിൽ അശോക് ലെയ്ലാൻഡ് ഒരു ഘനവാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജൂംദാർ അടുത്തിടെ് പ്രഖ്യാപിച്ചിരുന്നു. ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ പുതിയ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നത് സിംഗൂരിൽ ആയിരിക്കുമെന്ന് ലെയ്ലാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 997 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി സംസ്ഥാന സർക്കാർ കർഷകരുമായി ചർച്ച നടത്തിവരികയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞിരുന്നു.
സിംഗൂരിലെ ടാറ്റാ നാനോ ഫാക്ടറിക്കെതിരെ അതിശക്തമായ പ്രക്ഷോഭമാണ് അക്കാലത്ത് സിംഗൂരിൽ നടന്നത്. പ്ലാന്റിനായി അന്നത്തെ പശ്ചിമ ബംഗാൾ സർക്കാർ 2006-ൽ ഏകദേശം 997 ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഈ നടപടി ശക്തമായ കർഷക പ്രക്ഷോഭത്തിന് കാരണമായി. തുടർന്ന് 2008-ൽ ടാറ്റ മോട്ടോഴ്സ് പദ്ധതി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റുകയായിരുന്നു. അന്നുമുതൽ, പശ്ചിമ ബംഗാളിലെ വ്യാവസായിക വത്കരണം സംബന്ധിച്ച ചർച്ചകളിൽ സിംഗൂർ ഒരു പ്രധാന വിഷയമായി ഉയർന്നുവന്നിരുന്നു.
Content Highlights: Ashok Leyland is likely to set up a truck manufacturing unit in Singur., The plant is proposed to come up at the exact site previously allocated for the Tata Nano project., Union Minister of State Sukanta Majumdar announced the upcoming heavy vehicle plant., The development comes 18 years after Tata Motors shifted the Nano project to Gujarat in 2008 following protests.