24 ലക്ഷത്തിന്റെ മഹീന്ദ്ര ബിഇ 6 ഫോർമുല ഇ സ്വന്തമാക്കി അജിത്; മേഡ് ഫോർ ഈച്ച് അദർ എന്ന് ആനന്ദ് മഹീന്ദ്ര

#Auto Desk
അജിത് കുമാർ മഹീന്ദ്ര ബി.ഇ. 6 ഫോർമുല കാറിനൊപ്പം | Photo: www.instagram.com/mahindraelectricsuvs/
അജിത് കുമാർ മഹീന്ദ്ര ബി.ഇ. 6 ഫോർമുല കാറിനൊപ്പം | Photo: www.instagram.com/mahindraelectricsuvs/

അത്യാധുനികമായ പുതിയ മഹീന്ദ്ര ബി.ഇ. 6 ഫോർമുല ഇ (Mahindra BE 6 Formula E) കാർ സ്വന്തമാക്കി തമിഴ് നടനും റേസറുമായ അജിത് കുമാർ. യു.എസ്.-ഇസ്രയേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ദുബായിൽ കുടുങ്ങിയ അജിത് ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ വാഹനം സ്വന്തമാക്കിയത്. മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അജിത് ബി.ഇ. 6 ഫോർമുല ഇ കാർ വാങ്ങിയ വിവരം അറിയിച്ചത്.

വെബ്സൈറ്റ് നൽകുന്ന വിവരമനുസരിച്ച്, ഈ കാറിന്റെ എഫ്.ഇ. 2 (FE2) പതിപ്പിന് 23.69 ലക്ഷം രൂപയും അധിക സൗകര്യങ്ങളുള്ള എഫ്.ഇ. 3 (FE3) പതിപ്പിന് 24.49 ലക്ഷം രൂപയുമാണ് വില. ഫോർമുല ഇ-യിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ എസ്‌യുവിക്ക് മണിക്കൂറിൽ 202 കിലോമീറ്റർ വേഗമുണ്ട്. ടാംഗോ റെഡ് (Tango Red) നിറത്തിലുള്ള വകഭേദമാണ് അജിത് തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളിൽ അജിത് പുതിയ വാഹനത്തിനൊപ്പം നിൽക്കുന്നതും കേക്ക് മുറിക്കുന്നതുമെല്ലാം കാണാം.

'മേഡ് ഫോർ ഈച്ച് അദർ' എന്നാണ് ഈ വാർത്തയോട് പ്രതികരിച്ചുകൊണ്ട് ആനന്ദ് മഹീന്ദ്ര പറഞ്ഞത്. "പഴയ പരസ്യവാചകം പറയാതിരിക്കാനാവുന്നില്ല: 'മേഡ് ഫോർ ഈച്ച് അദർ'. സൂപ്പർസ്റ്റാർ അജിത് കുമാറും മഹീന്ദ്ര ബി.ഇ. 6 ഫോർമുല ഇ എഡിഷനും. അദ്ദേഹത്തെ നേരിൽ കാണാനും അഭിനന്ദനവും നന്ദിയും അറിയിക്കാനും വൈകാതെ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു" -- ആനന്ദ് മഹീന്ദ്ര പറഞ്ഞു.

വാഹനം വാങ്ങുന്നതിന് മുൻപ്, അജിത് ക്ഷേത്രദർശനം നടത്തുന്നതിന്റെ വീഡിയോ ശ്രീ സായിബാബ സംസ്ഥാൻ ട്രസ്റ്റ് ഷിർദിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വന്നിരുന്നു. നടനെ ക്ഷേത്രഭാരവാഹികൾ സ്വീകരിക്കുന്നതും ക്ഷേത്രത്തിനുള്ളിൽ പ്രാർഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

തമിഴ് സിനിമയിലെ അഭിനേതാവ് എന്നതിലുപരി ഒരു പ്രൊഫഷണൽ റേസർ കൂടിയാണ് അജിത്. 2003-ലെ ഫോർമുല ഏഷ്യ ബി.എം.ഡബ്ല്യു ചാമ്പ്യൻഷിപ്പിലും 2010-ലെ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 2002-ൽ ഫോർമുല മാരുതി ഇന്ത്യൻ ചാമ്പ്യൻഷിപ്പിലും അദ്ദേഹം പങ്കെടുത്തിരുന്നു. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025-ൽ 'അജിത് കുമാർ റേസിങ്ങി'ലൂടെ അദ്ദേഹം ട്രാക്കിലേക്ക് തിരിച്ചെത്തി. പോർഷെ 992 ജി.ടി. 3 കപ്പ് വിഭാഗത്തിൽ 24എച്ച് സീരീസിൽ അദ്ദേഹം പങ്കെടുത്തു. 2026-ലെ ലെ മാൻസ് കപ്പിലും അദ്ദേഹം പങ്കെടുക്കും. റേസിങ്ങിൽനിന്ന് ഇടവേള ലഭിക്കുമ്പോൾ മാത്രമേ സിനിമകളിൽ അഭിനയിക്കൂ എന്ന് ഒരു മത്സരത്തിനിടെ അജിത് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'വിടാമുയർച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നിവയാണ് അജിത്തിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രങ്ങൾ. പുതിയ പ്രോജക്റ്റുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അജിത്തിനെ നായകനാക്കി റേസിങ് പശ്ചാത്തലത്തിലുള്ള ചിത്രം ഒരുങ്ങുന്നതായി സംവിധായകൻ എ.എൽ. വിജയ് സ്ഥിരീകരിച്ചിട്ടുണ്ട്.

Content Highlights: Tamil superstar and professional racer Ajith Kumar has purchased the new Mahindra BE 6 Formula E edition, drawing a "Made for Each Other" compliment from Anand Mahindra.