ടൊവിനോയുടെ ഗ്യാരേജിൽ പുതിയ റേഞ്ച് റോവര്‍ എസ്.യു.വി, വില 3.5 കോടി

സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ റേഞ്ച് റോവര്‍ ഓട്ടോ ബയോഗ്രാഫി സ്വന്തമാക്കി നടൻ ടൊവിനോ തോമസ്. 3ലിറ്റർ പെട്രോൾ എൻജിൻ മോഡലാണ് താരം കഴിഞ്ഞദിവസം ഗ്യാരേജിലെത്തിച്ചത്. കൊച്ചിയിലെ ലാന്‍ഡ് റോവര്‍ വിതരണക്കാരായ മുത്തൂറ്റ് ജെ.എല്‍.ആറില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയാണ് അദ്ദേഹം പുതിയ ആഡംബര എസ്.യു.വിയുടെ ഡെലിവറി സ്വീകരിച്ചത്. ഏകദേശം 3.5 കോടി രൂപയാണ് വാഹനത്തിന്റെ വില.
റേഞ്ച് റോവർ സ്പോർട്ടിന്റെ 2023 പതിപ്പ് ഇന്ത്യയില്‍ തന്നെ ആദ്യം സ്വന്തമാക്കിയ ആളായിരുന്നു മലയാളത്തിന്റെ യുവതാരമായ ടൊവിനോ തോമസ്. ഈ വാഹനത്തിന് പിന്നാലെ ബി.എം.ഡബ്ല്യുവിന്റെ എക്‌സ്.എം. എന്ന ഹൈബ്രിഡ് വാഹനവും അദ്ദേഹം ഗ്യാരേജിലെത്തിച്ചിരുന്നു. എക്‌സ്.എം സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ സിനിമതാരം എന്ന ഖ്യാതിയും ഈ വാഹനത്തിനൊപ്പം അദ്ദേഹം സ്വന്തമാക്കി.
അത്യാഡംബരത്തോടൊപ്പം അത്യാധുനിക ഫീച്ചറുകളും റേഞ്ച് റോവര്‍ ഓട്ടോ ബയോഗ്രാഫിയുടെ പ്രത്യേകതയാണ്. 13 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, 24 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന കൂള്‍ഡ്-ഹീറ്റഡ് സംവിധാനമുള്ള മസാജ് സീറ്റുകള്‍, ഓട്ടോമാന്‍ സംവിധാനമുള്ള പിന്‍നിര സീറ്റുകള്‍, പിന്നിലെ യാത്രക്കാര്‍ക്കുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ അകത്തളം അത്യാഡംബരമാക്കുന്നു.
ലാന്‍ഡ് റോവര്‍ സിഗ്‌നേച്ചര്‍ ഗ്രില്ല്, ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ക്രോമിയം പാനല്‍ നല്‍കിയിട്ടുള്ള വലിയ എയര്‍ഡാം, 22 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍, ഏറെ പുതുമയോടെ ഒരുങ്ങിയിട്ടുള്ള റിയര്‍ പ്രൊഫൈല്‍, നേര്‍ത്ത എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് എന്നിവയാണ് എക്സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.
394 ബി.എച്ച്.പി കരുത്തും 550 എൻ.എം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടതോ വെറും 5.9 സെക്കൻഡ് മാത്രം.
Content Highlights: Actor Tovino Thomas owns Range Rover Auto Biography