കാത്തിരുന്ന ലേലം 21ന്; സ്‌കൂട്ടറും ബൈക്കും തുടങ്ങി SUV വരെ, എക്‌സൈസിന്റെ ആദ്യ ലേലം ആലപ്പുഴയില്‍

ആലപ്പുഴ: ആഡംബര എസ്‌യുവി കാര്‍ മുതല്‍ പുതിയ ഇരുചക്രവാഹനങ്ങള്‍ വരെ ലേലംചെയ്യാനൊരുങ്ങി എക്‌സൈസ്. അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ കണ്ടുകെട്ടിയ 84 വാഹനങ്ങളാണ് ലേലംചെയ്യുന്നത്. ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ 21-നു രാവിലെ 11 മുതലാണ് ലേലം. അബ്കാരിക്കേസിലെ 58 വാഹനങ്ങളും എന്‍ഡിപിഎസ് കേസില്‍പ്പെട്ട 26 വാഹനങ്ങളുമാണുള്ളത്. എന്‍ഡിപിഎസ് കേസുകളിലെ വാഹനങ്ങള്‍ സ്വന്തം ആവശ്യത്തിന് എടുക്കാനോ മറ്റു വകുപ്പുകള്‍ക്കു കൈമാറാനോ വ്യവസ്ഥയില്ല. വില്‍പ്പന നടത്തി മുതല്‍ക്കൂട്ടണമെന്നാണ് വ്യവസ്ഥ.
സ്‌കൂട്ടര്‍- 47, ബൈക്ക്- 31, ഓട്ടോ- മൂന്ന്, കാര്‍- ഒന്ന്, എയ്‌സ് -ഒന്ന്, എസ്യുവി -ഒന്ന് എന്നിങ്ങനെയാണ് കണക്ക്. എക്‌സൈസില്‍ ഓണ്‍ലൈന്‍ ലേലമാണ് മുന്‍പ് നടന്നിരുന്നത്. പങ്കെടുക്കുന്നതിന് 10,000 രൂപ കെട്ടിവെക്കണമായിരുന്നു. വാഹനങ്ങള്‍ സ്വന്തമാക്കിയാലും ഇല്ലെങ്കിലും ഈ തുക തിരികെ കിട്ടില്ല. അതിനാല്‍ ഓണ്‍ലൈന്‍ ലേലത്തില്‍ ആളു കുറവായിരുന്നു. അപേക്ഷകര്‍ കുറഞ്ഞതിനാലാണ് നേരിട്ടു ലേലംനടത്താന്‍ തീരുമാനിച്ചത്.
അബ്കാരി, മയക്കുമരുന്ന് കേസുകളില്‍ പിടിച്ച വാഹനങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കുന്നുവെന്ന് മുമ്പുതന്നെ എക്‌സൈസ് അറിയിച്ചിരുന്നു. എന്നാല്‍, വാങ്ങാന്‍ ആളുകള്‍ കുറവായതോടെ വാഹനങ്ങളുടെ ഓണ്‍ലൈന്‍ ലേലത്തിനൊപ്പം പൊതുലേലവും നടത്താന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനുകീഴിലുള്ള മെറ്റല്‍ സ്‌ക്രാപ് ട്രേഡ് കോര്‍പറേഷന്‍ (എംഎസ്ടിസി) വഴി ഇ-ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങളാണ് പൊതുലേലത്തില്‍ വെക്കുന്നത്.
ജനുവരിയിലെ കണക്കുപ്രകാരം അബ്കാരി കേസുകളിലെ 5,115 വാഹനങ്ങളും നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകളിലെ 3,247 വാഹനങ്ങളുമാണ് സംസ്ഥാനത്ത് ഒഴിവാക്കാനുള്ളത്. ഇതില്‍ എംഎസ്ടിസി വഴി രണ്ടുതവണ ലേലംനടത്തിയിട്ടും പോകാത്ത, അബ്കാരിക്കേസുകളിലെ 904 വാഹനങ്ങളും എന്‍ഡിപിഎസ് കേസുകളിലെ 477 വാഹനങ്ങളുമാണ് ആദ്യഘട്ടത്തില്‍ പൊതുലേലത്തില്‍ വെക്കുക. ഓഗസ്റ്റ് 11 മുതല്‍ 21 വരെ ഓരോ ജില്ലയിലും പൊതുലേലം നടത്തും.
കേന്ദ്രസര്‍ക്കാര്‍ വെബ്‌സൈറ്റായ എംഎസ്ടിസി വഴി നടത്തിയിരുന്ന ലേലത്തില്‍ പങ്കെടുക്കണമെങ്കില്‍ രജിസ്ട്രേഷന്‍ ഫീസായി 10,000 രൂപയും ജിഎസ്ടിയും നല്‍കണം. ഇതുമൂലം ലേലത്തില്‍ സാധാരണക്കാര്‍ പങ്കെടുക്കുന്നത് കുറവാണ്. ബ്രോക്കര്‍മാരും ഏജന്റുമാരുമാണ് കൂടുതലും ഇ-ലേലത്തില്‍ പങ്കെടുക്കുന്നത് എന്നതിനാല്‍, വാഹനങ്ങള്‍ക്ക് വിപണിവില ലഭിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. കേസുകളില്‍ പിടിച്ച വാഹനങ്ങളായതിനാല്‍ മറ്റ് ലേലങ്ങളെ അപേക്ഷിച്ച് ആളുകള്‍ പങ്കെടുക്കുന്നതിലും കുറവുണ്ട്.
Content Highlights: 84 vehicles seized in excise and NDPS cases will be auctioned at Alappuzha Excise Division Office