പുതുവർഷം വൈദ്യുത വാഹനങ്ങളുടെ വർഷമാകും; പ്രതീക്ഷിക്കുന്നത് 15ലേറെ മോഡലുകൾ

കൊച്ചി: പുതുവർഷത്തിൽ വാഹനപ്രേമികളെ കാത്തിരിക്കുന്നത് വൈദ്യുത വാഹനങ്ങളുടെ നീണ്ടനിര. 2025-ൽ വൈദ്യുത വാഹനങ്ങളിൽ മാറ്റുരയ്ക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിർമാണ കമ്പനികൾ. മാരുതി സുസുക്കി കൂടി ഇ.വി.യിൽ അംഗത്തിനെത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇ-വിറ്റാരയുമായി മാരുതി കൂടി കളത്തിലിറങ്ങുന്നതോടെ വൈദ്യുത വാഹന വിപണിയിൽ മത്സരം കടുക്കും.
15-20 ഓളം വൈദ്യുത കാർ മോഡലുകളാണ് പുതുവർഷത്തിൽ വിപണിയിലേക്കെത്താൻ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. 2024-ൽ 7-8 ഇ.വി. മോഡലുകൾ പുറത്തിറക്കിയ സ്ഥാനത്താണിത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യൂണ്ടായ്, എം.ജി. മോട്ടോഴ്‌സ് തുടങ്ങി വാഹനവിപണിയിലെ മുൻനിര കമ്പനികളെല്ലാം തന്നെ ഇ.വി. നിര ശക്തമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്.
2025-ൽ മഹീന്ദ്രയിൽനിന്ന് കാത്തിരിക്കുന്ന വൈദ്യുത വാഹനങ്ങൾ എക്‌സ്.യു.വി. 700 ഇ.വി. (എക്‌സ്.ഇ.വി. 7ഇ.), എക്‌സ്.യു.വി. 4എക്‌സ്.ഒ. ഇ.വി. (എക്‌സ്.ഇ.വി. 4ഇ.) എന്നിവയാണ്. ജനുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്‌പോയിൽ എക്‌സ്.യു.വി. 700 ഇ.വി. അവതരിപ്പിച്ചേക്കും. എക്‌സ്.യു.വി. 4എക്‌സ്.ഒ. ഇ.വി. 2025-ന്റെ ആദ്യപാദത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്.
ടാറ്റ മോട്ടോഴ്‌സിൽനിന്ന് മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് അടുത്തവർഷം പ്രതീക്ഷിക്കുന്നത് - ഹാരിയറിന്റെയും സഫാരിയുടെയും ഇലക്ട്രിക് പതിപ്പും സിയറ ഇ.വി.യും. സിയറ ഇ.വി.യും ഹാരിയർ ഇ.വി.യും ജനുവരിയിൽ എത്തിയേക്കും. സഫാരി ഇ.വി. ഫെബ്രുവരിയോടെ അവതരിപ്പിക്കും. പഞ്ച് ഇ.വി.യും കർവ് ഇ.വി. പതിപ്പും അടക്കമുള്ള മോഡലുകൾ 2024-ൽ ടാറ്റ അവതരിപ്പിച്ചിരുന്നു. ഹ്യൂണ്ടായ് ക്രെറ്റ ഇ.വി., കിയ ഇ.വി.5, എം.ജി. സൈബർസ്റ്റർ എന്നിവയാണ് അടുത്തവർഷം പ്രതീക്ഷിക്കുന്ന മറ്റ് ഇ.വി. മോഡലുകൾ. പുതു വൈദ്യുത വാഹനങ്ങളിൽ കൂടുതലും എത്തുക എസ്.യു.വി. വിഭാഗത്തിലാണ്.
Content Highlights: India`s EV market explodes in 2025! Maruti, Tata, Mahindra, and more launch new electric vehicles