പൊളിക്കല്‍ നയത്തില്‍ ആയുസ് ഒടുങ്ങി 15,000 സര്‍ക്കാര്‍ വാഹനങ്ങള്‍; 'ഓടുന്ന' വണ്ടിയില്ലാതെ ഓഫീസുകള്‍

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സര്‍ക്കാരിന്റ വിവിധ വകുപ്പുകളിലായി കാലാവധി കഴിഞ്ഞ് റോഡിലിറക്കാനാവാതെ 15,000 വാഹനങ്ങള്‍. 15 വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദായവയാണിവ. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലടക്കം ഓഫീസ് ആവശ്യത്തിന് വാഹനമില്ലാത്ത സ്ഥിതിയിലാണ്. ഓരോ വകുപ്പിലും കാലാവധി കഴിഞ്ഞ എത്ര വാഹനങ്ങളുണ്ടെന്നറിയാന്‍ മോട്ടോര്‍ വാഹന വകുപ്പ് പഠനവും തുടങ്ങിയിട്ടുണ്ട്. വില നിശ്ചയിക്കാന്‍ കൂടിയാണ് കണക്കെടുപ്പ്. 

നേരത്തേ വില നിശ്ചയിക്കാനുള്ള ചുമതല പൊതുമരാമത്ത് വകുപ്പിലെ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ക്കായിരുന്നു. വകുപ്പുകളില്‍ വാഹനമില്ലാത്ത പ്രതിസന്ധിയുള്ളതിനാല്‍ കണക്കെടുപ്പ് വേഗത്തിലാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്.

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രമൊരുക്കാനുള്ള ദര്‍ഘാസ് നടപടികളും ഉടന്‍ തുടങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ പൊളിക്കല്‍ നയപ്രകാരമാണ് സര്‍ക്കാര്‍ വാഹനങ്ങളുടെ കാലാവധി 15 വര്‍ഷമായി നിജപ്പെടുത്തിയത്. 15 വര്‍ഷം കഴിഞ്ഞാല്‍ ആര്‍.സി. റദ്ദായതായാണ് പരിവാഹന്‍ സംവിധാനത്തില്‍ കാണുക. ഇതോടെയാണ് 2009-ന് മുമ്പ് വാങ്ങിയ വാഹനങ്ങള്‍ നിരത്തിലിറക്കാനാകാത്ത സ്ഥിതിയുണ്ടായത്. ആരോഗ്യ വകുപ്പിലും തദ്ദേശ സ്ഥാപനങ്ങളിലുമാണ് കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കൂടുതലുള്ളത്.

15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളും കെ.എസ്.ആര്‍.ടി.സി. ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ഇവയില്‍ തകരാര്‍ ഇല്ലാത്തവ വീണ്ടും ഉപയോഗിക്കാന്‍ അനുവാദം തേടിയെങ്കിലും നിയമോപദേശം സ്വീകരിച്ച സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിന് പകരമായി 100 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പഴയ വാഹനങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയപ്പോള്‍ ആദ്യഗഡുവായി 50 കോടി രൂപ കേന്ദ്രം കൈമാറിയിരുന്നു. പൊളിക്കല്‍ നയം പൂര്‍ണമായും നടപ്പാക്കിയാല്‍ മാത്രമേ ശേഷിക്കുന്ന തുക കിട്ടുകയുള്ളൂ.

അതേസമയം, സര്‍ക്കാര്‍ വാഹനങ്ങള്‍ കാലാവധി തീരുംമുമ്പ് ലേലം ചെയ്ത് നല്‍കിയാല്‍ ലേലത്തിലെടുക്കുന്നവര്‍ക്ക് 15 വര്‍ഷം കഴിഞ്ഞാലും രജിസ്‌ട്രേഷന്‍ പുതുക്കി ഉപയോഗിക്കാനാകും. സര്‍ക്കാര്‍തലത്തില്‍ നയപരമായ തീരുമാനമെടുത്താലേ അത്തരത്തിലൊരു നടപടി സാധ്യമാകൂവെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഇരുമ്പുവില മാത്രമാണ് 15 വര്‍ഷംകഴിഞ്ഞ വാഹനങ്ങളില്‍നിന്ന് സര്‍ക്കാരിന് ലഭിക്കുക.

എന്നാല്‍, കാലവധിക്കു മുമ്പ് ലേലം ചെയ്താല്‍ വാഹനങ്ങളുടെ ഇനത്തിലുണ്ടാകുന്ന വന്‍നഷ്ടം ഒഴിവാക്കാനാകുമെന്നും അധികൃതര്‍ പറയുന്നു. ഇത് പലപ്പോഴും ചര്‍ച്ചയായി ഉയര്‍ന്നുവന്നിരുന്നെങ്കിലും മലിനീകരണം പരമാവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നയത്തെ സര്‍ക്കാര്‍ തന്നെ എതിര്‍ക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് നടപടികളുണ്ടാവാത്തത്.

Content Highlights: 15000 kerala government vehicle become useless due to central government vehicle scrap policy