ആദ്യമായി സ്വന്തമാക്കിയത് മാരുതി 800; കൈവിട്ടുപോയ ആ കാര്‍ തിരിച്ചെടുക്കാന്‍ സഹായം തേടി സച്ചിന്‍

-
-

സ്വന്തം ഗ്യാരേജില്‍ ആഡംബര വാഹനങ്ങളുടെ വലിയ നിരയുണ്ടെങ്കിലും താന്‍ ആദ്യമായി സ്വന്തമാക്കിയ വാഹനം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസമായ സച്ചില്‍ തെണ്ടുല്‍ക്കര്‍. മാരുതി 800 ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ വാഹനം. ഇത് തിരികെ ലഭിക്കുന്നതിനായി ആരാധകരുടെ സഹായവും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്.

ഇന്‍ ദ സ്‌പോര്‍ട്ട്‌ലൈറ്റ് എന്ന അഭിമുഖ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തന്റെ ആദ്യ വാഹനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. ഞാന്‍ ആദ്യമായി സ്വന്തമാക്കിയ വാഹനം മാരുതി 800 ആയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ വാഹനം എനിക്ക് നഷ്ടപ്പെട്ടു. ആ വാഹനം വീണ്ടും സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു.

ക്രിക്കറ്റിനെ പോലെ തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് സച്ചിന്‍. ബിഎംഡബ്ല്യുവിന്റെ ബ്രാന്റ് അംബാസിഡറായ സച്ചിന്റെ ഗ്യാരേജില്‍ ബിഎംഡബ്ല്യു, ഫെരാരി ഉള്‍പ്പെടെ നിരവധി സൂപ്പര്‍ കാറുകളുടെ നിരതന്നെയുണ്ട്. ബിഎംഡബ്ല്യുവിന്റെ ഐ8 എന്ന മോഡലാണ് അദ്ദേഹത്തിന്റെ ഗ്യാരേജിലെ പ്രധാനപ്പെട്ട പ്രീമിയം വാഹനം.

1989-ലാണ് അദ്ദേഹം മാരുതി 800 സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ആദ്യമായി സ്വന്തമാക്കിയ വാഹനമായതിനാല്‍ തന്റെ ഇഷ്ടവാഹനങ്ങളുടെ പട്ടികയില്‍ മാരുതി 800-നെയും അദ്ദേഹം ചേര്‍ത്തിട്ടുണ്ട്. ബിഎംഡബ്ല്യു ഇ30 ത്രീ സീരീസ് കൂപ്പെ, മെഴ്‌സിഡസ് ബെന്‍സ് സി36 എഎംജി, നിസാന്‍ ജിടി-ആര്‍ തുടങ്ങിയ വാഹനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഗ്യാരേജിലെത്തിയിട്ടുണ്ട്.

Content Highlights: Sachin Tendulkar Looking To Bring Back His First Car  Maruti 800

Content Highlights: