നെഹ്‌റു സഞ്ചരിച്ച മാസ്റ്റർ ഡീലക്‌സ് വരെയുള്ള കളക്ഷൻ; പടക്കുതിരകൾ നിറഞ്ഞ രാജേഷ് അംബാളിന്റെ ഗ്യാരേജ്

#Auto Desk
ജവാഹര്‍ലാല്‍ നെഹ്‌റു സഞ്ചരിച്ച 1939-ലെ ഷെവര്‍ലെ മാസ്റ്റര്‍ ഡീലക്‌സ് കാറുമായി രാജേഷ് അംബാള്‍.
ജവാഹര്‍ലാല്‍ നെഹ്‌റു സഞ്ചരിച്ച 1939-ലെ ഷെവര്‍ലെ മാസ്റ്റര്‍ ഡീലക്‌സ് കാറുമായി രാജേഷ് അംബാള്‍.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കേരളത്തിലെത്തിയപ്പോൾ സഞ്ചരിച്ച കാർ കണ്ടിട്ടുണ്ടോ? 1939-ലെ ഷെവർലെ മാസ്റ്റർ ഡീലക്‌സ് കാർ. കേരളം രൂപവത്കരിക്കുന്നതിനു മുൻപ് പാലക്കാട് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അന്ന് പണി നടന്നുകൊണ്ടിരുന്ന മലമ്പുഴ അണക്കെട്ട് സന്ദർശിക്കാൻ മുഖ്യമന്ത്രി കാമരാജിനൊപ്പം നെഹ്‌റു പാലക്കാട്ടെത്തിയത് ഈ മാസ്റ്റർ ഡീലക്‌സിലാണ്. പൊള്ളാച്ചിയിലെ എൻ.ടി.പി. ട്രാൻസ്‌പോർട്ടേഴ്‌സിന്റേതായിരുന്നു കാർ. ഇന്നത് പാലക്കാട് ചന്ദ്രനഗറിലുള്ള രാജേഷ് അംബാളിന്റെ ഗ്യാരേജിലുള്ള വിന്റേജ് കാർ ശേഖരത്തിലെ രാജാവാണ്.

ഷാരൂഖ് ഖാന്റെ മകൾ സുഹാനഖാൻ 'ദി ആർച്ചിസ്' സിനിമാ ചിത്രീകരണവേളയിൽ ഉപയോഗിച്ചിരുന്ന 1967-ലെ പ്ലിമത്ത് സബർബൻ, ഹൈദരാബാദിൽ പണ്ടുകാലത്ത് വന്യമൃഗവേട്ടയ്ക്ക് ഉപയോഗിച്ചിരുന്ന 1980-ലെ ഷെവർലെ പേർട്ടൻ, 1936-ലെ ഷെവർലെ സ്റ്റാൻഡേർഡ്, 1951-ലെ സ്റ്റുഡി ബേക്കർ ചാമ്പ്യൻ, യു.എസ്. മോഡലായ 1960-ലെ നീളൻ ഷെവർലെ ഇംപാല തുടങ്ങിയ പഴയകാല പടക്കുതിരകളും ശേഖരത്തിലുണ്ട്.

പണ്ട് അച്ഛൻ വിറ്റ 1986 മോഡൽ കോണ്ടസ കാർ കൺമുന്നിലൂടെ മറ്റൊരാൾ ഓടിച്ചുകൊണ്ടുപോയപ്പോൾ തുടങ്ങിയതാണ് പഴയവാഹനങ്ങളോടുള്ള പ്രിയമെന്ന് രാജേഷ് പറയുന്നു. അച്ഛനിൽനിന്ന് അന്ന് കാർ വാങ്ങിയയാൾ വാഹനം പൊളിക്കാനായി പൊള്ളാച്ചിയിലേക്കു കൊണ്ടുപോവുകയാണെന്ന് അറിഞ്ഞു. അന്ന് ഉറക്കം നഷ്ടപ്പെട്ട് പൊള്ളാച്ചിയിലെത്തി ആ കോണ്ടസ കാർ തന്നെ വാങ്ങി. അന്ന് തുടങ്ങിയ വാഹനമോഹം കാറുകളിൽ മാത്രം ഒതുങ്ങിയില്ല. സ്‌കൂട്ടർ, ഓട്ടോറിക്ഷ തുടങ്ങിയവയിലേക്കും ഇന്ത്യയുടെ പലഭാഗങ്ങളിൽനിന്നെത്തുന്ന വിന്റേജ് വാഹനങ്ങളുടെ റീസ്‌റ്റോറേഷനിലേക്കുമെത്തിയെന്ന് രാജേഷ് പറയുന്നു.

1955 കാലത്തെ ഇറ്റാലിയൻ മോഡൽ എൽ.ഡി. ലാംബ്രട്ട സ്‌കൂട്ടറും 1938-ലെ എ.ജെ.എസ്. ബൈക്കുമെല്ലാം ഗ്യാരേജിൽ തിളങ്ങിനിൽപ്പുണ്ട്. വേനൽക്കാലത്ത് ചൂടേറ്റ് വാഹനങ്ങൾക്ക് പ്രശ്‌നങ്ങളുണ്ടാവാതിരിക്കാൻ പ്രത്യേക ഫാനുകളടക്കം സജ്ജീകരിച്ചാണ് തന്റെ 'സുന്ദരിമാരെ' രാജേഷ് അംബാൾ സംരക്ഷിക്കുന്നത്.

വന്നത് ആക്രി; ബ്ലൂപ്രിന്റ് വഴി സുന്ദരി

രണ്ടുവർഷം മുൻപാണ്, ബെംഗളൂരുവിൽനിന്നുള്ള സംഘം സ്റ്റുഡിബേക്കർ ചാമ്പ്യൻ കാർ നന്നാക്കാൻ പറ്റുമോയെന്ന് അന്വേഷിച്ച് രാജേഷ് അംബാളിനടുത്തെത്തിയത്. ആക്രിക്ക് സമാനമായി, തകർന്നുതരിപ്പണമായ നിലയിലായിരുന്നു കാർ. പാർട്‌സുകൾക്കായി വിദേശരാജ്യങ്ങളിലടക്കം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല, നന്നാക്കാനാവില്ലെന്ന് അറിയിച്ചതോടെ പാർട്ടി മടങ്ങി.

പക്ഷേ, എങ്ങനെ കാർ നന്നാക്കാമെന്നായി രാജേഷിന്റെ ചിന്ത. ഓൺലൈനായി കാറിന്റെ മുഴുവൻ മോഡലുകളും തിരഞ്ഞു. പിന്നീട് തന്റെ വർക്ക് ഷോപ്പിലെ ജീവനക്കാരെ ഉപയോഗിച്ച് ബ്ലൂപ്രിന്റ് തയ്യാറാക്കി, ആവശ്യമായ ഭാഗങ്ങൾ സ്വയം നിർമിച്ചുതുടങ്ങി. ഒരുവർഷത്തോളം പ്രയത്‌നം നീണ്ടു. ഒടുവിൽ പെയിന്റടിച്ച് സുന്ദരിയാക്കിയപ്പോൾ, പുത്തൻ സ്റ്റുഡി ബേക്കർ റെഡി. റിസ്‌റ്റോറേഷന് പാർട്ടി വീണ്ടും വന്നുകണ്ടെങ്കിലും ഓടിക്കാൻ ആരുമില്ലെന്നും വാങ്ങുന്ന ആളുകളെ ആരെയെങ്കിലും ബന്ധപ്പെടുത്തിത്തരാമോയെന്നും ചോദിച്ചു. കാറിന്റെ ഭംഗി കണ്ട് ഒടുവിൽ താൻ തന്നെ സ്വന്തമാക്കിയെന്ന് രാജേഷ് പറയുന്നു.

Content Highlights: Features the 1939 Chevrolet Master Deluxe used by Jawaharlal Nehru in Palakkad., Includes rare vehicles like Suhana Khan's 1967 Plymouth Suburban and a 1980 Chevrolet., Showcases meticulous vintage vehicle restoration work by Rajesh Ambal.