സഞ്ചരിക്കുന്ന ചാര്‍ജിങ് സ്‌റ്റേഷന്‍, സൗരോര്‍ജമാണ് പവര്‍, ചെലവ് ഒട്ടുമില്ല; ഇതൊക്കെയാണ് കണ്ടുപിടിത്തം

എവിടെയും കൊണ്ടുപോകാനാകാവുന്ന സൗരോര്‍ജ വാഹന ചാര്‍ജിങ് സ്റ്റേഷനുമായി യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള സംഘം. 55,000-ത്തോളം രൂപ ചിലവിട്ടു നിര്‍മ്മിച്ച മാതൃകാ സ്റ്റേഷനില്‍നിന്ന് ഒരു ദിവസം നാലു മുതല്‍ ആറു വരെ വൈദ്യുതവാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനാകും. കൊച്ചുവേളി വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സി.യു. പവര്‍ ടെക്നോളജീസ് ഉടമ സുജിത് രാജനും സംഘവുമാണ് ചാര്‍ജ്ജിങ് സ്റ്റേഷനു പിന്നില്‍.
'പോര്‍ട്ടബിള്‍ ഓഫ് ഗ്രിഡ് സോളാര്‍ ചാര്‍ജിങ് സ്റ്റേഷന്‍' എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 220 എ.എച്ച്. ശേഷിയുള്ള ബാറ്ററിയും ഒരു കിലോവാട്ടിന്റെ സോളാര്‍ പാനലുകളുമാണുള്ളത്. ചാര്‍ജ് ചെയ്യാനുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ബാറ്ററിയുടെയും സോളാര്‍ പാനലുകളുടെയും ശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം. ഒരു ഇരുചക്രവാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ നാലു മണിക്കൂര്‍ വരെ എടുക്കും.
സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ പ്രതിദിനമുള്ള ചെലവും ഒഴിവാകും. പകല്‍ സൗരോര്‍ജത്തില്‍നിന്നു നേരിട്ട് ചാര്‍ജ്ജ് ചെയ്യാം. രാത്രിയിലേക്കാണ് ബാറ്ററി സ്ഥാപിച്ചിട്ടുള്ളത്. ശംഖുംമുഖം, തൈക്കാട് പോലീസ് മൈതാനം എന്നിവിടങ്ങളിലടക്കം തിരുവനന്തപുരം നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇപ്പോള്‍ മാതൃകാ സ്റ്റേഷന്‍, മാറി മാറി സൗജന്യ ചാര്‍ജിങ്ങിനായി വച്ചിട്ടുണ്ട്.
ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ മാതൃക. വൈദ്യുതിയിലോടുന്ന കാറുകള്‍ക്കനുയോജ്യമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ വികസിപ്പിച്ചുവരികയാണ്. ഇലക്ട്രിക് എന്‍ജിനിയര്‍മാരായ സുജിത് രാജനും ഭാര്യ ദൃശ്യക്കുമാണ് കമ്പനിയുടെ നേതൃത്വം. 15 ജീവനക്കാരുണ്ട്. ശ്രീലങ്കയിലും ദുബായിലുമടക്കം പല രാജ്യങ്ങളിലും ഉത്തരേന്ത്യയിലും സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് സുജിത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഓട്ടോ സ്റ്റാന്‍ഡുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടാണ് പോര്‍ട്ടബിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതെന്ന് സുജിത് പറയുന്നു. സര്‍ക്കാരോ കമ്പനികളോ മുന്‍കൈയെടുത്താല്‍ വൈദ്യുതിയെത്താത്ത ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇതു സ്ഥാപിക്കാനാവും.
സഹായങ്ങള്‍ നല്‍കാനാകും
എടുത്തുമാറ്റാവുന്ന തരത്തിലുള്ള സൗരോര്‍ജ്ജ ചാര്‍ജ്ജിങ് സ്റ്റേഷന്‍ സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിക്കുന്നത്. ഇത്തരം നൂതന സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന പദ്ധതികള്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ നടപ്പാക്കുന്നുണ്ട്. ഇവരും സെന്ററുമായി ബന്ധപ്പെട്ടാല്‍ വേണ്ട സഹായങ്ങള്‍ നല്‍കും.
ഡോ. ആര്‍.ഹരികുമാര്‍, ഡയറക്ടര്‍, എനര്‍ജി മാനേജ്മെന്റ് സെന്റര്‍ കേരള
Content Highlights: portable electric vehicle charging station, movable charging station, electric vehicles, e scooter