മഴക്കാലമാണ്, വാഹനങ്ങളിലെ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ റോഡിലെ വലിയ അപകടങ്ങൾ ഒഴിവാക്കാം

മഴക്കാലത്ത് വാഹനങ്ങൾക്കും വേണം അല്പം പരിചരണങ്ങളും ശ്രദ്ധയും. വാഹനമെടുത്ത് റോഡിലിറങ്ങുംമുൻപ് ദിവസവും അവയുടെ പരിശോധനയ്ക്കും അല്പം സമയം കണ്ടെത്താം. ഇല്ലെങ്കിൽ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാകാം. മോട്ടോർ വാഹനവകുപ്പിന്റെ കണക്കുപ്രകാരം ഏറ്റവുംകൂടുതൽ അപകടംനടക്കുന്നത് മഴക്കാലത്താണ്.
വേഗം കുറയ്ക്കുക
നനഞ്ഞ റോഡിൽ ബ്രേക്ക് കിട്ടാൻ കൂടുതൽ ദൂരമെടുക്കും. അതിനാൽ വേഗംകുറച്ച് മുൻപിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം. അപകടകരമായ മറികടക്കൽ (ഓവർടേക്കിങ്) ഒഴിവാക്കണം.
ടയറുകൾ പരിശോധിക്കാം
റോഡിൽ തെന്നാതിരിക്കാൻ ടയറുകൾക്ക് ഗ്രിപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം. ടയർ മർദം കൃത്യമായി നിലനിർത്തുക.
വൈപ്പറുകളും ലൈറ്റുകളും
വൈപ്പറുകൾ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. പഴയതും തേഞ്ഞതുമായ വൈപ്പർ മാറ്റണം. എതിരേ വരുന്നവർക്ക് വാഹനംകാണാൻ ഹെഡ്ലൈറ്റുകൾ പ്രവർത്തിപ്പിക്കണം. വാഹനം ഓടിക്കുന്ന ആൾക്ക് കൃത്യമായി മുന്നോട്ട് കാണുന്നുണ്ടെന്നും ഉറപ്പാക്കണം
ഹൈഡ്രോപ്ലേയ്നിങ്
വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ വേഗത്തിൽ പോകുമ്പോൾ വാഹനം നിയന്ത്രണംവിട്ട് തെന്നാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ സാവധാനം ആക്സിലറേറ്റർ കുറയ്ക്കണം.
സുരക്ഷാനിർദേശങ്ങൾ
- ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ഉപയോഗിക്കുക
- ആംബുലൻസ്, അഗ്നിരക്ഷാസേന, പോലീസ് തുടങ്ങിയ നമ്പറുകൾ സൂക്ഷിക്കുക
- മഴക്കോട്ട് തുടങ്ങിയവ കരുതുക
- കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കുക
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ടാങ്കിൽ വാഷർ ഫ്ലൂയിഡ് ഉണ്ടെന്ന് ഉറപ്പാക്കുക
- ബ്രേക്ക് പാഡുകൾ പരിശോധിക്കുക
- ബാറ്ററി ടെർമിനലുകൾ പരിശോധിക്കുക
2025-ൽ ജൂൺ-ജൂലായ് മാസങ്ങളിൽ മഴയുമായി ബന്ധപ്പെട്ട് 7000-ത്തോളം വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതിൽ 500-ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 5000-ത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണക്ക്.
വിവരങ്ങൾ/ കെ. അരുൺകുമാർ, ജോയിന്റ് ആർ.ടി.ഒ., കോന്നി
Content Highlights: Reduce speed on wet roads to manage braking distance., Ensure tire grip and proper pressure to prevent hydroplaning., Regular maintenance of wipers, lights, and brake pads is critical., Follow Motor Vehicle Department safety protocols to avoid accidents., Stay updated with weather warnings during the 2026 monsoon season.