മഴക്കാല യാത്രകള്‍ സേഫാകണോ? പെര്‍ഫെക്ട് ആയിരിക്കും വാഹനത്തിലെ ടയര്‍ മുതല്‍ വൈപ്പര്‍ വരെ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ഡ്രൈവിങ്ങില്‍ ഏറ്റവും ശ്രദ്ധവേണ്ട കാലമാണ് മഴക്കാലം. റോഡുകളിലെ വെള്ളക്കെട്ടും നനവുമെല്ലാം വില്ലന്‍മാരാവുന്നത് അപ്പോഴാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാല ഡ്രൈവിങ് ആസ്വാദ്യകരമാക്കാം. 

കാഴ്ചക്കുറവ്, വഴുക്കലുള്ള റോഡുകള്‍, മെക്കാനിക്കല്‍ പ്രശ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ അപകടകരമായ ഡ്രൈവിങ് സാഹചര്യങ്ങളാണ് മഴക്കാലം കാത്തുവെച്ചിരിക്കുന്നത്. ആയതിനാല്‍ ഇതെല്ലാം മനസ്സില്‍ കണ്ട് വാഹനങ്ങളെ പ്രത്യേകം ഒരുക്കണം. മഴക്കാലത്തെ ഡ്രൈവിങ് ഇഷ്ടപ്പെടുന്നവരാണ് നമുക്കിടയില്‍ പലരും. ചില ലളിതമായ പരിശോധനകള്‍ നടത്തുന്നതിലൂടെ നിങ്ങളുടെ വാഹനത്തിന്റെ സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കാനാകും. അവ എന്തെല്ലാമാണെന്ന് നോക്കാം.

ആദ്യം ടയര്‍ പരിശോധിക്കാം. മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിങ്ങിന് കൃത്യമായ ടയര്‍ മെയിന്റനെന്‍സ് പ്രധാനമാണ്. ടയര്‍ മര്‍ദ്ദം പതിവായി പരിശോധിക്കുക. തേയ്മാനം സംഭവിച്ച ടയറുകള്‍ക്ക് നനഞ്ഞ റോഡുകളില്‍ ഗ്രിപ്പ് കിട്ടാന്‍ പാടായിരിക്കും. ഇത് സ്‌കിഡ്ഡിങ് സാധ്യത വര്‍ധിപ്പിക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യും. ചൈനീസ് ടയറുകളെ ആശ്രയിക്കാതെ നല്ല കമ്പനികളുടെ ടയറുകള്‍ വാങ്ങിയിടുന്നതാണ് ഏറ്റവും ഉചിതം.

ടയര്‍ പോലെ തന്നെയാണ് ബ്രേക്കുകളും കാര്യക്ഷമമായി വെക്കുക എന്നത്. ബ്രേക്ക് പാഡുകളും റോട്ടറുകളും നല്ല നിലയിലാണെന്ന് ഉറപ്പാക്കാന്‍ ഒരു മെക്കാനിക്കിനെ കൊണ്ട് തന്നെ പരിശോധിപ്പിക്കാം. ബ്രേക്ക് പിടിക്കുമ്പോള്‍ എന്തെങ്കിലും ശബ്ദങ്ങള്‍ കേട്ടാലും അതൊന്നും കേട്ടില്ലെന്ന് വെക്കരുത്. അടുത്തത് ലൈറ്റുകളുടെ കാര്യമാണ്. ശരിയായി പ്രവര്‍ത്തിക്കുന്ന ലൈറ്റുകള്‍ നിങ്ങളുടെയും റോഡിലെ മറ്റ് ഡ്രൈവര്‍മാരുടെയും സുരക്ഷയ്ക്ക് നിര്‍ണായകമാണ്.എല്ലാ ലൈറ്റുകളും പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. 

ബാറ്ററിക്കും വേണം പ്രത്യേക കെയര്‍. മഴയുള്ള കാലാവസ്ഥ വാഹനത്തിന്റെ ബാറ്ററിയില്‍ അധിക സമ്മര്‍ദ്ദം ചെലുത്തും. ബാറ്ററിക്ക് മതിയായ ചാര്‍ജ് ഉണ്ടെന്നും നല്ല നിലയിലാണെന്നും ഉറപ്പാക്കാന്‍ ബാറ്ററിയുടെ അവസ്ഥയും പരിശോധിക്കേണം. ബാറ്ററി പഴയതോ ചാര്‍ജ് കുറവോ ആണെന്ന് തോന്നിയാല്‍ പ്രതികൂല കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ തകരാറുകള്‍ ഒഴിവാക്കാന്‍ അത് മാറ്റിസ്ഥാപിക്കുന്നത് തന്നെയാവും ഉചിതം. 

എഞ്ചിന്‍ ഓയില്‍, കൂളന്റ്, ബ്രേക്ക് ഫ്‌ളൂയിഡ് എന്നിവ ഉള്‍പ്പെടെ വാഹനത്തിലെ എല്ലാ സുപ്രധാന ദ്രാവകങ്ങളും പരിശോധിക്കേണ്ടതും മഴക്കാലത്തിന് മുന്നോടിയായി ചെയ്യേണ്ട കാര്യമാണ്. വൈപ്പറിന്റെ കാര്യക്ഷമതയും കൂടി പരിശോധിക്കേണ്ടത് അനിവാര്യമാണ്. മഴക്കാലത്ത് മികച്ച പുറംകാഴ്ച നിലനിര്‍ത്തുന്നതിന് ശരിയായ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ അത്യന്താപേക്ഷിതമാണ്. വൈപ്പര്‍ ബ്ലേഡുകളുടെ അവസ്ഥ പരിശോധിക്കുക, കേടുപാടുകള്‍ വന്നിട്ടുണ്ടോയെന്നും നോക്കണം. കൂടാതെ, വിന്‍ഡ്ഷീല്‍ഡ് വാഷര്‍ ഫ്‌ളൂയിഡ് പരിശോധിച്ച് അത് ടോപ്പ് അപ്പ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. 

കാഴ്ച വര്‍ധിപ്പിക്കുന്നതിന് മഴയെ അകറ്റുന്ന ഗുണങ്ങളുള്ള ഒരു വാഷര്‍ ഫ്‌ളൂയിഡ് ഉപയോഗിക്കുന്നതും പരിഗണിക്കാം. ഇതോടൊപ്പം കനത്ത മഴയില്‍ ദൃശ്യപരത മെച്ചപ്പെടുത്താന്‍ നിങ്ങളുടെ ജനാലകളില്‍ വെള്ളം വീണ് കാഴ്ച തടസപ്പെടുത്തുന്നത് ഒഴിവാക്കാനുള്ള ട്രീറ്റ്മെന്റുകള്‍ ചെയ്യുന്നതും നല്ലൊരു തീരുമാനമായിരിക്കും. ഇത്തരം കാര്യങ്ങളെല്ലാം പരിശോധിച്ചാല്‍ മഴക്കാലത്ത് കാറില്‍ ഒരു ആശങ്കയും കൂടാതെ സുഖമായി യാത്രചെയ്യാനാവും.

Content Highlights: Monsoon car care, Driver should ensure the condition of tyre to wiper, vehicle care, car care