ജീവിതം പഞ്ചറാകരുതല്ലോ...! സ്‌കൂട്ടറില്‍ ഓടുന്ന 'പഞ്ചറു കട'യുമായി പീറ്റര്‍

വാഹനം പഞ്ചറായി ആരും വഴിയില്‍ക്കിടക്കരുത്-പീറ്ററിന്റെ ഉദ്യമത്തിന്റെ ലക്ഷ്യമിതാണ്. മറ്റുള്ളവരുടെ വാഹനം പഞ്ചറൊട്ടിച്ചു കൊടുക്കുമ്പോള്‍ തന്റെ ജീവിതം 'പഞ്ചറാകാ'തെ കാക്കാമെന്നുള്ള ഉത്തമവിശ്വാസത്തിലാണ് രാവും പകലും നോക്കാതെയുള്ള ഈ ഓട്ടം.
വണ്ടി പഞ്ചറായാല്‍ പീറ്ററിനെ വിളിക്കാം, അത് രാത്രിയിലാണെങ്കിലും പകലാണെങ്കിലും. കഴിവിന്റെ പരമാവധി നേരത്തേ എത്തി പഞ്ചറൊട്ടിച്ചുനല്‍കി മടങ്ങും. ചിലരുടെ വീടുകളിലെത്തിയും, കൂടുതല്‍പേര്‍ക്ക് വഴിയോരത്തുമാണ് ജോലിചെയ്തു നല്‍കുക. ദൂരം കൂടുതലായാല്‍ യാത്രച്ചെലവ് അധികമായി വാങ്ങും. മിക്കപ്പോഴും ചോദിക്കാതെതന്നെ വാഹന ഉടമ കൂലി നല്‍കുന്നതാണ് പതിവ്.
ഇടുക്കി സ്വദേശിയാണ് 34-കാരനായ പീറ്റര്‍ തങ്കരാജ്. വിവാഹം കഴിഞ്ഞപ്പോഴാണ് പുതുപ്പള്ളിയിലെത്തുന്നത്. ഇപ്പോള്‍ കൊച്ചാലുമ്മൂട്ടില്‍ ഒരു പഞ്ചര്‍കട ആരംഭിച്ചിട്ടുണ്ട്. കടയിലിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം പുറത്തായിരിക്കും ജോലി.
രണ്ടു ദിവസംമുമ്പ് പുലര്‍ച്ചെ രണ്ടരയ്ക്കാണ് പാലായില്‍നിന്ന് വിളിയെത്തുന്നത്. ഉടന്‍ തന്റെ സ്‌കൂട്ടറെടുത്ത് പുറപ്പെട്ടു. ഇരുചക്രവാഹനങ്ങളുടെ ട്യൂബുകള്‍ കൈയില്‍ കരുതും. ഫോര്‍, ത്രീവീലര്‍ ട്യൂബുകള്‍ ആവശ്യപ്പെട്ടാല്‍ വാങ്ങിക്കൊണ്ടുചെല്ലും. ട്യൂബുള്ളതും ട്യൂബ്‌ലെസ് ടയറുമടക്കം നൂറുപൗണ്ട് കാറ്റ് നിറയ്ക്കാവുന്ന ടയറുകളെല്ലാം പഞ്ചറൊട്ടിച്ചു കൊടുക്കും.
മുന്‍ഭാഗത്ത് കാല്‍വെയ്ക്കുന്നിടത്ത് 200 പൗണ്ട് ശേഷിയുള്ള വായുനിറച്ച സിലിന്‍ഡര്‍. ട്യൂബ് ലെസ് ഇരുചക്രവാഹനമാണെങ്കില്‍ 15 എണ്ണംവരെ ഇതുകൊണ്ട് തികയും. പത്ത് വര്‍ഷത്തോളമായി ഈ മേഖലയില്‍. ലോക്ഡൗണ്‍ കാലമാണ് മൊബൈല്‍ യൂണിറ്റെന്ന ആശയത്തിലേക്കെത്തിച്ചത്.
സ്‌കൂട്ടറിന്റെ സീറ്റിനടിയിലെ ഭാഗമാണ് ടൂള്‍കിറ്റ്. പിന്‍ഭാഗത്ത് ഘടിപ്പിച്ച പെട്ടിയില്‍ ട്യൂബുകള്‍. പീറ്ററിന്റെ സ്‌കൂട്ടറിന്റെ മുന്‍-പിന്‍ഭാഗങ്ങളിലെ ബോര്‍ഡില്‍ 'മൊബൈല്‍ പഞ്ചര്‍' എന്ന എഴുത്തും 9526607371 എന്ന മൊബൈല്‍നമ്പറും. മറ്റുള്ളവരുടെ വണ്ടിയോട്ടം നിലയ്ക്കാതിരിക്കാന്‍ കോട്ടയം ജില്ലയിലാകെ ഓടുകയാണ് പീറ്ററിന്റെ വണ്ടി.
Content Highlights: Mobile Puncture Unit, Running Puncture Respire Unit By Peter
Content Highlights: