'ബസ്സിന് പറ്റും.. പക്ഷേ, ജീവിതത്തിന് എങ്ങനെ സഡന്‍ ബ്രേക്കിടും സര്‍'

കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്പളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടുമെന്നാണ് ഗാതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം ചോദിച്ചത്. ഈ വരുമാനം ഉണ്ടാകണമെങ്കില്‍ ശമ്പളം വാങ്ങുന്ന ആളുകള്‍ ബസ് ഓടിക്കേണ്ടേ സര്‍? ജീവനക്കാരുടെയോ മാനേജ്‌മെന്റിന്റെയോ പിടിപ്പുകേട് കൊണ്ടല്ല കെ.എസ്.ആര്‍.ടി.സിയില്‍ ഈ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
മാസാദ്യം ശമ്പളത്തിന്റെ ധൈര്യത്തില്‍ നിരവധി സ്വപ്‌നങ്ങള്‍ നെയ്യുന്നവരുണ്ട്, നിത്യച്ചെലവുകള്‍ തള്ളി നീക്കേണ്ടവരുണ്ട്. സ്വന്തവും പ്രിയപ്പെട്ടവരുടെയും തന്റെ തന്നെ ചികിത്സയും നടത്തേണ്ടവരുണ്ട്. ഇവരില്‍ ഒരാളാണ് ഡ്രൈവറായ അനില്‍ കുമാര്‍. "മകളുടെയും ഭാര്യയുടെയും ചികിത്സ മുടക്കമില്ലാതെ നടക്കണം, പക്ഷെ ഇങ്ങനെ ശമ്പളം മുടങ്ങിയാല്‍ ഞാന്‍ എവിടെ നിന്ന് ഇതിനൊക്കെ പണം കണ്ടെത്തും?" മറുപടിയില്ല ഈ ചോദ്യത്തിന്. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ അനില്‍ കുമാറിന്റെ കുടുംബം മുന്നോട്ടുപോകുന്നത് ഇദ്ദേഹത്തിന്റെ മാത്രം വരുമാനം കൊണ്ടാണ്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളത്തിനായുളള കാത്തിരിപ്പ്തുടരുമ്പോള്‍ രോഗികളും നല്ല പരിചരണംവേണ്ട കുട്ടികളുമുളള കുടുംബത്തിന്റെ അത്താണിയാകുന്ന ജീവനക്കാരുടെ പ്രതിനിധിയാണ് അനില്‍ കുമാര്‍.
കെ.എസ്.ആര്‍.ടി.സിയിലെ സിറ്റി ഡിപ്പോ ഡ്രൈവറായ ഇദ്ദേഹത്തിന്റെ ശമ്പളം വൈകുന്നതോടെ പ്രതിസന്ധിയിലാകുന്നത് കാന്‍സര്‍ രോഗിയായ ഭാര്യയുടെയും ഓട്ടിസം ബാധിച്ച മകളുടെയും ചികിത്സ കൂടിയാണ്. ശമ്പള പ്രതിസന്ധിയില്‍ തൊഴിലാളികളെ കയ്യൊഴിഞ്ഞ ഗതാഗതമന്ത്രിയും എം.ഡിയും ഇതൊക്കെ ഒന്നറിയണം.
സമയത്തിന് ശമ്പളം കിട്ടിയില്ലെങ്കില്‍ ചികിത്സയും വീട്ടുകാര്യങ്ങളും ഒന്നും മുന്നോട്ടുകൊണ്ടുപോകാനാകില്ല. 20-ാം തിയതി ആയാലും ശമ്പളം കിട്ടുന്ന ലക്ഷണമില്ല. അഞ്ചാം തിയതിയെങ്കിലും ശമ്പളം കിട്ടിയില്ലെങ്കില്‍ എല്ലാം താളം തെറ്റും. മകളുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് തന്നെമാസം നല്ലൊരു തുക വേണ്ടി വരും. അതിന്നിടയില്‍ വീട്ടുചെലവും നോക്കണം. ചികിത്സയ്ക്ക് എത്ര തുകയാകും എന്ന് കൃത്യമായി പറയാന്‍ സാധിക്കില്ല. ഓരോ മാസവും അതില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നുണ്ട്. പക്ഷെ ശമ്പളം വൈകുന്നത് കൊണ്ട് പലയിടത്തുനിന്നും കടം വാങ്ങിയാണ് ചികിത്സയും മറ്റ് കാര്യങ്ങളുമൊക്കെ നോക്കുന്നത്- അനില്‍കുമാര്‍ പറയുന്നു.
ഒരുപാട് കാത്തിരുന്നും പ്രാര്‍ഥയ്ക്കുമൊക്കെ ശേഷമാണ് മകള്‍ ജനിക്കുന്നത്. ഇപ്പോള്‍ 19 വയസായി. ജനിച്ച് മൂന്നുമാസമായപ്പോള്‍ മുതല്‍ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. ഇപ്പോള്‍ പൂര്‍ണമായും കിടപ്പിലാണ്. മകളുടെ ചികിത്സയ്ക്ക് വേണ്ടി ഉണ്ടായിരുന്ന സ്ഥലമടക്കം വിറ്റു. ഇപ്പോള്‍ മിക്ക മാസങ്ങളിലും ആശുപത്രിവാസവും ചികിത്സയുമൊക്കെ വേണം. ഇതിനിടെയാണ് ഭാര്യ അനിതയ്ക്ക് കാന്‍സറിന്റെ തുടക്കം ശ്രദ്ധയില്‍ പെട്ടത്. അഞ്ച് വര്‍ഷത്തോളമായി അനിത ചികിത്സയിലാണ്. രണ്ട് മാസം മുമ്പാണ് സര്‍ജറി കഴിഞ്ഞത്. തുടര്‍ ചികിത്സകള്‍ വേണം അനിതയുടെ ചികിത്സയ്ക്ക് തന്നെ ഇപ്പോള്‍ ലക്ഷങ്ങള്‍ ചിലവായി.- അദ്ദേഹം പറഞ്ഞു. 1999 ലാണ് അനില്‍കുമാര്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവറായി ജോലിക്ക് കയറുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയ്ക്കാണ് ശമ്പളം വൈകുന്നതും കിട്ടുമോയെന്ന ആശങ്കയുണ്ടാകുന്നതും.
രണ്ട് മക്കള്‍ കൂടിയുണ്ട് അനിലിനും അനിതയ്ക്കും. പ്രായമായ അമ്മയുമുണ്ട്. ഇവരുടെയെല്ലാം ഏക ആശ്രയമാണ് ഈ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍. ഇനി എത്രനാള്‍ ഇങ്ങനെ തുടരാനാകും. ശമ്പള പ്രതിസന്ധി വരും മാസങ്ങളിലും തുടരുമെന്ന് മാനേജ്മെന്റ് പറയുന്നു. പക്ഷെ സ്വന്തം ദൈന്യതയ്ക്കിടയിലും ജനങ്ങളെ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്തിക്കുന്ന ഇവരേപ്പോലെയുള്ളവരുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തരുത്. മറ്റൊന്നുമല്ലല്ലോ, ജോലി ചെയ്തതിന്റെ കൂലിമാത്രമല്ലെ ഇവര്‍ ചോദിക്കുന്നുളളൂ.
Content Highlights: KSRTC Salary delay; employees are struggling for survival, ksrtc, transport minister