അന്യസംസ്ഥാന വാഹനത്തെ കേരളത്തിലെ വാഹനമാക്കുന്നത് എങ്ങനെ; രജിസ്‌ട്രേഷന്‍ നടപടികള്‍ അറിയാം

പ്രതീകാത്മക ചിത്രം | Photo: Facebook Maketplace
പ്രതീകാത്മക ചിത്രം | Photo: Facebook Maketplace

അന്യസംസ്ഥാനങ്ങളില്‍ കേരളത്തിലേക്ക് വാഹനങ്ങളുടെ കുത്തൊഴുക്കാണ് ഇപ്പോള്‍ കാണുന്നത്. ഡല്‍ഹി പോലെയുള്ള പ്രദേശങ്ങളില്‍ നിന്നാണ്  വാഹനങ്ങളിലെ ഏറിയ പങ്കുമെത്തുന്നത്. 10 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുടെയും 15 വര്‍ഷത്തിലധികം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളുടെയും ഉപയോഗം ഡല്‍ഹിയില്‍ നിരോധിച്ചതിന് പിന്നാലെയാണ് അവിടെ നിന്നും കേരളത്തിലേക്ക് വാഹനങ്ങള്‍ നിരവധി എത്തിത്തുടങ്ങിയത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന വാഹനങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും സ്വീകരിക്കേണ്ട നടപടി ക്രമങ്ങളും വിശദീകരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് താത്കാലികമായി എത്തുന്ന വാഹനങ്ങള്‍ ഇവിടെ ഉപയോഗിക്കാമെങ്കിലും സ്ഥിരമായി ഉപയോഗിക്കണമെങ്കിൽ ചില നടപടികള്‍ പൂര്‍ത്തിയാക്കണം.

ജോലി, ചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം മാസത്തേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് അവരുടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഈ കാലയളവില്‍ കേരളത്തില്‍ ഉപയോഗിക്കുന്നതിന് ചെറിയ നികുതി ഒടുക്കേണ്ടതുണ്ട്. കേരളത്തിലെ ലൈഫ് ടൈം ടാക്‌സിന്റെ 15-ല്‍ ഒരു ഭാഗം നികുതിയായി അടച്ച് ഒരു വര്‍ഷം വരെ കേരളത്തില്‍ അത്തരം വാഹനങ്ങള്‍ ഉപയോഗിക്കാം. ഈ സാഹചര്യങ്ങളില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മാറ്റുകയോ എന്‍ഒസി എടുക്കുകയോ ചെയ്യേണ്ടതില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എന്‍ഒസി നേടി കേരളത്തില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുന്നത്. ഇത്തരത്തില്‍ എന്‍ഒസി എടുത്ത് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് 14 ദിവസത്തിനുള്ളില്‍ കേരളത്തിലെ നികുതി അടക്കുകയും ഒരു മാസത്തിനുള്ളില്‍ ഇവിടെ രജിസ്‌ട്രേഷന്‍ നേടുകയും വേണം. ഒരു മാസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ നേടാന്‍ സാധിച്ചില്ലെങ്കില്‍ മോട്ടോര്‍ സൈക്കിളുകള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 500 രൂപയും ഓരോ മാസവും ലേറ്റ് ഫീസായി ഈടാക്കും.

എന്‍ഒസി എടുത്ത് കേരളത്തിലേക്ക് എത്തുന്ന ഒരു സ്വകാര്യ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വിലയും രജിസ്‌ട്രേഷന്‍ മുതല്‍ എന്‍ഒസി അനുവദിച്ച് തീയതി വരെയുള്ള കാലാവധിയും പരിഗണിച്ചാണ് കേരളത്തിലെ റോഡ് നികുതി കണക്കാക്കുന്നത്. അതായത് 2018-ല്‍ അന്യസംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയും 2025-ല്‍ എന്‍ഒസി എടുക്കുകയും ചെയ്ത 12 ലക്ഷം രൂപ വിലയുള്ള ഒരു വാഹനത്തിന് കേരളത്തില്‍ അടയ്‌ക്കേണ്ടത് ഒമ്പത് വര്‍ഷത്തെ നികുതിയാണ്.

വാഹനം ആദ്യം രജിസ്റ്റര്‍ ചെയ്ത ആര്‍ടി ഓഫീസില്‍ 15 വര്‍ഷത്തെ നികുതി അടച്ചിട്ടുള്ളതിനാല്‍ തന്നെ ആറ് വര്‍ഷത്തിന് ശേഷമുള്ള ഒമ്പത് വര്‍ഷത്തെ നികുതി തുക അതേ ആര്‍ടി ഓഫീസ് മുഖേന തിരിച്ചും ലഭിക്കും. 15 വര്‍ഷം കഴിഞ്ഞ ഒരു വാഹനമാണ് അന്യസംസ്ഥാനത്ത് നിന്ന് എന്‍ഒസി എടുത്ത് വരുന്നതെങ്കില്‍ നമ്മുടെ നാട്ടിലെ അഞ്ച് വര്‍ഷത്തെ നികുതിയാണ് അടയ്‌ക്കേണ്ടത്. ഇത്തരം വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എന്‍ഒസി സ്ലിപ്പ്, ഫോം 27,28,29,30, വിലാസം മാറ്റണമെങ്കില്‍ ഫോം 29,30 എന്നിവയ്ക്ക് പകരം ഫോം 33, ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ്, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ഇന്‍വോയിസ്, എന്‍സിആര്‍ബി പ്രിന്റൗട്ട്, 200 രൂപയുടെ മുദ്രപത്രത്തിലെ സത്യവാങ്മൂലം എന്നീ രേഖകള്‍ ഹാജരാക്കുകയും ഉടമ നേരിട്ട് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകുകയും വേണം.

ഇതിനുശേഷം വാഹനം പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമായിരിക്കും കേരളത്തിലെ നമ്പര്‍ അനുവദിക്കുന്നത്. എന്നാല്‍, 2019-ന് ശേഷമുള്ള വാഹനമാണ് ഇത്തരത്തില്‍ കേരളത്തിലേക്ക് വരുന്നതെങ്കില്‍ ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിര്‍ബന്ധമാണ്. ഇവിടുത്തെ നമ്പര്‍ ലഭിച്ച ശേഷം പ്രസ്തുത വാഹനത്തിന്റെ ഷോറൂമുമായി ബന്ധപ്പെട്ടാല്‍ പുതിയ നമ്പറും ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റില്‍ പതിച്ച് നല്‍കും. ഫാന്‍സി നമ്പറാണ് സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നമ്പര്‍ ലേലത്തിലൂടെ വേണം നേടാന്‍.

Content Highlights: Moving your vehicle to Kerala? Understand the registration process, taxes, and required documents for out-of-state vehicles to get a Kerala number plate.