കൃഷിയിടത്തിലെ പണിക്ക് പറ്റുന്ന ജെസിബി; കേരളം സുപ്രധാനവിപണി, നിക്ഷേപ പദ്ധതി വെളിപ്പെടുത്തി JCB മേധാവി

#അരുണ്‍ സാബു
ജെസിബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ദീപക് ഷെട്ടി | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍.
ജെസിബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ദീപക് ഷെട്ടി | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍.

2025-26 സാമ്പത്തികവര്‍ഷം ഇരട്ടയക്ക വളര്‍ച്ച പ്രതീക്ഷിക്കുന്നതായി ജെസിബി ഇന്ത്യ മേധാവി ദീപക് ഷെട്ടി. ദക്ഷിണേന്ത്യന്‍ വിപണി പ്രധാനമാണെന്നും കേരളമടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പുതിയ യന്ത്രങ്ങള്‍ പണിപ്പുരയിലാണെന്നും കമ്പനിയുടെ സിഇഒയും എംഡിയുമായ ദീപക് ഷെട്ടി പറഞ്ഞു. കേരളത്തിന് ചേരുന്നതരത്തിലുള്ള പുതിയ വാഹനം ഓണക്കാലത്ത് പുറത്തിറക്കുമെന്ന് 'മാതൃഭൂമി'ക്ക് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ചയില്‍ അദ്ദേഹം അറിയിച്ചു. 

ചെറിയ ചുറ്റുവട്ടങ്ങളിലെ ജോലികള്‍ക്ക് ഉപകരിക്കുന്ന മിനി എക്സ്‌കവേറ്ററാണ് വരാന്‍പോകുന്നത്. കേരളത്തിലെ തോട്ടങ്ങളിലും മറ്റും ജോലികള്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തിലുള്ള രൂപകല്പനയാണതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം കമ്പനി 11 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം 500 കോടിയോളം രൂപയുടെ നിക്ഷേപം ഇന്ത്യയില്‍ നടത്തിയിരുന്നു. ഇക്കൊല്ലം 250-300 കോടി രൂപ കൂടി നിക്ഷേപിക്കാനാണ് പദ്ധതിയെന്നും ദീപക് ഷെട്ടി പറഞ്ഞു.

രണ്ടില്‍ ഒന്ന് ജെസിബി

മണ്ണുമാന്തി യന്ത്രമെന്ന പേരില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തമായ ബാക്ക്ഹോ ലോഡര്‍ വില്‍പ്പനയില്‍ രാജ്യത്ത് ജെസിബി ഒന്നാമതാണ്. സമാന യന്ത്രങ്ങള്‍ വില്‍ക്കുന്ന 21 കമ്പനികള്‍ ഇന്ത്യയിലുണ്ട്. എങ്കിലും വില്‍ക്കുന്നവയില്‍ രണ്ടില്‍ ഒരെണ്ണം ജെസിബിയാണെന്നത് തങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നുവെന്ന് ഷെട്ടിയുടെ അഭിപ്രായം. 65 ശതമാനം ജെസിബികളും ഗ്രാമീണ മേഖലകളിലാണ് വില്‍ക്കുന്നത്. 

ബാക്ക്ഹോ ലോഡര്‍ മാത്രമല്ല, നിര്‍മാണ-വ്യവസായ-കാര്‍ഷിക മേഖലയ്ക്കായുള്ള വേറെയും യന്ത്രങ്ങള്‍ ജെസിബി പുറത്തിറക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് സ്റ്റേജ് 5 എമിഷന്‍ നിലവാരത്തിലുള്ള വാഹനങ്ങളാണ് ജനുവരി മുതല്‍ വില്‍ക്കുന്നത്. 10 വര്‍ഷത്തിനിടെ പ്രവര്‍ത്തനക്ഷമത 40 ശതമാനത്തോളം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അത് ഉടമകളുടെ ലാഭം വര്‍ധിപ്പിക്കുമെന്നും ഷെട്ടി പറയുന്നു. ഈ മേഖലയില്‍ സ്റ്റേജ് 5 എമിഷന്‍ വാഹനങ്ങള്‍ ആദ്യം വില്‍പ്പനയ്ക്കെത്തിച്ചതും ജെസിബിയാണ്. ഇതിനകം 15,000 വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞു.

5 ലക്ഷം ജെസിബികള്‍

ഇന്ത്യന്‍ വിപണിയില്‍ അഞ്ചുലക്ഷം ജെസിബികള്‍ വിറ്റതിന്റെ നിറവിലെത്തിയ കമ്പനി പുതിയ ഉയരങ്ങളാണ് ഇപ്പോള്‍ ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞവര്‍ഷം 50,000 ജെസിബികളുടെ വില്‍പ്പന നടന്നു. ഇപ്പോള്‍ വര്‍ഷകാലമായത് വില്‍പ്പനയെ മന്ദഗതിയിലാക്കിയിട്ടുണ്ട്. നിര്‍മാണ ജോലികള്‍ സജീവമാകുന്നതോടെ വില്‍പ്പനയും തകൃതിയാകുമെന്നാണ് പ്രതീക്ഷ. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ചത് വിപണിയെ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. നിര്‍മാണ മേഖലയ്ക്ക് പുറമെ പ്രതിരോധ, റെയില്‍വേ, കാര്‍ഷിക മേഖലകളിലും ശ്രദ്ധ പതിപ്പിക്കുന്നു.

25 ശതമാനം വില്‍പ്പന ദക്ഷിണേന്ത്യയില്‍

രാജ്യത്തെ ജെസിബി വില്‍പ്പനയുടെ 25 ശതമാനം ദക്ഷിണേന്ത്യയിലാണെന്നാണ് കമ്പനിയുടെ കണക്ക്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ രണ്ടായിരത്തിലേറെ ജെസിബി വിറ്റു. കര്‍ണാടകയിലും തമിഴ്നാട്ടിലും നാലായിരത്തിലേറെയായിരുന്നു വില്‍പ്പന. കേരളത്തില്‍ രണ്ട് ഡീലര്‍മാരാണുള്ളത്. ബാക്ക്ഹോ ലോഡര്‍ പോലെതന്നെ ഏറെ ഉപയോഗക്ഷമമായ മിനി എക്സ്‌കവേറ്ററുകള്‍ക്കാണ് കേരളത്തില്‍ ആവശ്യക്കാരേറെയുള്ളത്. ദക്ഷിണേന്ത്യക്കായി ബെംഗളൂരുവിലാണ് വെയര്‍ഹൗസ്. എന്തെങ്കിലും പാര്‍ട്സ് ആവശ്യമെങ്കില്‍ ഒറ്റരാത്രി കൊണ്ട് എത്തിച്ചുനല്‍കും. ബെംഗളൂരുവില്‍ പുതിയ ഓഫീസും വരുന്നുണ്ട്. വയനാട് ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ ജെസിബി സഹായഹസ്തം നീട്ടിയിരുന്നു. അന്ന് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട വാഹനങ്ങള്‍ക്ക് സ്പെയര്‍ പാര്‍ട്സിന് 50 ശതമാനം വരെ ഇളവും നല്‍കി.

ദക്ഷിണേന്ത്യയിലെ 'ടെക്കികള്‍'

ജെസിബി രാജ്യത്ത് ഓരോ പുതിയ ഉത്പന്നം അവതരിപ്പിക്കുമ്പോഴും ആദ്യം പുറത്തിറക്കുക ദക്ഷിണേന്ത്യയിലാണ്. ദക്ഷിണേന്ത്യക്കാര്‍ സാങ്കേതിക കാര്യങ്ങളില്‍ കൂടുതല്‍ പരിജ്ഞാനമുള്ളവരാണെന്നാണ് കമ്പനിയുടെ നിരീക്ഷണം. വിദേശത്തും മറ്റും ജോലിചെയ്തിട്ടുള്ളവര്‍ക്ക് അവിടുത്തെ യന്ത്രങ്ങളുമായി പരിചയം കാണും. അവര്‍ ജെസിബി ഉപയോഗിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ എന്തെങ്കിലും കുറവുണ്ടെങ്കില്‍ പരിഹരിച്ച് മെച്ചപ്പെടുത്താനാവും. മലയാളികള്‍ നല്ല സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ധൈര്യമായി യന്ത്രം എവിടെയുമിറക്കാം. അതു കമ്പനിയെ സഹായിക്കാറുണ്ടെന്ന് ഷെട്ടിയുടെ പക്ഷം. മാത്രമല്ല, ഉപഭോക്താക്കളുടെ ആവശ്യാനുസരണം യന്ത്രങ്ങള്‍ക്ക് ഉപയോഗത്തിനായി വേണ്ട മാറ്റങ്ങളും കമ്പനി ചെയ്തുനല്‍കാറുണ്ട്.

130 രാജ്യങ്ങളിലേക്ക് കയറ്റുമതി

ബല്ലഭ്ഗഡ് (ഹരിയാണ), പുണെ, ജയ്പുര്‍, വഡോദര എന്നിവിടങ്ങളിലായി നാല് പ്ലാന്റുകളിലാണ് ഇന്ത്യയില്‍ ജെസിബി യന്ത്രങ്ങള്‍ നിര്‍മിക്കുന്നത്. എന്‍ജിനുകള്‍ അടക്കം വിദേശത്തേക്ക് യന്ത്രങ്ങളുടെ കയറ്റുമതിയുമുണ്ട്. 20 ശതമാനം യന്ത്രങ്ങള്‍ കയറ്റിയയക്കുകയാണ്. 130 രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ നിര്‍മിത ജെസിബി യന്ത്രങ്ങള്‍ കയറ്റുമതി ചെയ്യുന്നു. പതിനായിരത്തിലേറെ ജെസിബികളാണ് ഒരു വര്‍ഷം അമേരിക്കയിലേക്ക് അയക്കുന്നത്. ലോകമെമ്പാടുമുള്ള ജെസിബിയുടെ 23 പ്ലാന്റുകളിലേക്ക് പാര്‍ട്സുകളും കയറ്റുമതി ചെയ്യുന്നു. കാലത്തിനൊത്ത് ഹൈഡ്രജന്‍, വൈദ്യുത വാഹന മോഡലുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1979-ലാണ് ജെസിബി ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.

ഹരിയാന ബല്ലഭ് ഗഢിലെ  ജെസിബി പ്ലാന്റും ആസ്ഥാനവും | ഫോട്ടോ: സാബു സ്‌കറിയാച്ചന്‍

സ്റ്റാര്‍ട്ടപ്പ് ആകുന്ന ജെസിബി

ജെസിബി യന്ത്രങ്ങളെ ബിസിനസ് രംഗപ്രവേശനത്തിനുള്ള വാതിലായി കാണുന്നവരുണ്ടെന്ന് ദീപക് ഷെട്ടി പറയുന്നു. വിജയകരമാകുന്നതോടെ കൂടുതല്‍ യന്ത്രങ്ങള്‍ വാങ്ങി ബിസിനസ് വിപുലമാക്കും. ബ്രാന്‍ഡ് വാല്യൂ ഉള്ളതിനാല്‍ മറിച്ചുവില്‍ക്കുമ്പോഴും നഷ്ടമുണ്ടാകില്ല. നിരവധിപ്പേര്‍ക്ക് തൊഴിലവസരങ്ങളും അതുനല്‍കുന്നു. ഒരു ജെസിബി യന്ത്രം ആറുപേര്‍ക്ക് തൊഴില്‍ നല്‍കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ജെസിബി സ്റ്റാര്‍ട്ടപ്പ് സംരംഭം കൂടിയാണ് -അദ്ദേഹം പറഞ്ഞു.

വില്‍പ്പന മാത്രമല്ല, സര്‍വീസും പ്രധാനം

രാജ്യത്താകെ 65 ഡീലര്‍മാരും 750-ലേറെ ഔട്ട്ലെറ്റുകളുമായി വില്‍പ്പനാന്തര സേവനങ്ങളും ജെസിബി ഉറപ്പാക്കുന്നു. യന്ത്രങ്ങളുടെ തത്സമയ നിരീക്ഷണത്തിന് മൊബൈല്‍ ആപ്പുമുണ്ട്. ജെസിബിയുടെ സ്വന്തം ലൈവ് ലിങ്ക് സാങ്കേതികവിദ്യയില്‍ 2014 മുതല്‍ യന്ത്രങ്ങളെ ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ 2.23 ലക്ഷം ജെസിബികളില്‍ ഈ സംവിധാനമുണ്ട്. ഉടമകള്‍ക്ക് പുറമെ യന്ത്രങ്ങളെ ജെസിബിയും കണ്‍ട്രോള്‍ റൂമിലിരുന്ന് നിരീക്ഷിക്കുന്നുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡീലറെ വിവരമറിയിച്ച് ഉടമയെ ബന്ധപ്പെട്ട് സര്‍വീസിന് കമ്പനിതന്നെ മുന്‍കൈയെടുക്കും. ഇത് ജെസിബി ഉടമകളെ കമ്പനിയുമായി കൂടുതല്‍ അടുപ്പിക്കുന്നതായും ഷെട്ടി പറയുന്നു.

Content Highlights: JCB India aims for double-digit growth in 2025-26, investing ₹300 crore.