9.99 ലക്ഷത്തിന് ഒരു SUV- ഹ്യുണ്ടായി ബയോൺ; എ.ഐ. മുതൽ അഡാസ് സുരക്ഷ വരെ

കംബോഡിയ എന്ന രാജ്യത്തിന്റെ ചരിത്രവും പൈതൃകവുമായി ഏറെ ചേർന്ന് നിൽക്കുന്ന ഒരു ബുദ്ധക്ഷേത്രമുണ്ട്, ബയോൺ എന്നാണ് ഇതിന്റെ പേര്. 'വിജയപർവ്വതം' എന്ന് അർഥം വരുന്ന പേരാണ് ബയോൺ എന്നാണ് പറയപ്പെടുന്നത്. ഈ പേര് ഒരു വാഹനത്തിനായി തിരഞ്ഞെടുക്കുമ്പോൾ ഹ്യുണ്ടായി ലക്ഷ്യമിട്ടതും ഈ പേര് സൂചിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയെന്നത് തന്നെയാണ്. ഇന്ത്യൻ വാഹനവിപണിയിൽ അതിവേഗം കുതിക്കുന്ന മിഡ്-സൈസ് എസ്യുവി ശ്രേണിയിലേക്കാണ് ബയോൺ എന്ന പേരിൽ ഹ്യുണ്ടായി പുതിയൊരു വാഹനം എത്തിച്ചിരിക്കുന്നത്.
ക്രെറ്റ, വെന്യു എന്നീ വാഹനങ്ങൾ തമ്മിലുള്ള വ്യത്യാസം വെറും 335 മില്ലി മീറ്ററാണ്. ഈ രണ്ട് മോഡലുകൾക്ക് ഇടയിലുള്ള സ്പേസിലേക്കാണ് ബയോൺ എന്ന വാഹനം എത്തിയിരിക്കുന്നത്. ആത്യന്തികമായ എതിരാളി മാരുതി സുസുക്കിയുടെ വിക്ടോറിസ് എന്ന മോഡലാണെങ്കിലും സ്വന്തം കൂടെപ്പിറപ്പുകളായ വെന്യുവിനോടും ക്രെറ്റയോടും പോലും ബയോണിന് മത്സരിക്കേണ്ടി വന്നേക്കാം. ബയോൺ എന്ന പേര് ഹ്യുണ്ടായിയെ സംബന്ധിച്ച് പുതിയ ഒന്നല്ല. 2021 മുതൽ വിദേശനിരത്തുകളിൽ ഈ പേരിലുള്ള വാഹനമുണ്ട്. എന്നാൽ, ഇന്ത്യൻ നിരത്തുകൾക്കും ഉപയോക്താക്കൾക്കും ഈ പേര് പരിചിതമായി വരുന്നതേയുള്ളൂ.
ഡിസൈൻ ലാളിത്യം
ഹ്യുണ്ടായി എസ്യുവികളെ കുറിച്ചുള്ള ഡിസൈൻ സങ്കൽപ്പങ്ങൾ പൊളിച്ചെഴുതുന്ന വാഹനമാണ് ബയോൺ. എസ്യുവി ജീനിൽ പിറന്ന ക്രോസ് ഓവർ എന്ന് വേണമെങ്കിലും ബയോണിനെ വിശേഷിപ്പിക്കാം. കാഴ്ചയിൽ വളരെ ലളിതമാണ്. എച്ച് എഡ്ജ്ഡ് ഡിആർഎൽ, എൽഇഡിയിൽ തീർത്തിരിക്കുന്ന ഹെഡ്ലാമ്പ്, നേർത്ത ഗ്രില്ല്, ക്ലാഡിങ് ആവരണമുള്ള ബമ്പർ ഇത്രയുമേയുള്ളൂ മുഖഭാവത്തിലെ അലങ്കാരങ്ങൾ.
17 ഇഞ്ച് വലിപ്പത്തിൽ തീർത്തിരിക്കുന്ന അലോയി പുതുമയുള്ള കാഴ്ചയാണ്. റിയർവ്യൂ മിററിന്റെ ഡിസൈനിലേക്ക് ഈ പുതുമ നീളുന്നു. എ പില്ലറിൽ തുടങ്ങി സി പില്ലർവരെ വിശാലമായ വിൻഡോ ഗ്ലാസുകൾ കാണാം. ഷാർപ്പ് ആയി ഒരുങ്ങിയിട്ടുള്ള ലൈനുകൾ വശങ്ങളെ കൂടുതൽ ബോൾഡ് ആക്കുന്നു. സ്പോയിലറിൽ നൽകിയിട്ടുള്ള സ്റ്റോപ്പ് ലൈറ്റ് പുതുമയാണ്. മുന്നിലേതിന് സമാനമാണ് പിന്നിലെ ഡിആർഎല്ലും. ഇതിനാണ് ഇൻഡിക്കേറ്ററിന്റെ ഡ്യൂട്ടിയും. നേർത്ത രേഖ പോലെ ടെയ്ൽലാമ്പും ചേരുന്നതോടെ ഡിസൈൻ വിശേഷങ്ങൾ പൂർണമാകും.
ഹൈടെക് ഇന്റീരിയർ
ഹ്യുണ്ടായിയുടെ ഇന്റർനാഷണൽ മോഡലുകളോട് ഒരു ചായ്വ് പ്രകടിപ്പിക്കുന്ന അകത്തളമാണ് ബയോണിന്റേത്. രണ്ട് കളർ ഓപ്ഷനുകളിൽ ഇന്റീരിയർ ഒരുങ്ങുന്നുണ്ട്. ഡാഷ്ബോർഡിൽ അൽപ്പം കർവിയായി നൽകിയിട്ടുള്ള സ്ക്രീനുകളാണ് ഹൈലൈറ്റ്. 12.3 ഇഞ്ച് വലിപ്പത്തിൽ ഈ സ്ക്രീനുകളെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററായി ഇൻഫോടെയ്ൻമെന്റ് സ്ക്രീനായും ഹ്യുണ്ടായിയിലെ ഇന്ത്യൻ കാറുകളിൽ ഇതുവരെ കണ്ടിട്ടില്ല. ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന ജനറേറ്റീവ് എ.ഐ. വോയ്സ് അസിസ്റ്റന്റാണ് മറ്റൊരു പ്രധാന പ്രത്യേകത.
ബ്രസീലിയൻ വിപണികളിൽ എത്തിയിട്ടുള്ള ഐ 20-യുടേതിന് സമാനമായാണ് ക്ലൈമറ്റ് കൺട്രോൾ പാനൽ ഒരുക്കിയിരിക്കുന്നത്. വെർട്ടിക്കലായാണ് അത് ക്രമീകരിച്ചിരിക്കുന്നത്. വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിങ്, ഇലക്ട്രിക് ഡ്രൈവർ സീറ്റ്, വെന്യുവിൽ നൽകിയിട്ടുള്ളതിന് സമാനമായ സ്റ്റിയറിങ് വീൽ, ബോസ് മ്യൂസിക് സിസ്റ്റം, സ്പ്ലിറ്റ് റിയർ സീറ്റ്, റിയർ എ.സി.വെന്റ്, 505 ലിറ്ററിന്റെ ഉയർന്ന ബൂട്ട് സ്പേസ്, ഡ്യുവൽ പെയ്ൻ സൺറൂഫ് എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ടനിര തന്നെ അകത്തളത്തിലുണ്ട്.
എൻജിനും സുരക്ഷയും
ഹ്യുണ്ടായിയുടെ എസ്യുവികൾക്ക് കരുത്തേകി മികവ് തെളിയിച്ച എൻജിൻ തന്നെയാണ് ബയോണിലും നൽകിയിട്ടുള്ളത്. 1.5 ലിറ്റർ എം.പി.ഐ. നാച്വറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ബയോണിന്റെ ഹൃദയം. 115 പി.എസ്. പരമാവധി കരുത്തും 143.8 എൻ.എം. ടോർക്കുമാണ് ഈ എൻജിൻ നൽകുന്നത്. ആറ് സ്പീഡ് മാനുവലും ഐ.വി.ടി. ഓട്ടമാറ്റിക്കുമാണ് ഇതിലെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഹ്യുണ്ടായിയുടെ സ്മാർട്ട് സെൻസ് ലെവൽ 2 പ്രോ അഡാസ് സംവിധാനമാണ് വരുന്നത്. 23 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകൾക്കായി മൂന്ന് റഡാറുകളും 12 പാർക്കിങ് സെൻസറുകളും ഒരുമിച്ച് പ്രവർത്തിച്ചാണ് ബയോണിൽ സുരക്ഷ ഉറപ്പാക്കുന്നത്.
ഡ്രൈവിങ്ങിലേക്ക്
പ്രായോഗികമായ വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന എസ്യുവിയാണ് ബയോൺ. തിരക്കൊഴിഞ്ഞ ഹൈവേകളിലും സിറ്റി ട്രാഫിക്കിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ലോ എൻഡിലും മിഡ് റേഞ്ചിലും മികച്ച പ്രകടനം ഈ എൻജിൻ ഉറപ്പാക്കുന്നുണ്ട്. ഉയർന്ന ആക്സിലറേഷനിലും മോശമല്ലാത്ത റെസ്പോൺസ് ഈ വാഹനം നൽകുന്നുണ്ട്. കുറഞ്ഞ ആർ.പി.എമ്മിൽ ഉയർന്ന വേഗത നിലനിർത്താനുള്ള ശേഷിയും ബയോണിലെ എൻജിൻ ഉറപ്പാക്കുന്നു. താരതമ്യേന ലൈറ്റ് ആയിട്ടുള്ള ക്ലച്ചാണ് മാനുവൽ മോഡലിലേത്. ഇത് സ്മൂത്ത് ആയിട്ടുള്ള ഷിഫ്റ്റിങ് ഉറപ്പാക്കും. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പതിപ്പിലേക്ക് വരുമ്പോൾ ഡ്രൈവിങ് കൂടുതൽ മികച്ചതാക്കുന്നതിനായി ഇക്കോ, നോർമൽ, സ്പോർട്ട് എന്നീ മൂന്ന് മോഡുകൾ ഇതിൽ നൽകുന്നുണ്ട്. ഓവർ ടേക്കിങ്, ഹൈവേ ഡ്രൈവിങ് എന്നിവ മികച്ചതാക്കാൻ ഇവ സഹായിക്കുന്നു.
താരതമ്യേന നിശ്ശബ്ദമാണ് ഈ വാഹനത്തിന്റെ ക്യാബിൻ. എൻജിൻ, ടയർ ശബ്ദങ്ങൾ ക്യാബിനിന്റെ അകത്തേക്ക് വരാതെ ഇൻസുലേഷൻ സംവിധാനം പ്രതിരോധം തീർക്കുന്നു. റോഡിലെ കുഴികളും ചെറിയ കയറ്റിറക്കങ്ങളും സസ്പെൻഷൻ സംവിധാനം മികച്ച രീതിയിൽ ആഗിരണം ചെയ്യുന്നുണ്ട്. എന്നാൽ, വേഗം കൂടിയാൽ പിൻസീറ്റിലെ യാത്രക്കാർക്ക് ചെറിയ തോതിൽ ചാട്ടം അനുഭവപ്പെടും. ഷാർപ്പ് ആയിട്ടുള്ള തിരിവുകളിൽ പോലും ബോഡി റോൾ കാര്യമായി ബാധിക്കുന്നില്ല. 205 എംഎമ്മിന്റെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ് ഏത് പ്രതലത്തിലും ഡ്രൈവിങ്ങിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.
വില
മിഡ്-സൈസ് എസ്യുവി ശ്രേണിയിൽ കുറഞ്ഞ വിലയിലുള്ള വാഹനം എന്ന ലക്ഷ്യത്തോടെയാണ് ബയോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. മാനുവൽ ട്രാൻസ്മിഷനിൽ ഏഴ് വേരിയന്റുകളും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ നാല് വേരിയന്റുകളുമാണ് ബയോണിനുള്ളത്. ബയോൺ മാനുവൽ പതിപ്പിന് 9.99 ലക്ഷം രൂപ മുതൽ 16.65 ലക്ഷം രൂപ വരെയാണ് വില. ഓട്ടോമാറ്റിക് പതിപ്പിന്റെ വില 13.85 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയുമാണ്.
Content Highlights: Positioned between Creta and Venue with a 335mm gap difference., Powered by a 1.5L MPi naturally aspirated petrol engine producing 115 PS., Equipped with Hyundai SmartSense Level 2 Pro ADAS with 23 driver assistance features., Generative AI voice assistant introduced for the first time in India., Price ranges from 9.99 Lakh to 18 Lakh rupees.