സംവിധായകന്‍ സിദ്ദിഖിന് മലപ്പുറത്ത് മറ്റൊരു മേല്‍വിലാസമുണ്ട്, ബസ് മുതലാളി

മുഹമ്മദ് ഷാഫി ലാവര്‍ണയും സിദ്ദിഖും, ലാവര്‍ണ ബസ് | Photo: Mathrubhumi, Facebook
മുഹമ്മദ് ഷാഫി ലാവര്‍ണയും സിദ്ദിഖും, ലാവര്‍ണ ബസ് | Photo: Mathrubhumi, Facebook

കോട്ടയ്ക്കല്‍: തിരൂര്‍ -മഞ്ചേരി റൂട്ടിലോടുന്ന ലാവര്‍ണ ബസ്സില്‍ ഒരിക്കലെങ്കിലും കയറിയവര്‍ ആ വീഡിയോ കണ്ടിരിക്കും. ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പുലര്‍ത്തേണ്ട ജാഗ്രതയെക്കുറിച്ച് അന്തരിച്ച സംവിധായകന്‍ സിദ്ദിഖ് സംസാരിക്കുന്നതാണ് വീഡിയോ. സിദ്ദിഖാണ് ലാവര്‍ണ ട്രാന്‍സ്‌പോര്‍ട്ടിന്റെ ബ്രാന്‍ഡ് അംബാസഡര്‍. 

ലാവര്‍ണയുടെ ഉടമസ്ഥന്‍ പരുത്തിക്കുന്നന്‍ മുഹമ്മദ് ഷാഫിയുമായി അടുത്ത സൗഹൃദമാണ് സിദ്ദിഖ് പുലര്‍ത്തിയിരുന്നത്. 'സിദ്ദിഖ് അണ്ണന്‍' എന്ന മുഹമ്മദ് ഷാഫിയുടെ വിളിയില്‍ത്തന്നെയുണ്ട് സഹോദരതുല്യമായ അവരുടെ ബന്ധത്തിന്റെ ആഴം. 'എന്റെ ബിസിനസ് പങ്കാളി മാത്രമല്ല, ഉപദേശകനും വഴികാട്ടിയുമൊക്കെയാണ് സിദ്ദിഖ് അണ്ണന്‍...', മുഹമ്മദ് ഷാഫി പറയുന്നു.

കൊച്ചിയിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുഹമ്മദ് ഷാഫിയും അനുജന്‍ ഇഖ്ബാല്‍ പരുത്തിക്കുന്നനും മുഴുവന്‍സമയവും അവിടെത്തന്നെയുണ്ടായിരുന്നു. സിദ്ദിഖിന്റെ 'ബിഗ് ബ്രദറി'ല്‍ സഹസംവിധായകനായിരുന്നു ഇഖ്ബാല്‍.

പതിനേഴുവര്‍ഷംമുമ്പ് ഒരു സുഹൃത്തുവഴിയാണ് സിദ്ദിഖിനെ ഷാഫി പരിചയപ്പെടുന്നത്. പിന്നീട് ഒന്നിച്ചൊരു ബിസിനസ് സംരംഭത്തെപ്പറ്റി ആലോചന നടത്തി. പല സംരംഭങ്ങളും ആസൂത്രണം ചെയ്‌തെങ്കിലും നടപ്പിലായത് കാരവനുകള്‍ വാടകയ്ക്കുനല്‍കുന്ന ലാവര്‍ണ ആന്‍ഡ് എസ്. ട്രാവല്‍സ് കമ്പനി എന്ന സംരംഭമാണ്. പിന്നീട് ആ ബന്ധം കൂടുതല്‍ ദൃഢമായി. 

ഷാഫിയുടെ വീട്ടില്‍ ഇടയ്ക്കിടയ്ക്ക് വരും. കുടുംബവുമായും നല്ല ബന്ധമായി. മകള്‍ പഠിക്കുന്ന സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍മാത്രമായി ഖത്തറില്‍നിന്നു വന്ന സംഭവവും ഷാഫി ഓര്‍ക്കുന്നു.

Content Highlights: Dircetor siddque run a bus service in partnership at Malappuram district, Laverna Bus