ബി.വൈ.ഡി.യുടെ വിജയപാത പിന്തുടർന്ന് ഡെൻസയെത്തുന്നു; ഇനിയുള്ള ലക്ഷ്യങ്ങൾ അൽപ്പം ലക്ഷ്വറിയാണ്

#സി. സജിത്
ഡെന്‍സ ഇന്ത്യയില്‍ അവതരിപ്പിച്ച D9 ഇലക്ട്രിക് എം.പി.വിയും Z9 GT പെര്‍ഫോമെന്‍സ് സെഡാനും | Photo: Denza
ഡെന്‍സ ഇന്ത്യയില്‍ അവതരിപ്പിച്ച D9 ഇലക്ട്രിക് എം.പി.വിയും Z9 GT പെര്‍ഫോമെന്‍സ് സെഡാനും | Photo: Denza

ആഡംബര വൈദ്യുതവാഹന നിരയിലേക്ക് പുതിയൊരാൾ കൂടി വരികയാണ്. ഇന്ത്യയെന്ന വിശാലവിപണിയുടെ സാധ്യതകൾ ഉൾക്കൊണ്ട ചൈനീസ് കമ്പനി ബി.വൈ.ഡി.യുടെ ആഡംബര വിഭാഗമായ ഡെൻസയുടെ പുതിയ രണ്ട് വാഹനങ്ങളാണ് പുറത്തിറങ്ങിയത്. ആഡംബര യാത്രയ്ക്ക് പുതിയ നിർവചനം നൽകുന്ന ഡി 9 ഇലക്ട്രിക് എം.പി.വി.യും വേഗത്തിന്റെയും ഡിസൈനിന്റെയും വിസ്മയം തീർക്കുന്ന സെഡ് ജി.ടി.യുമാണിവ.

ഡെൻസ ഡി 9 - സഞ്ചരിക്കുന്ന കൊട്ടാരം

ആഡംബര എം.പി.വി. എന്ന സങ്കല്പത്തിന് പുതിയ മാനം നൽകുകയാണ് ഡെൻസ ഡി 9. 5,250 മില്ലിമീറ്റർ നീളവും വിശാലമായ ക്യാബിനുമുള്ള ഈ വാഹനത്തിൽ ഏഴ് പേർക്ക് യാത്ര ചെയ്യാം. വലിയ ക്രോം ഗ്രില്ലും മനോഹരമായ ഹെഡ് ലാമ്പുകളും നീളമേറിയ ബോഡി ഡിസൈനുമാണ് ശ്രദ്ധേയം. 18 ഇഞ്ച് അലോയ് വീലുകളും പിൻഭാഗത്തെ കണക്ടഡ് എൽ.ഇ.ഡി. ടെയിൽലാമ്പുകളും പകിട്ടേറ്റുന്നു.

അകത്തളത്തിലെ ആഡംബരം

രണ്ടാം നിരയാണ് രാജകീയം. വിശാലമായിരിക്കാൻ ക്യാപ്റ്റൻ സീറ്റുകൾ. പവർ അഡ്ജസ്റ്റ്‌മെന്റ്, ഹീറ്റിങ്, വെന്റിലേഷൻ, മസാജ് സൗകര്യങ്ങൾ എന്നിവയുണ്ട്. 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 16 സ്പീക്കർ ഡെവിലെ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, റഫ്രിജറേറ്റർ, ആംബിയന്റ് ലൈറ്റിങ് എന്നിവയടക്കം സമ്പന്നമാണ്.

കരുത്തിന് പുതിയ മാനം

ബി.വൈ.ഡി.യുടെ പ്രശസ്തമായ ബ്ലേഡ് ബാറ്ററിയുടെ രണ്ടാംതലമുറയാണിതിന്റെ ഹൈലൈറ്റ്. 115.07 കിലോവാട്ടുണ്ട്. 462 ബി.എച്ച്.പി. കരുത്തും 365 എൻ.എം. ടോർക്കും നൽകുന്നുണ്ട് മുന്നിലെ മോട്ടോർ. 730 കിലോമീറ്റർ റെയ്ഞ്ചാണ് അവകാശവാദം. 90 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

സെഡ് 9 ജി.ടി. - വേഗവിസ്മയം

സെഡാന്റെ സൗന്ദര്യം, സ്‌പോർട്‌സ് കാറിന്റെ ചടുലത, സ്റ്റേഷൻ വാഗണിന്റെ പ്രായോഗികത ഇതാണ് സെഡ് 9 ജി.ടി. താഴ്ന്ന ബോണറ്റ്, കൂപ്പെ ശൈലിയിലുള്ള റൂഫ് ലൈൻ, നീളമേറിയ പിൻഭാഗം ഇതാണ് വാഹനത്തിന്റെ ആകാരത്തിന് മാറ്റുകൂട്ടുന്നത്.

മൂന്ന് വലിയ ഡിജിറ്റൽ സ്‌ക്രീനുകൾ ഉൾപ്പെടെ അഞ്ച് ഡിസ്പ്ലേകൾ ക്യാബിനിലുണ്ട്. 17.3 ഇഞ്ച് സെന്റർ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, 13.2 ഇഞ്ച് ഡ്രൈവർ ഡിസ്പ്ലേ, ഫ്രണ്ട് പാസഞ്ചർ സ്‌ക്രീൻ എന്നിവയാണിവ. 495 ലിറ്റർ ബൂട്ട് സ്‌പേസുമുണ്ട്. ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, 20 സ്പീക്കർ ഡെവിലെ ഓഡിയോ സിസ്റ്റം, മസാജ് സീറ്റുകൾ... നീളുന്നു ഫീച്ചറുകൾ.

മൂന്ന് മോട്ടോറുകൾ നൽകുന്ന കരുത്താണ് വാഹനത്തിന്റെ ഹൈലൈറ്റ്. 1,156 ബി.എച്ച്.പി. കരുത്തും 1,210 എൻ.എം. ടോർക്കും നൽകുന്നു ഇത്. ബി.വൈ.ഡി.യുടെ രണ്ടാംതലമുറ ബ്ലേഡ് ബാറ്ററി 122.49 കിലോവാട്ട് ശേഷിയുള്ളതാണ്. 670 കിലോമീറ്റർ റെയ്ഞ്ചാണ് വാഗ്ദാനം. പൂജ്യത്തിൽ നിന്ന് നൂറിലെത്താൻ വെറും 2.7 സെക്കൻഡ് മതി. 1.57 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില.

Content Highlights: BYD's luxury brand Denza launches D9 MPV and Z9 GT in India., Denza D9 MPV offers 7-seater capacity, 730 km range, and is priced at Rs. 90 Lakh., Denza Z9 GT delivers 1,156 BHP, 0-100 km/h in 2.7 seconds, priced at Rs. 1.57 Crore., Both models feature BYD's advanced second-generation blade battery technology.