ക്രീസിലെ മിന്നും പ്രകടനത്തിനുള്ള സമ്മാനം; ടാറ്റ സിയേറ എസ്‌യുവി സ്വന്തമാക്കി ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി

#Auto Desk
ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ടാറ്റ സിയേറ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ | Photo: X/@Cricket_live247
ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ടാറ്റ സിയേറ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ | Photo: X/@Cricket_live247

2025-ൽ, രാജസ്ഥാൻ ടീമിനൊപ്പം ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 15-കാരനാണ് വൈഭവ് സൂര്യവംശി. കളിക്കളത്തിലെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ആരാധകരുടെ ഹൃദയത്തിൽ ഇടംനേടിയ താരമാണ് വൈഭവ്. കരിയറിലെ ഉയർച്ചയ്‌ക്കൊപ്പം തന്നെ വലുതായിക്കൊണ്ടിരിക്കുന്ന തന്റെ വാഹന ശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി എത്തിച്ചിരിക്കുകയാണ് അദ്ദേഹം. ടാറ്റയുടെ ഐതിഹാസിക മോഡലായ സിയേറയാണ് വൈഭവിന്റെ പുതിയ വാഹനം.

കളിക്കളത്തിലെ

തന്റെ പ്രകടനത്തിനുള്ള പാരിതോഷികമായാണ് പുതിയ സിയേറ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഐപിഎൽ 2026 സീസണിലെ സൂപ്പർ സ്‌ട്രൈക്കർ ആയി തിരഞ്ഞെടുത്തതിനുള്ള സമ്മാനമായാണ് ഈ വാഹനം ലഭിച്ചിരിക്കുന്നത്. സിയേറയുടെ സിഗ്നേച്ചർ കളറായ ആൻഡമാൻ അഡ്വഞ്ചർ എന്ന് ടാറ്റ മോട്ടോഴ്‌സ് വിശേഷിപ്പിക്കുന്ന മഞ്ഞ നിറത്തിലുള്ള വാഹനമാണ് വൈഭവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വൈറലാണ്.

കുടുംബത്തിനൊപ്പം എത്തിയാണ് അദ്ദേഹം സമ്മാനമായി ലഭിച്ച സിയേറ സ്വീകരിച്ചത്. 2025-ൽ ടാറ്റയുടെ തന്നെ കർവ് കുപ്പെ എസ്‌യുവി വൈഭവിന് സമ്മാനമായി ലഭിച്ചിരുന്നു. ഐ.സി.ഇ, ഇലക്ട്രിക് കരുത്തുകളിൽ സിയേറ എത്തുന്നുണ്ടെങ്കിലും ഐ.സി.ഇ. മോഡലാണ് വൈഭവ് സൂര്യവംശിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. അതേസമയം, പെട്രോൾ മോഡലാണോ ഡീസൽ പതിപ്പാണോ ഈ വാഹനമെന്ന കാര്യത്തിൽ വ്യക്തതയില്ല.

സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തുന്ന സിയേറയുടെ പെട്രോൾ പതിപ്പിൽ 158 ബിഎച്ച്പി പവറും 255 എൻഎം ടോർക്കുമേകുന്ന 1.5 ലിറ്റർ ടർബോ പെട്രോൾ ഹൈപ്പീരിയോൺ എൻജിനാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നീ ഗിയർബോക്സുകളാണ് ഈ വാഹനത്തിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.

105 ബിഎച്ച്പി പവറും 145 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനിലും സിയേറ എത്തുന്നുണ്ട്. ആറ് സ്പീഡ് മാനുവൽ, ഏഴ് ഡിസിഎ എന്നിവയാണ് ഇതിലെ ട്രാൻസ്മിഷൻ. 1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനാണ് സിയേറയിലെ മറ്റൊരു ഓപ്ഷൻ. 116 ബിഎച്ച്പി പവറും 260 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഇതിലെ ട്രാൻസ്മിഷനുകൾ.

Content Highlights: 15-year-old cricketer Vaibhav Suryavanshi won the Tata Sierra as the IPL 2026 Super Striker award., The gifted vehicle is in the iconic Andaman Adventure yellow color., Tata Sierra is available in 7 variants with prices starting at Rs 11.49 lakh., Offers petrol, turbocharged petrol, and diesel engine options with manual and automatic transmissions.