വോൾവോ, മെഴ്‌സിഡസ്, മാരുതി... ഈ മാസം ഇന്ത്യയിലെത്തുന്നത് വമ്പൻമാർ

ഇവികൾ ഉൾപ്പടെ നിരവധി വാഹനങ്ങളുടെ വരവിനാണ് 2025 സാക്ഷ്യംവഹിക്കാനിരിക്കുന്നത്. ജനുവരിയിലെ ഓട്ടോ എക്സ്പോയും ഫെബ്രുവരിയിലെ പുത്തൻ ലോഞ്ചുകളും ഇതിനകം ഇന്ത്യൻ കാർ വിപണിയെ സമ്പന്നമാക്കി. മാർച്ച് മാസത്തിലും പ്രധാനപ്പെട്ട വാഹനങ്ങളാണ് എത്തുന്നത്. അവ ഏതെല്ലാമാണെന്ന് നോക്കാം.
വോൾവോ എക്‌സ് സി 90
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എസ്.യു.വികളിലൊന്ന് എന്ന വിശേഷണമുള്ള വാഹനമാണ് വോൾവോ എക്‌സ് സി 90. സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോയുടെ ഈ പ്രീമിയം എസ്.യു.വിയുടെ നിലവിലുള്ള തലമുറ മോഡൽ 2016 മുതലാണ് ഇന്ത്യൻ നിരത്തുകളിലെത്തിയത്.
ഇപ്പോഴിതാ വാഹനത്തിന്റെ പുത്തൻ പതിപ്പ് മാർച്ച് നാലിന് ഇന്ത്യയിലെത്താൻ തയ്യാറെടുക്കുകയാണ്. എക്‌സ് സി 90യുടെ ഇലക്ട്രിക് പതിപ്പിൽനിന്ന് കടമെടുത്ത എകസ്റ്റീരിയർ രീതികളോടെ ഡിസൈനിൽ മാറ്റങ്ങൾ വരുത്തി കഴിഞ്ഞ വർഷം പുത്തൻ പതിപ്പ് അവതരിപ്പിച്ചിരുന്നു. പുതിയ ഗ്രില്ല്, മെലിഞ്ഞ ഹെഡ് ലാമ്പുകൾ, പുതുക്കിയ ബമ്പറുകൾ, പുതിയ അലോയ് വീലുകൾ എന്നിവ പ്രധാന മാറ്റങ്ങളാണ്.
11.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീൻ ആണ് ഫെയ്സ് ലിഫ്റ്റ് മോഡലിൽ ഉണ്ടാവുക. 250 എച്ച്.പി. പവറും 360 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോൾ മൈൽഡ് ഹൈബ്രിഡ് എൻജിനെ പുതിയ മോഡലിലും നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
8സ്പീഡ് ഗിയർബോക്സാണുണ്ടാവുക. അതേസമയം, വാഹനത്തിന്റെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ബി.എം.ഡബ്ല്യൂ X5, മെഴ്സിഡീസ് ബെൻസ് ജി.എൽ.ഇ, ഔഡി ക്യൂ7 എന്നീ മോഡലുകളായിരിക്കും പ്രധാന എതിരാളികൾ.
മെഴ്‌സിഡസ്-മേബാക്ക് എസ്.എൽ 680 മോണാഗ്രാം സീരിസ്
ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് മേബാക്കിന്റെ എസ്.എൽ 680 മോണാഗ്രാം സീരിസ് മാർച്ച് 17-ന് ഇന്ത്യയിലെത്തും. ഇതുവരെ നിർമ്മിച്ചതിൽവെച്ച് ഏറ്റവും മികച്ച സ്പോർട്ടി മോഡലാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡെഫിനിറ്റീവ് ഡ്യുവൽ ടോൺ പെയിന്റ്, പുതിയ ഗ്രില്ല്, മൾട്ടി സ്പോക് വീൽസ്, വെളള നിറത്തിലുള്ള നാപ്പ ലെതർ സീറ്റുകൾ, വെള്ള ഡാഷ് ബോർഡ് എന്നിവയാണ് പ്രത്യേകതകൾ.
4ലിറ്റർ ട്വിൻ ടർബോ V8 എൻജിനാണ് വാഹനത്തിന്റെ ഹൃദയം. 585 എച്ച്.പി പവറും 800 എൻ.എം.ടോർക്കും ഇത് ഉത്പാദിപ്പിക്കും. 9സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സാണ് ട്രാൻസ്മിഷൻ കൈകാര്യം ചെയ്യുന്നത്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടത് 4.1 സെക്കൻഡ് മാത്രം.
വാഹനത്തിന്റെ ഇന്ത്യയിലെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മെഴ്‌സിഡസ്-മേബാക്ക് എസ്.എൽ.55 റോഡ്സ്റ്റർ മോഡലിന്റെ വില 2.35 കോടി രൂപയാണ്. 680ക്ക് ഇതിനേക്കാൾ വില കൂടുതലായിരിക്കും.
മാരുതി സുസുക്കി ഇ-വിത്താര
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡലായ ഇ-വിത്താര എത്തുന്നതും മാർച്ചിലാണ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്ലാണ് വാഹനപ്രേമികളുടെ ഇഷ്ട ബ്രാൻഡിൽനിന്നും ഒരു ഇവി നിരത്തിലേക്കെത്തുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ചിട്ടുള്ള ഹാര്‍ടെക്ട്-ഇ പ്ലാറ്റ്‌ഫോമിലാണ് ഇ-വിത്താര ഒരുങ്ങിയിരിക്കുന്നത്. ഉയര്‍ന്ന എയറോ ഡൈനാമിക് ശേഷിയും ഉയര്‍ന്ന മികച്ച പ്രകടനവുമാണ് ഈ പ്ലാറ്റ്‌ഫോം ഉറപ്പാക്കുന്നത്.
10.25 ഇഞ്ച് ഫ്ളോട്ടിങ് ഇൻഫൊടെയിൻമെന്റ് സ്‌ക്രീന്‍, 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ആട്ടോ ആപ്പിൾ കാർപ്ലേ, ഫിക്സ്ഡ് പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻ സീറ്റുകൾ എന്നിങ്ങനെ നീളുന്നു സവിശേഷതകൾ. സ്റ്റാൻഡേർഡായി ഏഴ് എയർബാഗുകൾ, അഡാസ് ലെവൽ-2, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിങ്ങനെ നീളുന്നു സുരക്ഷാ സംവിധാനങ്ങൾ.
ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡിയില്‍ നിന്ന് സോഴ്സ് ചെയ്യുന്ന 49 കിലോവാട്ട്, 61 കിലോവാട്ട് ശേഷിയിലുള്ള രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ-വിത്താര എത്തുന്നത്. എല്‍.എഫ്.പി.(ലിഥിയം അയേണ്‍ ഫോസ്ഫേറ്റ്) ബ്ലേഡ് ബാറ്ററിയാണ് ഇതില്‍ നല്‍കുന്നത്.
61 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് 500 കിലോമീറ്ററിലധികം റേഞ്ച് ലഭിക്കും. ഒരു ഓൾ വീൽ ഡ്രൈവും ഇതിൽ വരുന്നുണ്ട്. 49 കിലോവാട്ട് ബാറ്ററി പാക്ക് ഓപ്ഷന്‍ ഇ-വിത്താരയില്‍ 144 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ മോട്ടോറാണ് നല്‍കുന്നത്. 61 കിലോവാട്ട് ബാറ്ററി പാക്ക് വേരിയന്റില്‍ 174 ബി.എച്ച്.പി. പവറും 189 എന്‍.എം. ടോര്‍ക്കുമേകുന്ന മോട്ടോറും കരുത്തേകുന്നു.
Content Highlights: Upcoming car launches March 2025