ആഡംബരത്തിനൊപ്പം അഴകും; തലമുറമാറ്റത്തില്‍ തിളങ്ങി ടൊയോട്ടയുടെ അല്‍ഫാഡ്, വെല്‍ഫയര്‍ എം.പി.വികള്‍

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ വാഹന നിരയിലെ ആഡംബര എം.പി.വി. മോഡലുകളാണ് വെല്‍ഫയര്‍, അല്‍ഫാഡ് എന്നിവ. ആഡംബര വാഹന ശ്രേണിയില്‍ എത്തിയിട്ടുള്ള ഈ മോഡലുകളുടെ നാലാം തലമുറ പതിപ്പ് ആഗോള വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ടയുടെ ടി.എന്‍.ജി.എ-കെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി എത്തിയിട്ടുള്ള ഈ വാഹനങ്ങളുടെ ഡിസൈനിലും ഫീച്ചറുകളിലും ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് ഈ വരവില്‍ നല്‍കിയിട്ടുള്ളത്.
ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും വരുത്തിയ പുതുമകളാണ് അകത്തളത്തിനെ ആകര്‍ഷകമാക്കുന്നതെങ്കില്‍ ഡിസൈനില്‍ വരുത്തിയട്ടുള്ള മാറ്റങ്ങളാണ് പുറംമോടിയുടെ മാറ്റ് കൂട്ടുന്നത്. മുഖഭാഗം നിറയുന്ന ഗ്രില്ലാണ് രണ്ട് വാഹനത്തിലും നല്‍കിയിരിക്കുന്നത്. അല്‍ഫാഡില്‍ സെഗ്മെന്റഡ് ഫിനീഷ്ഡ് ഗ്രില്ലാണെങ്കില്‍ വെല്‍ഫയറില്‍ ഇത് ഹൊറിസോണ്ടലായാണ് നല്‍കിയിട്ടുള്ളത്. ബ്ലാക്ക് ഫിനീഷിങ്ങിലാണ് രണ്ട് മോഡലുകളുടെയും ഗ്രില്ല് ഒരുങ്ങിയിരിക്കുന്നത്. രണ്ട് മോഡലുകളിലേയും ഹെഡ്‌ലൈറ്റുകളുടെ ഡിസൈന്‍ സമാനമാണ്. ഡി.ആര്‍.എല്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അല്‍ഫാഡില്‍ രണ്ട് നിരയായി നല്‍കിയിട്ടുള്ള സെഗ്മെന്റഡ് ഡി.ആര്‍.എല്ലുകളാണ് നല്‍കിയിട്ടുള്ളതെങ്കില്‍ വെല്‍ഫയറില്‍ ഹെഡ്‌ലൈറ്റിന് താഴെയായി സിംപിള്‍ ആയ എല്‍.ഇ.ഡി. സ്ട്രിപ്പ് പോലെയാണ് ഡി.ആര്‍.എല്‍. നല്‍കിയിരിക്കുന്നത്. പിന്നിലെ ഡിസൈനിലേക്ക് വരുമ്പോള്‍ വെല്‍ഫയറാണ് സ്റ്റൈലിഷ്. അല്‍ഫാഡില്‍ പരമ്പരാഗത രീതിയിലുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ് നല്‍കിയിട്ടുള്ളപ്പോള്‍, രണ്ട് ലൈറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന എല്‍.ഇ.ഡി. സ്ട്രിപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളോടെയാണ് വെല്‍ഫയറിലെ ടെയ്ല്‍ലൈറ്റ് ഒരുങ്ങിയിട്ടുള്ളത്.
രണ്ട് വാഹനങ്ങളുടെയും ഇന്റീരിയര്‍ ഏകദേശം ഒരുപോലെയാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. വാഹനത്തിലെ ടച്ച് സ്‌ക്രീന്‍, ഇന്റീരിയര്‍ ലേഔട്ട് എന്നിവ സമാനമാണ്. സീറ്റുകളുടെ ഡിസൈനില്‍ മാററം വരുത്തിയതിനൊപ്പം രണ്ട് സീറ്റുകള്‍ക്ക് ഇടയിലെ സ്‌പേസ് അഞ്ച് മില്ലിമീറ്റര്‍ വര്‍ധിപ്പിക്കുകയും മൂന്നാം നിരയില്‍ 10 എം.എം. സ്‌പേസ് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഓട്ടോമാന്‍ സംവിധാനം ഉള്‍പ്പെടെ സീറ്റുകള്‍ കൂടുതല്‍ മികച്ചതാക്കാനുള്ള ഫീച്ചറുകള്‍ മുന്‍ മോഡലിലേതിന് സമാനമായാണ് നല്‍കിയിട്ടുള്ളത്.
സീറ്റുകളിലെ ഫീച്ചറുകള്‍ ഉപയോഗിക്കുന്നതിനായി ഓരോ സീറ്റുകളിലും കണ്‍ട്രോള്‍ പാനലുകള്‍ നല്‍കിയിട്ടുണ്ട്. അല്‍ഫാഡില്‍ സീറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യുന്നതിനും മറ്റ് ഫീച്ചറുകള്‍ ആക്‌സസ് ചെയ്യുന്നതിനുമായി ഒരു സ്‌ക്രീന്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കലി പ്രവര്‍ത്തിക്കുന്ന ഫുട്ട് സ്റ്റെപ്പ് രണ്ട് മോഡലുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കിയിട്ടുണ്ടെന്നതും ഈ വരവിലെ സവിശേഷതയാണ്. ആംബിയന്റ് ലൈറ്റിങ്ങ്, പുതിയ എയര്‍ കോണ്‍, പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
പെട്രോള്‍ എന്‍ജിനൊപ്പം ഹൈബ്രിഡ് സംവിധാനവും നല്‍കിയാണ് വെല്‍ഫയറും അല്‍ഫാഡും എത്തിയിരിക്കുന്നത്. ഇതിനൊപ്പം വെല്‍ഫയറിയില്‍ ഒരു 2.4 ലിറ്റര്‍ ടര്‍ബോ എന്‍ജിനും നല്‍കുന്നുണ്ട്. ഇത് ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളില്‍ എത്തും. ഇ-ഫോര്‍ ഓള്‍ വീല്‍ ഡ്രൈവിന് പുറമെ, രണ്ട് മോഡലുകളും ടൂ വീല്‍ ഡ്രൈവായും ഇത്തവണ എത്തിയിട്ടുണ്ട്. 2.5 ലിറ്റര്‍ എന്‍ജിനൊപ്പം രണ്ട് ഇലക്ട്രിക് മോട്ടോറും നല്‍കിയാണ് ഈ വാഹനങ്ങള്‍ എത്തുന്നത്. രണ്ട് എം.പി.വികളും പ്ലഗ് ഇന്‍ ഹൈബ്രിഡ് സംവിധാനത്തിലുമെത്തുമെന്നാണ് സൂചന.
Content Highlights: Toyota launch forth generarion model of vellfire and alphard mpv, Toyota luxury mpv