ഇന്നോവ ക്രിസ്റ്റ ഫാമിലി കൂടുതൽ വിശാലമാകുന്നു; ക്രിസ്റ്റയുടെ ‘ലിമോ’ പതിപ്പ് അവതരിപ്പിച്ച് ടൊയോട്ട

#Auto Desk
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമോ | Photo: Toyota
ടൊയോട്ട ഇന്നോവ ക്രിസ്റ്റ ലിമോ | Photo: Toyota

ടൊയോട്ട ഇന്നോവ ക്രിസ്റ്റ നിരയിലേക്ക് പുതിയ ഒരു വേരിയന്റ് കൂടി അവതരിപ്പിച്ചു നിർമാതാക്കൾ. ഇന്നോവ ക്രിസ്റ്റ ലിമോ എന്ന പേരിലാണ് പുതിയ പതിപ്പ് എത്തിച്ചിരിക്കുന്നത്. ഏഴ്, എട്ട് സീറ്റുകളിലായി ടാക്‌സി സർവീസുകൾക്കും ഫ്‌ളീറ്റ് ഓപ്പറേറ്റർമാർക്കുമുള്ള ഉപയോഗം ലക്ഷ്യമിട്ട് എത്തിച്ചിരിക്കുന്ന ലിമോ പതിപ്പിന് യഥാക്രമം 19.95 ലക്ഷം രൂപയും 19.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

ക്രിസ്റ്റ ലിമോ എന്ന പേര് മാത്രമാണ് ക്രിസ്റ്റയുടെ ജി.എക്‌സ് പതിപ്പിൽ നിന്ന് പുതിയ മോഡലിനെ വേറിട്ടതാക്കുന്നത്. മെക്കാനിക്കൽ സംവിധാനങ്ങളിലും വിലയിലും കാര്യമായ മാറ്റമില്ലാതെയാണ് ക്രിസ്റ്റ ലിമോ എത്തിയിരിക്കുന്നത്. ലിമോ പതിപ്പിലേക്ക് വരുമ്പോൾ ക്യാപ്റ്റൻ സീറ്റ് സംവിധാനം നൽകുന്നുണ്ടെന്നത് സവിശേഷതയാണ്. ഉപയോക്താക്കളുടെ ആവശ്യം അനുസരിച്ച് രണ്ട് സീറ്റിങ് ഓപ്ഷനുകളിലാണ് ഈ വാഹനം ലഭ്യമാകുന്നത്.

റെഗുലർ ഇന്നോവ ക്രിസ്റ്റയിൽ കരുത്തേകുന്ന 2.4 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എൻജിനാണ് ലിമോ എഡിഷനിലും കരുത്തേകുന്നത്. ഈ എൻജിൻ 150 പി.എസ്. പവറും 343 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് ക്രിസ്റ്റ നിരത്തുകളിൽ എത്തുന്നത്. ഏകദേശം 15 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ വാഹനത്തിന് നിർമാതാക്കൾ ഉറപ്പുനൽകുന്നത്.

നിലവിലെ ക്രിസ്റ്റയുടെ ഓണർഷിപ്പ് ഓഫറുകൾ ലിമോ പതിപ്പിനും ബാധകമാണെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. മൂന്ന് വർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്ററാണ് ഈ വാഹനത്തിന്റെ അടിസ്ഥാന വാറണ്ടി. ഇതിനുപുറമെ, ഉപയോക്താക്കൾക്ക് അഞ്ച് വർഷം അല്ലെങ്കിൽ രണ്ടുലക്ഷം കിലോമീറ്റർ വരെയുള്ള എക്‌സ്‌റ്റെൻഡഡ് വാറണ്ടിയും തിരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

Content Highlights: Toyota launched the Innova Crysta Limo primarily for taxi and fleet operators., Available in 7 and 8-seater configurations starting at Rs 19.95 lakh and Rs 19.99 lakh., Powered by the 2.4-litre diesel engine producing 150 PS power and 343 Nm torque., Comes with a standard warranty of 3 years or 100,000 km, with extended warranty options.