ഹൈലെക്‌സ് ആരാധകർ റെഡി ആയിക്കോ, തലമുറ മാറിയെത്തുന്നത് ഒന്നൊന്നര മൊതലാണ്; വീഡിയോ ടീസറുമായി ടൊയോട്ട

ടൊയോട്ടയുടെ പിക്ക് അപ്പ് ട്രക്ക് മോഡലായ ഹൈലെക്‌സിന്റെ പുതുതലമുറ മോഡൽ ഇന്ത്യൻ നിരത്തുകളിൽ എത്താനൊരുങ്ങുകയാണ്. ജൂലായ് 28-ന് അവതരിപ്പിക്കുന്ന ഈ വാഹനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ ടൊയോട്ട. തലമുറ മാറ്റത്തിന്റെ ഭാഗമായി വരുത്തിയിട്ടുള്ള ഡിസൈൻ മാറ്റങ്ങളെ കുറിച്ച് കൃത്യമായ സൂചന നൽകുന്ന ടീസറാണ് നിർമാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. നിലവിലെ ഹൈലെക്‌സിന് സമാനമായി ബോഡി ഓൺ ഫ്രെയിം ഐഎംവി പ്ലാറ്റ്‌ഫോമാലായിരിക്കും പുതുതലമുറ മോഡലും ഒരുങ്ങുക.
മുൻ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ബോൾഡ് ആയിട്ടുള്ള ഡിസൈനാണ് പുതിയ ഹൈലെക്സിൽ വരുത്തിയിരിക്കുന്നത്. ഹണി കോംമ്പ് ഡിസൈനിൽ ഒരുങ്ങിയിട്ടുള്ള ഗ്രില്ല്, ബ്ലാക്ക് സ്ട്രിപ്പിൽ ബന്ധിപ്പിച്ചിരിക്കുന്ന വീതി കുറഞ്ഞ എൽഇഡി ഹെഡ്ലാമ്പ്, മുന്നിൽ തന്നെ നൽകിയിട്ടുള്ള ഇൻഗ്ലാസ് ടൊയോട്ട ബാഡ്ജിങ്, മസ്‌കുലർ ബമ്പർ, സിൽവർ ഫിനീഷ് സ്‌കിഡ് പ്ലേറ്റ്, എൽഇഡി ഫോഗ്ലാമ്പ് തുടങ്ങിയവയാണ് ഈ വാഹനത്തിന്റെ മുന്നിൽ വരുത്തിയിട്ടുള്ള പുതുമകൾ.
മുൻ മോഡലുകളുടെ തുടർച്ച വശങ്ങളുടെ ഡിസൈനിൽ കാണാനാകും. പുറത്തേക്ക് തള്ളി നിൽക്കുന്ന വീൽ ആർച്ച്, ഫെൻഡറിൽ നൽകിയിട്ടുള്ള ബ്ലാക്ക് ബാഡ്ജിങ്, കറുപ്പ് നിറം നൽകിയിട്ടുള്ള ബി പില്ലറും വിൻഡോ ബോർഡറും അലോയി വീലുകൾ, എൽഇഡിയിൽ തീർത്തിരിക്കുന്ന സ്റ്റൈലിഷ് ടെയ്ൽ ലൈറ്റുകൾ, ഫുട്ട് സ്റ്റെപ്പ്, ടെയിൽ ഗേറ്റിലെ ടൊയോട്ട ബാഡ്ജിങ്, ഹാച്ച് ഡോറിൽ നൽകിയിട്ടുള്ള റിവേഴ്‌സ് ക്യാമറ എന്നിങ്ങനെ നീളുന്ന എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ള മറ്റ് അലങ്കാരപ്പണികൾ.
ലൈഫ് സ്‌റ്റൈൽ പിക്ക്അപ്പ് മോഡലിൽ പ്രതീക്ഷിക്കാത്ത ഫീച്ചറുകളാണ് ഹൈലെക്സ് എപ്പോഴും നൽകുക. ഇത്തവണയും അത് പ്രതീക്ഷിക്കാം. 12.3 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനായിരിക്കും ഇതിൽ നൽകുക. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സെന്റർ കൺസോളിൽ നൽകിയിട്ടുള്ള ഓൾ വീൽ ഡ്രൈവ് മോഡ് നോബ്, വയർലെസ് ചാർജിങ് പാഡ്, ലെതർ സീറ്റുകൾ തുടങ്ങിയവയും പ്രതീക്ഷിക്കാം.
പ്ലാറ്റ്‌ഫോമിൽ മാറ്റം വരുത്താതെയാണ് ഹൈലെക്‌സിന്റെ തലമുറ മാറ്റം. എന്നാൽ, മറ്റ് മെക്കാനിക്കൽ സംവിധാനങ്ങളെ കുറിച്ചുള്ള വിവരം ടൊയോട്ട പങ്കുവെച്ചിട്ടില്ല. മുൻ തലമുറ മോഡൽ ടൊയോട്ടയുടെ തന്നെ 2.8 ലിറ്റർ നാല് സിലണ്ടർ ഡീസൽ എൻജിനാണ് കരുത്തേകിയിരുന്നത്. 204 എച്ച്പി പവറും 420 എൻഎം ടോർക്കുമാണ് ഈ എൻജിൻ നൽകിയിരുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹൈലെക്‌സിൽ ട്രാൻസ്മിഷൻ ഒരുക്കുന്നത്.
Content Highlights: New Toyota Hilux 2026 officially teased ahead of July 28th launch., Features bold design updates including honeycomb grille and sleek LED headlamps., Interior upgrades include a 12.3-inch infotainment screen and digital instrument cluster., Retains the robust body-on-frame IMV platform., Expected to continue with powerful 2.8L diesel engine options.