ടെസ്‌ല സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വ്യവസായി; പോസ്റ്റിനോട് പ്രതികരിച്ച് ഇലോണ്‍ മസ്‌ക്

അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല കഴിഞ്ഞ ജൂലായിലാണ് ഇന്ത്യയില്‍ അവരുടെ ആദ്യ വാഹനം അവതരിപ്പിച്ചത്. മഹാരാഷ്ട്രയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇന്ത്യയിലെ ആദ്യ ടെസ്‌ല കാര്‍ ഉടമ. അതേസമയം, ഈ വാഹനം ആദ്യം വാങ്ങിയ വ്യവസായി ഐനോക്‌സ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സിദ്ധാര്‍ഥ് ജെയിന്‍ ആയിരുന്നു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ കുറിപ്പ് നിങ്ങൾക്കുള്ളതാണ്. ഇന്ത്യയിലെ വ്യവസായികളില്‍ ആദ്യമായി ഈ വാഹനം സ്വന്തമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് പങ്കുവെച്ച കുറിപ്പിനോട് നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് മസ്‌ക്. അഭിനന്ദനങ്ങള്‍ എന്ന കുറിപ്പ് ഉള്‍പ്പെടെ സിദ്ധാര്‍ഥ് ജെയിനിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്തായിരുന്നു മസ്‌കിന്റെ പ്രതികരണം.
2017-ല്‍ ടെസ്‌ലയുടെ ഫ്രീമോണ്ട് ഫാക്ടറി സന്ദര്‍ശിച്ചത് മുതല്‍ ഈ വിലയേറിയ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ട നിമിഷമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്. 28 മില്ല്യണ്‍ ആളുകളാണ് ഈ പോസ്റ്റ് ഇതിനകം കണ്ടുകഴിഞ്ഞിരിക്കുന്നത്. രണ്ടുലക്ഷത്തിലധികം ആളുകള്‍ പോസ്റ്റ് ലൈക്ക് ചെയ്യുകയും അയ്യായിരത്തില്‍ അധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് എത്തിയതെങ്കിലും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച സ്വീകാര്യത ടെസ്‌ലയുടെ വാഹനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നാണ് വിലയിരുത്തലുകള്‍. ഈ വര്‍ഷം 350-നും 500-നും ഇടയില്‍ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് അയക്കാനാണ് ടെസ്ല ഇപ്പോള്‍ പദ്ധതിയിടുന്നത്. ഇതിന്റെ ആദ്യ ഷിപ്പ്‌മെന്റ് ഈ മാസം ആദ്യം ഷാങ്ഹായില്‍നിന്ന് എത്തിയിരുന്നു. തുടക്കത്തില്‍ മുംബൈ, ഡല്‍ഹി, പുണെ, ഗുരുഗ്രാം എന്നിവിടങ്ങളില്‍ മാത്രമായിരിക്കും ഡെലിവറി.
Content Highlights: Tesla's India Debut: Business Tycoon Becomes First Owner, Musk Congratulates