റോഡ്സ്റ്ററിന്റെ ഇന്ത്യയിലെ ബുക്കിങ് തുടങ്ങി ടെസ്ല; ‘പറക്കുംകാർ’ ബുക്കുചെയ്യാൻതന്നെ കോടികൾ വേണ്ടിവരും

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടെസ്ല റോഡ്സ്റ്റർ എന്ന പെർഫോമെൻസ് ഇലക്ട്രിക് കാർ പുറത്തിറക്കിയത്. വാഹന ലോകത്തെ ഞെട്ടിക്കുന്ന ഫീച്ചറുകൾ ഉൾപ്പെടെ നൽകിയാണ് ഈ വാഹനം നിർമിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളിലും വാഹന ലോകത്തെ ചർച്ചകളിലും സജീവ സാന്നിധ്യമായി മാറിയ റോഡ്സ്റ്റർ ഇന്ത്യയിലേക്കും എത്തിക്കാനുള്ള നീക്കത്തിലാണ് നിർമാതാക്കളായ ടെസ്ല.
റോഡ്സ്റ്ററിനുള്ള ബുക്കിങ് ടെസ്ല ഇന്ത്യയിലും ആരംഭിച്ചതോടെയാണ് ഈ വാഹനം നമ്മുടെ നിരത്തുകളിലും എത്തുമെന്ന് ഉറപ്പായിരിക്കുന്നത്. റോഡ്സ്റ്ററിന്റെ പെർഫോമെൻസ് പതിപ്പിന് 50.06 ലക്ഷം രൂപയാണ് ബുക്കിങ്ങിനായി ഈടാക്കുന്നത്. അതേസമയം, പറക്കാൻ ശേഷിയുള്ള റോഡ്സ്റ്ററിന്റെ ത്രസ്റ്റ് എഡിഷൻ മോഡലിന്റെ ബുക്കിങ് തുക 2.50 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതിന്റെ വിതരണം എപ്പോഴാണെന്ന് ടെസ്ല വെളിപ്പെടുത്തിയിട്ടില്ല.
റോഡ്സ്റ്ററിനുള്ള ബുക്കിങ് തുക രണ്ട് ഘട്ടമായി നൽകുന്നതിനുള്ള സൗകര്യവും ടെസ്ല നൽകുന്നുണ്ട്. പെർഫോമെൻസ് മോഡൽ ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾ ആദ്യ ഗഡുവായി 5.01 ലക്ഷം രൂപയാണ് നൽകേണ്ടത്. ശേഷിക്കുന്ന 45.05 ലക്ഷം രൂപ അടുത്ത പത്ത് ദിവസത്തിനുള്ളിലാണ് നൽകേണ്ടത്. ത്രസ്റ്റ് പതിപ്പിന്റെ ബുക്കിങ്ങും സമാനമായ രീതിയിലാണ്. ആദ്യ ഗഡു 5.01 ലക്ഷം രൂപ തന്നെയാണ്. രണ്ടാമത്തെ ഗഡു 2,45,24,000 രൂപ പത്ത് ദിവസത്തിനുള്ളിൽ നൽകണം.
റോഡ്സ്റ്റർ പെർഫോമെൻസ് പതിപ്പ് ഒരു ടൂ സീറ്റർ വാഹനമായാണ് ഒരുക്കിയിരിക്കുന്നത്. ആക്ടീവ് എയറോഡൈനാമിക്സും കൂടുതൽ ഡൗൺഫോഴ്സ് ഉണ്ടാക്കാനും ടയർ ഗ്രിപ്പ് ഉറപ്പാക്കാനും സഹായിക്കുന്നതിനുള്ള മൾട്ടി-മോഡ് സക്ഷൻ സിസ്റ്റവും നൽകിയിട്ടുണ്ട്. റേസ്-റെഡി, ലിമിറ്റഡ്-അവൈലബിലിറ്റി കോൺഫിഗറേഷൻ എന്ന് നിർമാതാക്കളായ ടെസ്ല വിശേഷിപ്പിച്ചിരിക്കുന്ന ആക്സിലറേഷൻ ത്രസ്റ്ററുകൾ കൊണ്ടാണ് ത്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.
റോഡ്സ്റ്റർ എന്ന പെർഫോമെൻസ് വാഹനത്തിന്റെ ഡിസൈൻ എസ്.ആർ-71, എഫ്-35 എന്നീ വിമാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർവഹിച്ചിരിക്കുന്നതെന്നാണ് ടെസ്ല അവകാശപ്പെടുന്നത്. കൂടാതെ ഈ വാഹനത്തിൽ സ്പേസ് എക്സിന്റെ ഘടകങ്ങളും നൽകിയിട്ടുണ്ടെന്നും ടെസ്ല പറയുന്നു. കോക്പിറ്റ് മാതൃകയിലുള്ള റോഡ്സ്റ്ററിന്റെ ക്യാബിനിൽ മാത്രമല്ല, സാങ്കേതിക സംവിധാനങ്ങളിലും എയറോസ്പേസ് സ്വാധീനമുണ്ട്.
Content Highlights: Tesla Roadster bookings are officially open in India., Performance model booking amount is Rs 50.06 lakh while the Thrust Edition is Rs 2.50 crore., Features aerospace-inspired design and SpaceX components with flying capabilities., Two-seater performance electric vehicle with active aerodynamics and suction system.