മോട്ടോര്‍ മാറിയത് 14 തവണ; 19 ലക്ഷം കിലോമീറ്റര്‍ ഓടി ടെസ്‌ല മോഡല്‍ എസ് ഇലക്ട്രിക് കാര്‍

വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ സിംഹഭാഗത്തിനും ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളെ പൂര്‍ണമായും വിശ്വാസമായിട്ടില്ല. ബാറ്ററിക്ക് കേടുപാട് സംഭവിച്ചാല്‍ ഭാരിച്ച പണച്ചെലവ് ഉണ്ടാകും ഇലക്ട്രിക് മോട്ടോറിന് തകരാറുണ്ടായാല്‍ മാറ്റിസ്ഥാപിക്കുന്നത് സാധ്യമാണോ, ദീര്‍ഘദൂര യാത്രകള്‍ക്ക് യോജിക്കുമോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ആളുകളെ ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് അകറ്റുന്നത്. എന്നാല്‍, ഇത്തരം ആശങ്കകളില്‍ ഒന്നും യാതൊരു കഴമ്പുമില്ലെന്ന് തെളിയിക്കുകയാണ് ജര്‍മന്‍ പൗരനായ ഹാന്‍യോര്‍ഗ് വോണ്‍ ജെമ്മിങ്.
തന്റെ ഇലക്ട്രിക് കാറായ ടെസ്‌ല മോഡല്‍ എസ് വാഹനത്തില്‍ 1.2 മില്ല്യണ്‍ മൈലാണ് (19 ലക്ഷം കിലോമീറ്ററാണ്) അദ്ദേഹം ഇതുവരെ സഞ്ചരിച്ചത്. 2014 മുതല്‍ 2023 വരെയുള്ള ഒമ്പത് വര്‍ഷത്തിനുള്ളിലാണ് അദ്ദേഹം 19 ലക്ഷം കിലോമീറ്റര്‍ ഇലക്ട്രിക് വാഹനത്തില്‍ സഞ്ചരിച്ചത്. ജര്‍മനിക്ക് പുറമെ, അദ്ദേഹം വിവിധ വിദേശ രാജ്യങ്ങളിലേക്കും ഈ ടെസ്‌ല കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നാണ് വിവരം. ടൊയോട്ടയുടേത് ഉള്‍പ്പെടെയുള്ള ഐസ് എന്‍ജിന്‍ വാഹനങ്ങള്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചത് കണ്ടിട്ടുണ്ടെങ്കിലും ഇലക്ട്രിക് വാഹനങ്ങളില്‍ ഇത് അപൂര്‍വ്വമാണ്.
2014-ലാണ് ഹാന്‍യോര്‍ഗ് ടെസ്‌ല മോഡല്‍ എസ് കാര്‍ സ്വന്തമാക്കുന്നത്. മുമ്പ് ടെസ്‌ലയുടെ റോഡ്‌സ്റ്റര്‍ എന്ന മോഡല്‍ ഉപയോഗിച്ചിട്ടുള്ള അദ്ദേഹം 30,000 കിലോമീറ്റര്‍ സഞ്ചരിച്ചിട്ടുള്ള സെക്കന്റ് ഹാന്‍ഡ് മോഡല്‍ എസ് ആണ് വാങ്ങിയത്. എന്നാല്‍, മോട്ടോറിനുള്ള തകരാര്‍ ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയ വാഹനത്തിനും നേരിട്ടിരുന്നു. പിന്നിലെ ആക്‌സിലില്‍ നല്‍കുന്ന ഇലക്ട്രിക് മോട്ടോറാണ് പലപ്പോഴായി കേടുവന്നിട്ടുള്ളത്. അദ്ദേഹത്തിന് വാഹനം ലഭിച്ചപ്പോള്‍ ഉണ്ടായിരുന്ന മോട്ടോര്‍ ഉള്‍പ്പെടെ 14 തവണാണ് അദ്ദേഹം മോട്ടോര്‍ മാറ്റിവെച്ചത്.
ഇലക്ട്രിക് മോട്ടോര്‍ മാറ്റുന്നതിന്റെ ചെലവ് കുറയ്ക്കുന്നതിനായി റീഫര്‍ബിഷ്ഡ് മോട്ടോറുകളാണ് പലതവണയും നല്‍കിയിരുന്നത്. എന്നാല്‍, മോട്ടോറുകള്‍ക്ക് തകരാര്‍ സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്താന്‍ ടെസ്‌ലയ്ക്ക് പോലും സാധിച്ചിരുന്നില്ല. 14 തവണ ബാറ്ററി മാറ്റിയതില്‍ മിക്കതും വാറണ്ടിയുടെ അടിസ്ഥാനത്തില്‍ മാറ്റിവെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ചിലത് സ്വന്തം ചെലവിലാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു. മോട്ടോറിന് പുറമെ, ഈ വാഹനത്തിലെ ബാറ്ററി പാക്ക് നാല് തവണയാണ് മാറ്റിയിരിക്കുന്നത്.
ഈ കാറില്‍ ലോകം ചുറ്റണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. സ്വന്തം രാജ്യത്തെ യാത്രകള്‍ക്ക് പുറമെ, ചൈന, ആഫ്രിക്ക, സ്വീഡന്‍, ആഫ്രിക്ക, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിലേക്കും അദ്ദേഹം ടെസ്‌ല മോഡല്‍ എസുമായി യാത്ര ചെയ്തിട്ടുണ്ട്. വളരെ ചിട്ടയായാണ് അദ്ദേഹം ഈ വാഹനം ഉപയോഗിക്കുന്നത് ദീര്‍ഘദൂര യാത്രകളിലും ഒരോ 100 കിലോമീറ്ററിലും അദ്ദേഹം വാഹനത്തിന് കൃത്യമായ വിശ്രം നല്‍കാറുണ്ട്. ഇങ്ങനെ ഉപയോഗിച്ചതിനാലാണ് 19 ലക്ഷം കിലോമീറ്റര്‍ ഈ വാഹനം കരുത്തോടെ ഓടിയതെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നാലമത്തെ ബാറ്ററി പാക്കാണ് ഇപ്പോള്‍ ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇതിനോടകം ഈ ബാറ്ററി ഉപയോഗിച്ച് 1.5 ലക്ഷം കിലോമീറ്റര്‍ ഓടികഴിഞ്ഞെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ചാര്‍ജിങ്ങ് കപ്പാസിറ്റി എട്ട് ശതമാനത്തോളം കുറഞ്ഞതായാണ് കാണിക്കുന്നത്. ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ കാണുമ്പോള്‍ ചാര്‍ജ് ചെയ്യുന്ന കീഴ്‌വഴക്കം അദ്ദേഹത്തിനില്ല. ബാറ്ററിയിലെ ചാര്‍ജ് 20 ശതമാനത്തില്‍ എത്തിയ ശേഷം മാത്രമാണ് ചാര്‍ജ് ചെയ്യാനിടുന്നത്. വാഹനം പത്ത് ലക്ഷം കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ടെസ്‌ലയുടെ മേധാവി ഇലോണ്‍ മസ്‌ക്, ഹാന്‍യോര്‍ഗ് വോണ്‍ ജെമ്മിങ്ങിനെ ആദരിച്ചിരുന്നു.
Content Highlights: Tesla model S electric car cover 19 lakhs kilometers in 9 years, Tesla Model S Electric Car