നാലുവര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യം; ടെസ്‌ലയുടെ അദ്ഭുതവാഹനം സൈബര്‍ ട്രക്ക് നിരത്തിലേക്ക്

.
.

സൈബര്‍ ട്രക്ക് എന്ന സ്വപ്‌നതുല്യമായ ഒരു വാഹന കണ്‍സെപ്റ്റ് 2019-ലാണ് ഇലക്ട്രിക് വാഹനങ്ങളിലെ അതികായരായ ടെസ്‌ല ലോകത്തിന് മുന്നില്‍ പ്രദര്‍ശനത്തിനെത്തിച്ചത്. കോവിഡ് മഹാരാമാരി ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഈ വാഹനത്തിന്റെ വരവിനെ നീട്ടികൊണ്ട് പോയെങ്കിലും നാല് വര്‍ഷങ്ങള്‍ക്കിപ്പുറം നവംബര്‍ 30-ന് ടെസ്‌ല സൈബര്‍ ട്രക്കിന്റെ പ്രൊഡക്ഷന്‍ പതിപ്പ് എത്തുകയാണ്. വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെ ഇനിയും കാത്തിരുത്താതെ അവതരണദിനം തന്നെ വിതരണവും ആരംഭിക്കുമെന്നാണ് വിവരം. 

വാഹനം മുന്‍കൂട്ടി ബുക്കുചെയ്തതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഏതാനും ഉപയോക്താക്കള്‍ക്കായിരിക്കും സൈബര്‍ ട്രക്ക് നല്‍കുകയെന്നാണ് സൂചനകള്‍. സൈബര്‍ ട്രക്കിന്റെ ആദ്യ യൂണിറ്റ് നിര്‍മാണം പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് ടെസ്‌ല പങ്കുവെച്ചിരുന്നു. യു.എസ്. ടെക്സസിലെ ജിഗാ ഫാക്ടറിയില്‍ നിന്നാണ് ഈ വാഹനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരിക്കുന്നത്. നവംബര്‍ 30-ന് വാഹനം അവതരിപ്പിക്കുന്നതും ആദ്യ വിതരണവും ഈ പ്ലാന്റില്‍ വെച്ചായിരിക്കും നടക്കുക.

കണ്‍സെപ്റ്റ് മോഡലില്‍ ഉള്‍പ്പെടെ അദ്ഭുതപ്പെടുത്തുന്ന ഫീച്ചറുകളുമായാണ് സൈബര്‍ ട്രക്ക് എത്തിയത്. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞ് തുറക്കുന്ന സംവിധാനമാണ് ഇതില്‍ പ്രധാനം. ടെസ്ലയുടെ മോഡല്‍ എക്‌സില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്. ഉടമയിലെ ഫോണിലെ ടെസ്ല ആപ്പില്‍ നല്‍കിയിട്ടുള്ള കീ സംവിധാനത്തിലൂടെയാണ് ഇതിന്റെ പ്രവര്‍ത്തനം. ഫോണ്‍ വാഹനത്തിന് അടുത്ത് എത്തുന്നതോടെ സെന്‍സര്‍ സംവിധാനത്തിന്റെ സഹായത്തോടെ ഡോര്‍ ഓപ്പണ്‍ ആകുമെന്നാണ് സൂചനകള്‍.

സൈബര്‍ ട്രക്കിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ ഇലോണ്‍ മസ്‌ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 810 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. സൈബര്‍ ട്രക്കിന്റെ 810 കിലോമീറ്റര്‍ റേഞ്ച് മോഡലിന് ട്രിപ്പിള്‍ മോട്ടോര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണുള്ളത്. 14,000 പൗണ്ടാണ് ഇതിന്റെ ഭാരവാഹക ശേഷി. വെറും 2.9 സെക്കന്‍ഡില്‍ ഈ മോഡല്‍ പൂജ്യത്തില്‍നിന്ന് 60 മൈല്‍ വേഗതയിലെത്തും. മണിക്കൂറില്‍ പരമാവധി 210 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും പിക്കപ്പ് ട്രക്കിന് സാധിക്കും. 

2024 ആകുന്നതോടെ സൈബര്‍ ട്രക്കിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങളാണ് ടെസ്‌ല ആലോചിക്കുന്നത്. പ്രതിവര്‍ഷം 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം യൂണിറ്റിന്റെ വരെ വില്‍പ്പനയാണ് സൈബര്‍ ട്രക്കിലൂടെ ടെസ്ല ലക്ഷ്യമിടുന്നത്. നിര്‍മാണം പൂര്‍ണതോതില്‍ എത്തിയാല്‍ ഇത് സാധ്യമാകുമെന്നാണ് ടെസ്ലയുടെ പ്രതീക്ഷകള്‍. നിര്‍മാണം പൂര്‍ത്തിയാക്കിയ വാഹനത്തിന്റെ പൂര്‍ണ ചിത്രം ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല. വലിപ്പമുള്ള വിന്‍ഡ് ഷീല്‍ഡ്, ഗ്ലാസ് റൂഫ്, ട്രക്ക് ബെഡ്, വിന്‍ഡ് ഷീല്‍ഡ്, റിയര്‍വ്യൂ മിറര്‍ തുടങ്ങിയവയാണ് ചിത്രത്തില്‍ കാണിച്ചിരുന്നത്.

Content Highlights: Tesla Cyber Truck to be launched on November 30, Tesla Cyber Truck, Tesla Electric Vehicle