എൻട്രി ലെവൽ കാറിലാണോ ഈ കാണുന്ന സംവിധാനങ്ങൾ? വീണ്ടും വീണ്ടും ഞെട്ടിച്ച് പുതിയ ടാറ്റ ടിയാഗോ

#Auto Desk
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കാനൊരുങ്ങുന്ന പുതിയ ടിയാഗോ | Photo: Tata Motors
ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കാനൊരുങ്ങുന്ന പുതിയ ടിയാഗോ | Photo: Tata Motors

ന്ത്യയിലെ ജനപ്രിയ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ എൻട്രി ലെവൽ വാഹനമായ ടിയാഗോയുടെ പുതിയ പതിപ്പ് നിരത്തുകളിൽ എത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. വാഹനത്തിന്റെ ഡിസൈനും ഇതിലെ ഫീച്ചറുകളും വെളിപ്പെടുത്തി വാഹനപ്രേമികളെ ഞെട്ടിച്ച നിർമാതാക്കൾ ഏറ്റവുമൊടുവിൽ ഇതിൽ നൽകിയിട്ടുള്ള ഒരു സെഗ്മെന്റ് ഫസ്റ്റ് ഫീച്ചർ കൂടി പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്.

ടിയാഗോ ഉൾപ്പെടുന്ന ഹാച്ച്ബാക്ക് ശ്രേണിയിലെ മറ്റൊരു എതിരാളിക്കും അവകാശപ്പെടാനില്ലാത്ത പാഡിൽ ഷിഫ്‌റ്റേഴ്‌സ് എന്ന ഫീച്ചറാണ് ടാറ്റ മോട്ടോഴ്‌സ് ഏറ്റവും ഒടുവിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ടിയാഗോയുടെ സിഎൻജി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മോഡലിലാണ് പാഡിൽ ഷിഫ്‌റ്റേഴ്‌സ് നൽകിയിരിക്കുന്നത്. പെട്രോൾ മോഡലിൽ നിന്ന് സിഎൻജി പതിപ്പിൽ അധികമായി നൽകിയിട്ടുള്ള ഫീച്ചർ ഇത് മാത്രമാണെന്നാണ് സൂചന.

പെട്രോൾ പതിപ്പിൽ നൽകിയിരിക്കുന്ന ഫ്രീ സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഇൻസ്ട്രുമെന്റ് ക്ലെസ്റ്ററും സിഎൻജി മോഡലിലും കൊണ്ടുവന്നിട്ടുണ്ട്. പുഷ് സ്റ്റാർട്ട് ബട്ടൺ, ഡ്രൈവർ സെലക്ടർ നോബ്, സിഎൻജി സ്വിച്ച് തുടങ്ങിയവയാണ് അധികമായി നൽകിയിരിക്കുന്നത്. ടിയാഗോയുടെ സിഎൻജി മോഡലിൽ മുമ്പ് കണ്ടിട്ടുള്ള ഡ്യുവൽ സിലിണ്ടർ സംവിധാനം പുതിയ മോഡലിലേക്കും പറിച്ചുനട്ടിരിക്കുന്നു. 360 ഡിഗ്രി ക്യാമറയും ഈ വരവിലെ പുതുമയാണ്.

ടിയാഗോയുടെ പെട്രോൾ, ഇലക്ട്രിക്, സിഎൻജി പവർ ട്രെയിനുകളിലുള്ള പതിപ്പുകളാണ് വരവിന് ഒരുങ്ങിയിരിക്കുന്നത്. മെയ് 28-ന് അവതരിപ്പിക്കുന്ന പുതിയ ടിയാഗോയുടെ ഡിസൈനും ഫീച്ചറുകളും വെളിപ്പെടുത്തിയുള്ള വീഡിയോ ഏതാനും ദിവസങ്ങൾ മുമ്പാണ് ടാറ്റ മോട്ടോഴ്‌സ് പങ്കുവെച്ചിരുന്നത്. ഡിസൈനിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ പോലും ഈ വാഹനം എതിരാളികളെക്കാൾ ഒരുപടി മുന്നിലാണെന്ന് തെളിയിക്കുന്നു. ഫീച്ചറുകളുടെ എണ്ണത്തിലും ടിയാഗോ സെഗ്മെന്റിൽ ഒന്നാമനാണ്.

വാഹനത്തിൽ അടിമുടി മാറ്റം വരുത്തിയപ്പോഴും മെക്കാനിക്കലായുള്ള മാറ്റത്തിന് ടാറ്റ മോട്ടോഴ്‌സ് മുതിർന്നിട്ടില്ല. നിലവിലെ മോഡലിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ നാച്വറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനായിരിക്കും പുതിയ ടിയാഗോയുടെ ഹൃദയം. 86 എച്ച്പി പവറും 113 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്ന കരുത്ത്. പുതിയ പതിപ്പിലും സിഎൻജി ഉൾപ്പെടുത്തുന്നുണ്ട്. 75.5 എച്ച്പി പവറും 96.5 എൻഎം ടോർക്കുമാണ് സിഎൻജി മോഡലിന്റെ കരുത്ത്.

Content Highlights: Segment-first paddle shifters introduced in CNG automatic variant, Features include 360-degree camera and dual-cylinder CNG technology, Launch scheduled for May 28, 2026, Retains reliable 1.2L naturally aspirated petrol engine, Premium interior updates including push-start button and new infotainment system