സുരക്ഷയ്ക്ക് മറ്റൊരു തെളിവ്; സിയേറയ്ക്ക് മുകളിലേക്ക് കണ്ടെയ്‌നർ, പരിക്ക് കൂടുതൽ കണ്ടെയ്‌നറിന്

#Auto Desk
സിയേറയ്ക്ക് മുകളില്‍ കണ്ടെയ്‌നര്‍ വീണുണ്ടായ അപകടം | Photo: Instagram/editerup20
സിയേറയ്ക്ക് മുകളില്‍ കണ്ടെയ്‌നര്‍ വീണുണ്ടായ അപകടം | Photo: Instagram/editerup20

ഇന്ത്യൻ വാഹന നിർമാതാക്കളിൽ സുരക്ഷയുടെ കാര്യത്തിൽ എന്നും ഒരുപടി മുന്നിലാണ് ടാറ്റയുടെ ഓരോ മോഡലും. പുതിയ വാഹനങ്ങളിലെ സുരക്ഷ ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നതിനായി വ്യത്യസ്തമായ പരീക്ഷണങ്ങളും ടാറ്റ നടത്താറുണ്ട്. എന്നാൽ, യാതൊരു പരീക്ഷണങ്ങളുമില്ലാതെ നടുറോഡിൽ വെച്ച് ടാറ്റയുടെ വാഹനത്തിന്റെ സുരക്ഷ ഒരിക്കൽ കൂടി ഉറപ്പിച്ചിരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ.

ടാറ്റയുടെ വാഹന നിരയിലെ മിഡ്‌സൈസ് എസ്‌യുവി മോഡലാണ് കരുത്ത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നത്. ഒരു കണ്ടെയ്‌നർ ലോറിയാണ് സിയേറയുടെ മുകളിലേക്ക് ചരിഞ്ഞു വീണത്. എന്നാൽ, വളരെ ചെറിയ ചളുക്കുകളും കണ്ടെയ്‌നറിന്റെ പെയ്ന്റ് വാഹനത്തിലായതും മാത്രമാണ് സിയേറയ്ക്ക് ഏറ്റ പരിക്ക്. താരതമ്യേന കൂടുതൽ കേടുപാടുകൾ സംഭവിച്ചിരിക്കുന്ന കണ്ടെയ്‌നറിലാണ്. വലിയ തോതിൽ അത് ചളുങ്ങിയിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

സിയേറയുടെ റൂഫിന്റെയും പില്ലറുകളുടെയും ഷേപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്നും മുന്നിലെയും വശങ്ങളിലെയും ഗ്ലാസുകൾക്ക് കേടുപാട് സംഭവിച്ചിട്ടില്ലെന്നും വീഡിയോയിൽ കാണാം. വാഹനത്തിലെ ഡ്രൈവറിനും പരിക്ക് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സൈഡ് റിയർ വ്യൂ മിററിൽ മാത്രമാണ് ചെറിയ തോതിൽ കേടുപാട് സംഭവിച്ചതായി കാണുന്നത്. ഉത്തരാഖണ്ഡ് രജിസ്‌ട്രേഷനിലുള്ള സിയേറയിലേക്കാണ് കണ്ടെയ്‌നർ ലോറി മറിഞ്ഞിരിക്കുന്നത്.

സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരവധി ഫീച്ചറുകൾ നൽകിയിട്ടുള്ള വാഹനമാണ് ടാറ്റയുടെ സിയേറ എന്ന മിഡ്-സൈസ് എസ്‌യുവി. ഇലക്ട്രിക്, ഐസ് പവർട്രെയിനുകളിൽ എത്തുന്ന ഈ എസ്‌യുവി, ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ മുതിർന്നവർക്ക് സുരക്ഷയൊരുക്കുന്നതിൽ 32-ൽ 31.14 പോയിന്റും കുട്ടികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ 49-ൽ 44.73 പോയിന്റും നേടി ഫൈവ് സ്റ്റാർ റേറ്റിങ്ങാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ആറ് എയർബാഗ്, അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്) തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും ഈ വാഹനത്തിൽ നൽകിയിട്ടുണ്ട്. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് സിയേറയുടെ ഇ.വി. എത്തുന്നത്. 665 കിലോമീറ്റർവരെ റേഞ്ചും ഈ വാഹനത്തിന് ഉറപ്പുനൽകുന്നുണ്ട്. രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമാണ് സിയേറയുടെ ഐ.സി.ഇ. പതിപ്പുകൾ നിരത്തുകളിൽ എത്തുന്നത്.

Content Highlights: A container lorry fell on top of a Tata Sierra mid-size SUV in a real-road incident., The vehicle sustained only minor scratches and paint marks, while the container suffered major damage., Roof, pillars, and glass remained intact with no injuries reported to the driver., Tata Sierra holds a 5-star rating in Bharat NCAP crash tests.