സിയേറ ഹിറ്റായി, ഇനി ഇലക്ട്രിക്കിലേക്കുള്ള മാറ്റം; സിയേറ EV-യുടെ വരവിന് സമയം കുറിച്ച് ടാറ്റ

#Auto Desk
Tata
Tata

ടാറ്റ മോട്ടോഴ്‌സിന്റെ വാഹന നിരയിലെ ലേറ്റസ്റ്റ് സൂപ്പർ ഹിറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന വാഹനമാണ് സിയേറ എന്ന മിഡ് സൈസ് എസ്‌യുവി. പെട്രോൾ-ഡീസൽ എൻജിനുകളിൽ എത്തി നിരത്തുകളിൽ നിലയുറപ്പിച്ച ഈ വാഹനം ഇലക്ട്രിക് കരുത്തിൽ കൂടി എത്താനൊരുങ്ങുകയാണ്. സിയേറ ഇവി എന്ന പേരിൽ ഒരുങ്ങിയിരിക്കുന്ന ഈ വാഹനം ജൂൺ 30-ന് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളിലെ ഫ്ളാഗ്ഷിപ്പ് മോഡലായ ഹാരിയർ ഇവിക്ക് താഴെയായിരിക്കും സിയേറ ഇലക്ട്രിക്കിന്റെ സ്ഥാനം. ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതി സുസുക്കി ഇ-വിത്താര, മഹീന്ദ്ര ബിഇ6 തുടങ്ങിയ വാഹനങ്ങളുമായായിരിക്കും സിയേറ ഇവി വിപണിയിൽ ഏറ്റുമുട്ടുക. ടാറ്റയുടെ സാനന്ദിലെ പ്ലാന്റിൽ റെഗുലർ സിയേറ വാഹനങ്ങൾക്കൊപ്പമായിരിക്കും ഇലക്ട്രിക് പതിപ്പുകളും നിർമിക്കുകയെന്നാണ് റിപ്പോർട്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നത് ഒഴിച്ചുനിർത്തിയാൽ റെഗുലർ സിയേറയ്ക്ക് സമാനമായ ഡിസൈനിൽ തന്നെയായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുക. ക്ലോസ്ഡ് ഗ്രില്ല്, സ്പ്ലിറ്റ് ഹെഡ്ലാമ്പ്, വീതിയേറിയ എൽഇഡി ഡിആർഎൽ, എന്നിവ ഇലക്ട്രിക്കിലും നൽകും. ICE പതിപ്പുമായി ഇന്റീരിയർ ഫീച്ചറുകൾ പങ്കിട്ടായിരിക്കും സിയേറ ഇവിയും എത്തുക. ഉയർന്ന വേരിയന്റുകളിൽ മൂന്ന് സ്‌ക്രീനുകളും താഴ്ന്ന വേരിയന്റിൽ രണ്ട് സ്‌ക്രീനും ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇലക്ട്രിക് പതിപ്പിൽ നൽകും.

ഫീച്ചറുകളും ഡിസൈനും സംബന്ധിച്ച സൂചനകളും അഭ്യൂഹങ്ങളും ഉയരുമ്പോഴും മെക്കാനിക്കൽ ഫീച്ചറുകളിൽ സസ്പെൻസ് നിലനിർത്താൻ നിർമാതാക്കൾ ശ്രമിക്കുന്നുണ്ട്. സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ്, ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് പതിപ്പുകളിൽ സിയേറ ഇവി ലഭ്യമാകും. ഒന്നിലധികം ബാറ്ററി പാക്ക് ഓപ്ഷനുകളിലും സിയേറയുടെ ഇലക്ട്രിക് പതിപ്പ് എത്തും. ഹാരിയറിലെ 65kWh, 75kWh ബാറ്ററി പാക്കുകളായിരിക്കും ഇതിൽ നൽകുകയെന്നും സൂചനയുണ്ട്.

നിലവിൽ ICE പതിപ്പായാണ് സിയേറ എത്തുന്നത്. സ്മാർട്ട് പ്ലസ്, പ്യുവർ, പ്യുവർ പ്ലസ്, അഡ്വഞ്ചർ, അഡ്വഞ്ചർ പ്ലസ്, അക്കംപ്ലീഷ്ഡ്, അക്കംപ്ലീഷ്ഡ് പ്ലസ് എന്നിങ്ങനെ ഏഴ് വേരിയന്റുകളിൽ എത്തുന്ന സിയേറയ്ക്ക് 11.49 ലക്ഷം രൂപയിലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 1.5 ലിറ്റർ ക്രെയോജെറ്റ് ഡീസൽ എൻജിനിലും 1.5 ലിറ്റർ ഹൈപ്പീരിയോൺ പെട്രോൾ എൻജിനിലുമാണ് ഈ മോഡൽ എത്തുന്നത്. ആറ് സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവൽ എന്നിവയാണ് ഈ എൻജിനുകൾക്കൊപ്പം നൽകിയിട്ടുള്ള ട്രാൻസ്മിഷൻ.

Content Highlights: Tata Sierra EV official launch date confirmed for June 30., Available in single-motor RWD and dual-motor AWD configurations., Expected battery options include 65kWh and 75kWh packs., Direct competition with Hyundai Creta EV and Maruti Suzuki eVX., Maintains design language of the ICE Sierra with EV-specific exterior tweaks.