മുഖംമിനുക്കൽ തുടരും; അരങ്ങേറ്റത്തിന് മുമ്പ് പഞ്ച് ഇവിയുടെ പുതിയ മോഡൽ വെളിപ്പെടുത്തി ടാറ്റ

#Auto Desk
മുഖംമിനുക്കിയെത്തുന്ന ടാറ്റ പഞ്ച് ഇവി | Photo: Tata Motors
മുഖംമിനുക്കിയെത്തുന്ന ടാറ്റ പഞ്ച് ഇവി | Photo: Tata Motors

ന്ത്യൻ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സിന് തലയുയർത്തി നിൽക്കാനുള്ള സഹചര്യം ഒരുക്കിയ വാഹനങ്ങളിൽ ഒന്നാണ് പഞ്ച് എസ്‌യുവി. പെട്രോൾ, സിഎൻജി, ഇലക്ട്രിക് പവർട്രെയിനുകളിൽ എത്തുന്ന ഈ വാഹനം ഇപ്പോൾ മുഖംമിനുക്കലിലൂടെയാണ് കടന്നുപോകുന്നത്. പെട്രോൾ, സിഎൻജി മോഡലുകൾ മുഖംമിനുക്കി എത്തിയതോടെ ഇനിയുള്ള ഊഴം ഇലക്ട്രിക് പഞ്ചിനാണ്. ടാറ്റ മോട്ടോഴ്‌സ് നൽകുന്ന വിവരം അനുസരിച്ച് പഞ്ച് ഇവിയുടെ പുതിയ പതിപ്പ് ഫെബ്രുവരി 20-ന് വിപണിയിൽ എത്തും.

പുതുതലമുറ വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിലാണ് പഞ്ച് ഇവി ആദ്യം തന്നെ എത്തിയത്. അതുകൊണ്ടുതന്നെ ഈ മുഖംമിനുക്കൽ ടാറ്റയെ സംബന്ധിച്ച് ഏറെ സങ്കീർണമാണ്. വളരെ ചുരുക്കം മിനുക്കുപണികളും പുത്തൻ നിറങ്ങളും മാത്രമായിരിക്കും എക്സ്റ്റീരിയറിൽ വരുത്തുന്ന പുതുമയെന്നാണ് സൂചന. എയറോ ഒപ്റ്റിമൈസ്ഡ് അലോയി വീലുകളായിരിക്കും പ്രധാന പുതുമ, സൺലിറ്റ് യെല്ലോ നിറത്തിനൊപ്പം ബ്ലാക്ക് റൂഫ് നൽകുന്ന ഡ്യുവൽ ടോൺ പെയിന്റ് സ്‌കീമിലും പുതിയ പഞ്ച് നിരത്തുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

പഞ്ച് ഇലക്ട്രിക്കിന്റെ റിയർ ഡിസൈൻ സംബന്ധിച്ച വിവരം ടാറ്റ പുറത്തുവിട്ടിട്ടില്ല. റെഗുലർ പതിപ്പിൽ നൽകിയിട്ടുള്ള കണക്ടഡ് ലൈറ്റ് ഇവിയിലും നൽകിയേക്കുമെന്നാണ് പ്രതീക്ഷ. ഇന്റീരിയറിലെ മാറ്റങ്ങളും വളരെ പരിമിതമാണ്. 12.3 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നെക്‌സോൺ ഇവിയിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ സപ്പോർട്ട് എന്നിവയാണ് അകത്തളത്തിൽ വരുത്തുന്ന പുതുമ. സ്റ്റിയറിങ് വീൽ, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ക്ലൈമറ്റ് കൺട്രോൾ പാനൽ തുടങ്ങിയവയുടെ ഡിസൈൻ മുൻ മോഡലിലേത് തുടരും.

10.25 ഇഞ്ച് വലിപ്പമുള്ള ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, വെന്റിലേറ്റഡ് സംവിധാനമുള്ള മുൻനിര സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, 360 ഡിഗ്രി ക്യാമറ, ഓട്ടോ ഡിമ്മിങ് ഐആർവിഎം, കണക്ടഡ് കാർ ഫീച്ചറുകൾ, ആംബിയന്റ് ലൈറ്റിങ് എന്നീ ഫീച്ചറുകളും പഞ്ചിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. സുരക്ഷ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ലെവൽ ടു അഡാസ് സംവിധാനവും പഞ്ച് ഇവിയിൽ നൽകിയിട്ടുണ്ട്.

മെക്കാനിക്കൽ സംവിധാനങ്ങളിൽ മാറ്റം വരുത്തിയേക്കില്ലെന്നാണ് വിലയിരുത്തൽ. ഒറ്റത്തവണ ചാർജിൽ 265 കിലോമീറ്റർ റേഞ്ച് ഉറപ്പാക്കുന്ന 25 കിലോവാട്ട് ബാറ്ററി പാക്കും 365 കിലോമീറ്റർ റേഞ്ച് നൽകുന്ന 35 കിലോവാട്ട് ബാറ്ററി പാക്കുമായിരിക്കും പഞ്ചിലുണ്ടാകുക. 25 കിലോവാട്ട് പതിപ്പിൽ 82 എച്ച്പി പവറും 114 എൻഎം ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും 35 കിലോവാട്ട് പതിപ്പിൽ 122 എച്ച്പി പവറും 190 എൻഎം ടോർക്കുമേകുന്ന മോട്ടോറുമാണ് പ്രവർത്തിക്കുന്നത്.

Content Highlights: Get ready for the new Tata Punch EV facelift! Discover updated design, new features like a 12.3-inch infotainment, and ADAS. Launching Feb 20